- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം സാക്ഷ്യം വഹിക്കുന്നത് ഇടത് സർക്കാരിനെതിരായ അതിരൂക്ഷമായ പ്രക്ഷോഭ സമരത്തിന്; മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു, എംഎസ്എഫ്, യുവമോർച്ച, യൂത്ത് കോൺഗ്രസ്, മഹിളാമോർച്ച തുടങ്ങിയ സംഘടനകൾ തെരുവിൽ; പലയിടങ്ങളിലും പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി; സത്യാഗ്രഹ സമരവുമായി യുഡിഎഫും; സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാൻ ആണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ കേരളം അത് പൊറുക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; ഇടത് കേന്ദ്രങ്ങൾക്ക് ആശ്വാസമായി ഇ.ഡിയുടെ വെളിപ്പെടുത്തലും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. സംസ്ഥാന വ്യാപകമായി പ്രതിപക്ഷം നടത്തിയ പ്രതിഷേധ സമരങ്ങളെ പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചതോടെ കേരളത്തിലെ പ്രധാന തെരുവുകളിലെല്ലാം ഇന്ന് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. കെ.എസ്.യു, എംഎസ്എഫ്, യുവമോർച്ച, യൂത്ത് കോൺഗ്രസ്, മഹിളാമോർച്ച എന്നീ സംഘടനകളുടെ പ്രതിഷേധങ്ങൾ കൂടാതെ യുഡിഎഫും സമരവുമായി രംഗത്തെത്തുകയായിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. പലയിടത്തും പൊലീസ് ലാത്തിവീശി. എംഎൽഎമാരായ ഷാഫി പറമ്പിൽ, ശബരീനാഥ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിനു നേരെ കല്ലുകളും കമ്പുകളും വലിച്ചെറിഞ്ഞു. എംഎൽഎമാരായ ഷാഫി പറമ്പിൽ, ശബരീനാഥ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രകോപനമില്ലാതെ ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു, പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് ഒരുവിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരം ജില്ല പഞ്ചായത്തിന് മുന്നിൽ യുഡിഎഫ് സത്യാഗ്രഹം സംഘടിപ്പിച്ചു. സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാൻ ആണ് സർക്കാർ ശ്രമിക്കുന്നത് എങ്കിൽ കേരളം അത് പൊറുക്കില്ലെന്നും സത്യാഗ്രഹം ഉദ്ഘാടം ചെയ്തു കൊണ്ടു മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതികളെ ഏത് സാഹചര്യത്തിൽ ആണ് തുടരെ തുടരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് എന്ന് സർക്കാർ വിശദീകരണം നൽകണം. തുടർച്ചായിയ ആശുപത്രിയിൽ നിർത്താൻ തക്ക അസുഖങ്ങൾ അവർക്ക് ഇല്ല എന്നാണ് കിട്ടിയ വിവരമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.ടി.ജലീൽ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടെ പ്രവർത്തകർ വയനാട് - കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. ഇവരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കെഎസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് നിഹാൽ അടക്കം പത്ത് പേർക്ക് പരിക്കേറ്റു. വയനാട് കളക്റ്റ്രേറ്റിക്ക് കെഎസ്.യു നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചത് തിരക്കിന് ഇടയാക്കി. ബാരിക്കേഡ് മറികടന്നു വന്ന പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചു. ഇതു സംഘർഷത്തിന് കാരണമായി. പത്തനംതിട്ട കളക്റ്റ്രേറ്റിലേക്കും കെഎസ്യു പ്രവർത്തകർ മാർച്ച് നടത്തി.
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങാതെ വന്നതോടെ പൊലീസ് വീണ്ടും ലാത്തിവീശി. തുടർന്ന് കൂടുതൽ പ്രവർത്തകരെത്തി റോഡ് ഉപരോധിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. പി നന്ദകുമാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. യുവമോർച്ച പ്രവർത്തകരെ കള്ളകേസ്റ്റിൽ കുടുക്കുന്നു എന്ന് ആരോപിച്ചു കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കും മാർച്ച് നടന്നു.
പാപ്പിനിശ്ശേരിയിലെ മന്ത്രി ഇ.പി.ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തി. മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തുകൊണ്ട് പോയ വാഹനത്തിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. സെക്രട്ടേറിയേറ്റിലേക്ക് ജനതാദൾ നടത്തിയ മാർച്ചിൽ ജലീലിന്റെ കോലം കത്തിച്ചു. ഇതേതുടർന്ന് പൊലീസ് ലാത്തി വീശി.
സ്വർണകടത്തുകേസിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ മഹിളാമോർച്ചയും എബിവിപിയും നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കണയന്നൂർ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ച് മഹാരാജാസ് കോളേജിന് മുന്നിൽ പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരെ ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് നെരിട്ടത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
അതിനിടെ, മന്ത്രി കെടി ജലിലിനെ ചോദ്യം ചെയ്തത് സ്വത്തുവിവരം സംബന്ധിച്ച പരാതിയിലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇക്കാര്യത്തിൽ മന്ത്രിയുടെ വിശദീകരണം തൃപ്തികരമാണെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ പറഞ്ഞു. ഈ പരാതിയിൽ ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട കാര്യമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുഎഇ കോൺസുലേറ്റ് വഴി റംസാൻ കിറ്റും ഖുറാനും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രധാനമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി തന്നോട് വിശദീകരണം തേടിയതെന്ന് ജലീൽ കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെടി ജലിലിന്റെ മൊഴിയെടുത്തത്. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടാണ് ഇഡി ജലീലിനെ ചോദ്യം ചെയ്തതെന്ന് പ്രതിപക്ഷപാർട്ടികൾ ആരോപിച്ചിരുന്നു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ ഇഡി അനൗദ്യോഗികമായി വ്യക്തത വരുത്തിയിരിക്കുന്നത്.
സ്വർണക്കടത്ത് പ്രതികൾ എൻഐഎ കസ്റ്റഡിയിൽ
സ്വർണക്കടത്തുകേസിലെ പ്രതികളെ ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. സ്വപ്ന സുരേഷ് ഒഴികെ നാലു പ്രതികളെയാണ് എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടത്. സന്ദീപ് നായർ, മുഹമ്മദ് അലി, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ എന്നീ പ്രതികളെയാണ് എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച വരെയാണ് പ്രതികളെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എൻഐഎ കോടതിയെ സമീപിച്ചത്.
അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ഹർജിയിൽ ആവശ്യപ്പെട്ടത്. സ്വപ്നയുടെയും സന്ദീപിന്റെയും പക്കൽനിന്നു മാത്രം 2 ടിബി ഡാറ്റ, ചാറ്റുകൾ ഡിലീറ്റ് ചെയ്തതു തിരിച്ചെടുത്തുവെന്ന് എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്വപ്നയുടെയും സന്ദീപിന്റെയും ഫോണിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ഇരുപത്തിയാറു പേരിൽനിന്നായി 40 ഡിജിറ്റൽ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. വാട്ട്സ് ആപ്പ്, ടെലിഗ്രാം എന്നിവ വഴിയായിരുന്നു പ്രതികളുടെ ആശയ വിനിമയം. ഈ സന്ദേശങ്ങൾ തിരിച്ചെടുത്തു പരിശോധിച്ചതായി എൻഐഎ അറിയിച്ചു.
മറുനാടന് ഡെസ്ക്