കൊക്കയാറിൽ ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവർത്തനം നടന്നില്ല; ദുരന്ത നിവാരണം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരളം നാലു വർഷം തുടർച്ചയായി പ്രകൃതി ദുരന്തങ്ങൾക്കിരയായിട്ടും ദുരന്ത നിവാരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 2018 ലെ മഹാപ്രളയകാലത്തുള്ള അതേ ദുരന്ത നിവാരണ സംവിധാനങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. ദുരന്ത നിവാരണവും ദുരന്ത ലഘൂകരണവും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ സർക്കാർ തികഞ്ഞ പരാജയമായി മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോട്ടയം ഇടുക്കി ജില്ലകളിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ സംവിധാനങ്ങളിലെ അപര്യാപ്തത നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രധാകൃഷ്ണൻ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട്, ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മുന്നറിയിപ്പ് സംവിധാനം ശക്തമാക്കി. എന്നാൽ കേരളത്തിലെ ദുരന്ത നിവാരണ അഥോറിറ്റി ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. അഥോറിറ്റിയിലെ ഏക വിദഗ്ധൻ ദുരന്ത സമയത്ത് പോലും കേരളത്തിലുണ്ടായിരുന്നില്ല. 2018 ലെ പ്രളയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് എന്തു രക്ഷാ സംവിധാനമാണ് സർക്കാർ ഒരുക്കിയത്? മുഖ്യമന്ത്രിക്ക് കീഴിലുള്ള ശാസ്ത്ര സാങ്കേതിക കൗൺസിൽ അതിതീവ്ര മഴയും മണ്ണിടിച്ചിലും പ്രളയവും നിയന്ത്രിക്കുന്നതിനാവാശ്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലെ ഏതെങ്കിലും ഒരു ശിപാർശ നടപ്പിലാക്കിയോ? നടപ്പാക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് കമ്മിറ്റികൾ രൂപീകരിക്കുകയും റിപ്പോർട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നത്?
ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സമഗ്രമായ ഏകോപനമാണ് വേണ്ടത്. ഒരോ ജില്ലകളിലെയും വ്യത്യസ്തമായ സാഹചര്യങ്ങൾക്ക് അനുസരിച്ച് വികേന്ദ്രീകൃതമായി വേണം ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം ഉൾപ്പെടെയുള്ള ഏജൻസികൾ ഒക്ടോബർ 12 ന് മഴ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഒരു മുന്നറിയിപ്പും കിട്ടിയില്ലെന്നാണ് ദുരന്ത നിവാരണ അഥോറിറ്റി പറയുന്നത്. ഒക്ടോബർ 14 ന് തൃശൂർ കളക്ടർ ജില്ലയിൽ മൂന്നു ദിവസം അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. പിന്നെ എന്തുകൊണ്ടാണ് ദുരന്ത നിവാരണ അഥോറിറ്റിയിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഈ മുന്നറിയിപ്പുകളൊന്നും കാണാതെ പോയത്?
കൊക്കയാറിൽ ദുരന്തമുണ്ടായി ആദ്യ ദിവസം ഒരു രക്ഷാപ്രവർത്തനവും നടന്നില്ല. രക്ഷാ പ്രവർത്തനങ്ങൾക്ക് മാർഗരേഖ പോലുമില്ലാത്ത ഏക സംസ്ഥാനമാണ് കേരളം. പ്രകൃതി ദുരന്തങ്ങളെ തടഞ്ഞു നിർത്താനാകില്ല. എന്നാൽ ആഘാതം ലഘൂകരിക്കാനാകും. നദികളിൽ വെള്ളം നിറഞ്ഞാൽ ഏതൊക്കെ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമെന്നു മുൻകൂട്ടി മനസിലാക്കാനുള്ള മാപ്പ് പോലും തയാറാക്കിയിട്ടില്ല. 2009 ൽ സെസ് പുറത്തിറക്കിയ മാപ്പിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അഥോറിറ്റി ഇപ്പോഴും പ്രവർത്തിക്കുന്നത്. 2018 ൽ പശ്ചിമഘട്ട മേഖലയിലെ ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ ഉണ്ടായതിനു പിന്നാലെ 233 ക്വാറികൾക്കാണ് അനുമതി നൽകിയത്. ലൈസൻസ് പോലുമില്ലാത്ത ആറായിരത്തോളം ക്വാറികളാണ് സംസ്ഥാനത്തുള്ളത്. ക്വാറികൾ നിയന്ത്രിക്കാൻ അതിശക്തമായ ഇടപെടൽ നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ