തിരുവനന്തപുരം: ബാലാവകാശകമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമർശനം നേരിട്ട മന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ മൂന്നാം ദിവസമാണ് നിയമസഭയിൽ പ്രതിപക്ഷ ബഹളം നടക്കുന്നത്. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.

സഭ ചേർന്നയുടൻ, ആരോഗ്യ മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്‌ളക്കാർഡുകളും ബാനറുകളും ഉയർത്തി പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയായിരുന്നു.

അഗംങ്ങളോട് ശാന്തരാവാൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല. തുടർന്ന് ബാനറുകളുമായി സഭയുടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്വജനപക്ഷപാതം നടത്തിയ മന്ത്രി ശൈലജ രാജിവയ്ക്കുക എന്നെഴുതിയ ബാനറുകളുമായായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

അതേസമയം, പാർട്ടിയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ വിമർശനമുണ്ടെന്നാണ് അറിയുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ.സുധീർ ബാബുവിനെ തൽസ്ഥാനത്തുനിന്നു മാറ്റിയേക്കും. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലും ബാലാവകാശ കമ്മിഷൻ നിയമനത്തിലും പ്രതിരോധത്തിലായ മന്ത്രിയെ രക്ഷിക്കാൻ തൽക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാമെന്നാണു സി.പി.എം ഉന്നതരുടെ തീരുമാനം. ആരോഗ്യ സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥരും അയക്കുന്ന ഫയലുകൾ കൃത്യമായി പരിശോധിച്ചു സർക്കാർ താൽപര്യത്തിന് അനുസൃതമായി മാറ്റം വരുത്തുന്നതിലും മന്ത്രിയെ കാര്യങ്ങൾ അത്തരത്തിൽ ബോധ്യപ്പെടുത്തുന്നതിലും ഇദ്ദേഹം വീഴ്ച വരുത്തിയെന്നാണു പാർട്ടിയുടെ വിലയിരുത്തൽ.

ഹൈക്കോടതിയിൽനിന്നു പ്രതികൂല പരാമർശം ഏറ്റുവാങ്ങിയ മന്ത്രി ശൈലജ രാജിവയ്ക്കണമെന്ന ആവശ്യവുമായി അഞ്ചു പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചതു സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇ.പി.ജയരാജൻ വിഷയത്തിലും ശൈലജയുടെ വിഷയത്തിലും ഇരട്ട നീതിയാണു നടപ്പാക്കുന്നതെന്ന ആക്ഷേപവും സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്. ഈ പശ്ചാത്തലത്തിൽ തൽക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാനാണു സർക്കാരിന്റെയും പാർട്ടിയുടെയും ആലോചന

അതേസമയം, ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി വീശി. നിയമസഭയിലേക്ക് വരുന്ന വഴി മാസ്‌കോട്ട് ഹോട്ടലിന് മുന്നിൽ വച്ചായിരുന്നു പ്രതിഷേധം. കോടതിയുടെ വിമർശം ഏറ്റുവാങ്ങിയ ശൈലജ രാജിവയ്ക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വാശ്രയ മെഡിക്കൽ പ്രവേശനം, ബാലാവകാശ കമ്മീഷൻ നിയമനം എന്നീ വിഷയങ്ങളിൽ കോടതിയുടെ വിമർശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളും വിവാദങ്ങങ്ങളും സഭയിൽ ചർച്ചയായിരിക്കെ ഒരു ദിവസം മുന്നെ നിയമസഭ പിരിയുമെന്നാണ് വിവരങ്ങൾ. വ്യാഴാഴ്ചയാണ് സഭ പിരിയേണ്ടത്.