ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പു പറയുംവരെ സഭ നടത്താൻ അനുവദിക്കില്ലെന്നു പ്രതിപക്ഷം. ദുർഗാ ദേവിയെയും മഹിഷാസുരനെയും കുറിച്ചുള്ള പരാമർശത്തിലാണ് പ്രതിപക്ഷം സ്മൃതി ഇറാനിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. അതേസമയം, തന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും മാപ്പു പറയുന്നില്ലെന്നും സ്മൃതി ഇറാനി പ്രതികരിച്ചു.

സ്മൃതി ഇറാനി മാപ്പു പറയണമെന്ന് കോൺഗ്രസാണ് ആവശ്യപ്പെട്ടത്. എന്നാൽ, ദുർഗാ ദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖ ജെഎൻയുവിൽ നിന്നാണ് ലഭിച്ചതെന്നാണു സ്മൃതി ഇറാനി അവകാശപ്പെട്ടത്. രേഖകളിൽ പറയുന്ന കാര്യങ്ങളാണ് താൻ പറഞ്ഞത്. ഈ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും പരാമർശത്തിൽ മാപ്പ് പറയില്ലെന്നും സ്മൃതി ഇറാനി സഭയിൽ പറഞ്ഞു.

അതിനിടെ, ദൈവനിന്ദയുള്ള പരാമർശങ്ങൾ ഉണ്ടെങ്കിൽ പരിശോധിച്ചു നീക്കം ചെയ്യുമെന്ന് ചെയറിലുണ്ടായിരുന്ന പി ജെ കുര്യൻ അറിയിച്ചു. കഴിഞ്ഞ ദിവസവും സഭയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മന്ത്രി ഏറെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. രാഷ്ട്രീയ ആയുധമാക്കി രോഹിത് വെമുലയെ ഉപയോഗിക്കുകയായിരുന്നുവെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ജെ.എൻ.യു വിദ്യാർത്ഥികളുടെ ദുർഗാദേവി അധിക്ഷേപം എന്ന് ആരോപിച്ച് ചില പോസ്റ്ററുകളിലെ വാക്യങ്ങൾ വായിച്ചതും രോഹിത് വെമുലയുടെ മരണം സംബന്ധിച്ച് നടത്തിയ വിവാദ പരാമർശവുമാണ് സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധമുയരാൻ കാരണമായത്.

കേന്ദ്രമന്ത്രിയെന്ന നിലയിൽ പാർലമെന്റിൽ നിരുത്തരവാദപരമായ പെരുമാറ്റമാണ് സ്മൃതി ഇറാനിയുടെ ഭാഗത്തു നിന്നുണ്ടായതെന്നു പ്രതിപക്ഷം ആരോപിച്ചു. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ രോഹിതിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടറേയും പൊലിസിനേയും അടക്കം ആരെയും രോഹിതിന്റെ മുറിയിലേയ്ക്ക് വിദ്യാർത്ഥികൾ പ്രവേശിപ്പിച്ചില്ലെന്നും സ്മൃതി ഇറാനി പാർലമെന്റിൽ പറഞ്ഞിരുന്നു. ആരാണ് രോഹിത് മരിച്ചതായി സ്ഥിരീകരിച്ചതെന്നും സ്മൃതി സഭയിൽ കഴിഞ്ഞ ദിവസം ചോദിച്ചു. എന്നാൽ മന്ത്രിയുടെ ആരോപണം ഹൈദരാബാദ് സർവകലാശാലയിലെ ചീഫ് മെഡിക്കൽ ഓഫീസർ തള്ളിക്കളഞ്ഞിരുന്നു. മന്ത്രി പറഞ്ഞത് വാസ്തവവിരുദ്ധമാണെന്നും ഡോ. രാജശ്രീ മൽപ്പത്ത് വ്യക്തമാക്കി. സ്മൃതി ഇറാനി കള്ളം പറയുകയാണെന്ന് വീഡിയോ സഹിതം ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥികളും ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവുമായി താനും സംസാരിച്ചെന്നും ഇക്കാര്യം ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലെന്നും മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞു. താൻ തന്റെ ഉദ്യോഗസ്ഥരെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്നും സ്മൃതി പറഞ്ഞിരുന്നു. തന്നെ 'പഠിപ്പില്ലാത്ത മന്ത്രിയെന്ന്' വിളിച്ചവരുണ്ട്. ദളിതർ പ്രതിപക്ഷത്തിന്റെ ഭക്ഷണമായി മാറിയിരിക്കുകയാണ്. താൻ വെറുതെയിരുന്ന് കത്തുകൾ എഴുതുകയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. എ.ബി.വി.പിക്ക് പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്നും വൻ പ്രതിപക്ഷ ഒച്ചപ്പാടിനിടെ സ്മൃതി പറഞ്ഞു. ഇതിനിയൊണ് ജെ.എൻ.യുവിൽ ദുർഗാ ദേവിയെ അപമാനിക്കുന്ന ലഘുലേഖ വിതരണം നടന്നിട്ടുണ്ടെന്ന സ്മൃതിയുടെ പ്രസ്താവന സഭയെ പ്രക്ഷുബ്ധമാക്കിയത്. 'മഹിഷാസുര രക്തസാക്ഷി ദിനാചരണം' ജെ.എൻ.യുവിൽ നടന്നെന്ന് വ്യക്തമാക്കുന്ന ലഘുലേഖ അവർ വായിക്കാൻ ആരംഭിച്ചതോടെ ചർച്ചയുടെ ഗൗരവത്തെ ഇല്ലാതാക്കാനാണ് സ്മൃതിയുടെ ശ്രമമെന്നും 'ദുർഗ്ഗമഹിഷാസുര' ലഘുലേഖ ഇവിടെ ആവർത്തിക്കാൻ ശ്രമിക്കുന്നതെന്തിനാണെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ ചോദിച്ചു. ബഹളം രൂക്ഷമായതിനെ തുടർന്ന് സഭ നിർത്തിവയ്ക്കുകയായിരുന്നു.

വെമുല, ജെ.എൻ.യു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽ നടക്കുന്ന പുതിയ സംഭവവികാസങ്ങൾ പരിശോധിക്കുന്നതിന് പ്രത്യേക സഭാസമിതി രൂപീകരിക്കണമെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. മതേതര ജനാധിപത്യ പരമാധികാര രാഷ്ട്രത്തെ പൗരോഹിത്യ- ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രമാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും യെച്ചൂരി ആരോപിച്ചു.