ന്യൂഡൽഹി: ക്രൈസ്തവരും മുസ്ലിംങ്ങളും രാമന്റെ മക്കളാണെന്ന് കേന്ദ്രമന്ത്രി നിരഞ്ജൻ ജ്യോതിയുടെ പരാമർശത്തിന്റെ പ്രതിഷേധം അടങ്ങും മുമ്പ് വിവാദം തീർത്ത് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പരാമർശം. ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കുമെന്ന വിവാദ പരാമർശമാണ് വിവാദത്തിലായത്. സുഷമയുടെ പരാമർശത്തിന് പിന്നാലെ പ്രതിഷേധവുമായി പാർലമെന്റിൽ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.

ചെങ്കോട്ടയിൽ ഗീതാ പ്രേരണ മഹോത്സവത്തിൽ സംസാരിക്കവെയായിരുന്നു സുഷമയുടെ വിവാദ പരാമർശം. ഭഗവത് ഗീത നൽകുന്ന ആശയങ്ങൾ ഉൾകൊണ്ട് പ്രവർത്തിക്കുന്നതിനാലാണ് വിദേശ കാര്യ മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതല നൽകുന്ന വെല്ലുവിളികൾ സധൈര്യം നേരിടാൻ തനിക്ക് കഴിയുന്നതെന്ന് സുഷമ സ്വരാജ് പറഞ്ഞു. സെപ്റ്റംബറിൽ അമേരിക്ക സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ബാരക് ഒബാമക്ക് ഗീത സമ്മാനമായി നൽകിയതോടെ ദേശീയ ഗ്രന്ഥമെന്ന സ്ഥാനം വിശുദ്ധ പുസ്തകം നേടി കഴിഞ്ഞു. ഭഗവത് ഗീതയിലെ രണ്ട് ശ്ലോകം വീതം ഓരോ ദിവസവും വായിക്കാൻ കഴിഞ്ഞാൽ ജീവിത വീക്ഷണം തന്നെ മാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

ഇന്നലെ നടത്തിയ പരാമർശം ഇന്ന് പാർലമെന്റിനെ ചൂടുപിടിപ്പിച്ചു. സുഷമ സ്വരാജ് ഇന്ത്യൻ ഭരണഘടനയെ മാനിക്കണമെന്ന് ബി.എസ്‌പി അധ്യക്ഷ മായാവതി പ്രതികരിച്ചു. ഇന്ത്യയിൽ വേറെയും മതങ്ങളുണ്ടെന്ന് അവർ മനസിലാക്കണം. ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമാക്കിയാൽ മറ്റു മതത്തിൽപ്പെട്ടവരും തങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങൾ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് അവകാശപ്പെടുമെന്നും മായാവതി പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിലെ മതേതരത്വത്തെ ദോഷകരമായി ബാധിക്കുമെന്ന് സിപിഐ നേതാവ് ഡി.രാജ പ്രതികരിച്ചു. ഗീത ഒരു വിഭാഗം ജനങ്ങൾക്കു മാത്രമാണ് വിശുദ്ധ ഗ്രന്ഥമായിട്ടുള്ളത്. മോദി സർക്കാർ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെന്ന് പി.എം.കെ നേതാവ് രാംദാസ് കുറ്റപ്പെടുത്തി. സുഷമ സ്വരാജിന്റെ പ്രസ്താവനയോട് യോജിക്കുന്നതായി ശിവ സേന എംപി ആനന്ദ് ഗീഥെ അറിയിച്ചു. ഗീത ദേശീയ ഗ്രന്ഥമാക്കി പരിഗണിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി പ്രസ്താവനയിൽ തെറ്റില്‌ളെന്നും ഭഗവദ് ഗീത സംബന്ധിച്ച് ഒരു ചർച്ച ഉയർന്നു വരേണ്ടതുണ്ടെന്നും ബിജെപി വക്താവ് മുഖ്താർ അബ്ബാസ് നഖ്വി പ്രതികരിച്ചു. നേരത്തെ സുഷമ സ്വരാജിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് തൃണമുൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഇന്ത്യ മതേതര രാഷ്ട്രമാണെന്നും ഭരണഘടനയാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥമെന്നും തൃണമൂൽ നേതാക്കൾ ചൂണ്ടിക്കാട്ടി. ഭഗവത് ഗീതയുടെ ഉള്ളടക്കമാണ് പ്രധാനമെന്നും ഗീത ഗൗരവത്തോടെ പാരായണം ചെയ്ത് അർഥം മനസിലാക്കിയ ഒരു വ്യക്തിക്കും ഇത്തരത്തിൽ സങ്കുചിതമായ ഒരു പ്രസ്താവന നടത്താൻ കഴിയില്ലെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു.