ദേശീയ-സംസ്ഥാന ഹൈവേകളോട് ചേർന്ന് കിടക്കുന്ന 14 കണ്ണായ സ്ഥലങ്ങളിൽ വഴിയോരവിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാൻ പൊതുസ്വത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്നു; മുഖ്യമന്ത്രി ഈ തീരുമാനമെടുത്തത് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പദ്ധതി നിർദ്ദേശം തള്ളിക്കൊണ്ട്; തീരുമാനം എടുത്തത് ഡിസംബറിൽ ചേർന്ന യോഗത്തിൽ; റവന്യു വകുപ്പിനെ മറികടന്നാണ് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയതെന്നും ചെന്നിത്തല; സർക്കാരിനെതിരെ നിയമസഭയിൽ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ നിയമസഭയിൽ പുതിയ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലുള്ള നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേകളോട് ചേർന്ന് കിടക്കുന്ന, 14 കണ്ണായ സ്ഥലങ്ങളിൽ, വഴിയോരവിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുസ്വത്ത് സ്വകാര്യ കുത്തകകൾക്ക് പൊതുമരാമത്ത് വകുപ്പ് തീറെഴുതിയെന്ന് അദ്ദേഹം ആരോപിച്ചു.
പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പദ്ധതി നിർദ്ദേശം തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സ്വകാര്യ വ്യക്തികൾക്ക് ഈ സ്ഥലം നൽകാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ചേർന്ന യോഗത്തിലെ തീരുമാനം അനുസരിച്ചാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒരേക്കറിൽ അധികം സ്ഥലത്തായി വിശ്രമകേന്ദ്രം നിർമ്മിക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ മാർക്കറ്റ് വിലയുടെ 5% പാട്ട തുകയായി നൽകാം എന്നു പറഞ്ഞപ്പോൾ, ഭൂമിയുടെ ന്യായവിലയുടെ 5% ഈടാക്കി സ്വകാര്യ വ്യക്തികൾക്കു പാട്ടത്തിനു സ്ഥലം നൽകാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. പൊതുമേഖല സ്ഥാപനം നൽകാമെന്നേറ്റ തുകയുടെ പകുതി നിരക്കിലാണ് സ്വകാര്യ വ്യക്തികൾക്ക് സ്ഥലം പാട്ടത്തിനു നൽകാൻ തീരുമാനിച്ചത്. എന്നാൽ, ധനകാര്യവകുപ്പ് ഇടപെട്ട് അത് വീണ്ടും മാർക്കറ്റ് വിലയുടെ 5% ആക്കിയെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാർ ഭൂമി തുച്ഛമായ വിലയ്ക്കു പാട്ടത്തിനു നൽകാൻ റവന്യൂവകുപ്പിനെ മറികടന്നാണ് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കിയത്. ഇത് സംബന്ധിച്ച ഫയൽ റവന്യൂവകുപ്പിന്റെ അഭിപ്രായത്തിന് അയച്ചപ്പോൾ, ഉത്തരവ് പുറപ്പെടുവിക്കേണ്ടത് റവന്യൂ വകുപ്പാണെന്നു റവന്യൂ മന്ത്രി കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഈ കുറിപ്പ് അവഗണിച്ചാണ് പൊതുമരാമത്ത് സെക്രട്ടറി ഉത്തരവിറക്കിയത്. റവന്യൂ മന്ത്രിയുടെ കുറിപ്പിനെ ധിക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് ആരാണ് അധികാരം നൽകിയതെന്നു ചെന്നിത്തല ചോദിച്ചു.
രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ച അഴിമതി ആരോപണം
കോവിഡിന്റെ മറവിൽ ഈ സർക്കാർ നടത്തിയ കൊള്ളയുടേയും അഴിമതിയുടേയും മറ്റൊരു സംഭവമാണ് ഈ സഭയുടെ മുമ്പാകെ ഞാൻ ഉന്നയിക്കുന്നത്. കേരളത്തിലുള്ള നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേകളോട് ചേർന്ന് കിടക്കുന്ന, 14 കണ്ണായ സ്ഥലങ്ങളിൽ, വഴിയോരവിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുസ്വത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്നതിന് വേണ്ടിയാണ് പൊതുമരാമത്ത് വകുപ്പ് 23.07.2020 ലെ GO MS No: 56/2020/PWD എന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന്റെ പിന്നിൽ നടന്ന അന്തർനാടകങ്ങൾ ഈ സഭയും കേരളീയ പൊതുസമൂഹവും അറിയേണ്ടതാണെന്ന് ഞാൻ കരുതുന്നു.
ഒരേക്കറിൽ അധികം സ്ഥലം വീതം പതിനാല് സ്ഥലങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ടെണ്ടർ വിളിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ അനുമതി നൽകിയിരിക്കുന്നത്.
28/12/2019 ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം ആയിട്ടാണ് പൊതുമരാമത്ത് വകുപ്പ് ഈ ക്രമവിരുദ്ധമായ ഉത്തരവ് ഇറക്കിയത്. ഏറ്റവും ഗുരുതരമായ കാര്യം, പൊതുമേഖലാ സ്ഥാപനമായ, Indian Oil Corporation ന്റെ പ്രൊപ്പൊസൽ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സ്വകാര്യ വ്യക്തികൾക്ക് ഈ സ്ഥലം നൽകാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. Indian Oil Corporation മാർക്കറ്റ് വിലയുടെ 5 ശതമാനം പാട്ട തുകയായി നൽകാം എന്ന് പറഞ്ഞപ്പോൾ, അത് വേണ്ട എന്ന് തീരുമാനിക്കുകയും, ഫെയർ വാല്യൂവിന്റെ അഞ്ച് ശതമാനം ഈടാക്കി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് സ്ഥലം നൽകാൻ ആണ് മുഖ്യമന്ത്രി ഉത്തരവ് ഇട്ടത്. അതായത് പൊതുമേഖല സ്ഥാപനം ക്വോട്ട് ചെയ്ത തുകയുടെ പകുതി നിരക്കിൽ ആണ് സ്വകാര്യ വ്യക്തികൾക്ക് സ്ഥലം പാട്ടത്തിന് നൽകാൻ മുഖ്യമന്ത്രി തീരുമാനിക്കുന്നത്. എന്നാൽ ധനകാര്യവകുപ്പ് ഇടപെട്ട് അത് വീണ്ടും മാർക്കറ്റ് വിലയുടെ 5 ശതമാനം ആക്കുകയാണ് ഉണ്ടായത്.
കേരളത്തിലെ പൊതു സ്വത്തായ വസ്തുവിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിക്ഷിപ്തമാണ്. ഇത് സംബന്ധിച്ചു ഈ സർക്കാർ തന്നെ ക്യാബിനറ്റ് അംഗീകരിച്ച് പാസാക്കിയ ഉത്തരവിന്റെ (G.O(Ms) 116/2019/Rev) പ്രസക്ത ഭാഗങ്ങൾ ഞാൻ വായിക്കാം
'കേരള സർക്കാരിന്റെ റൂൾസ് ഓഫ് ബിസിനെസ്സ് പ്രകാരം സംസ്ഥാന സർക്കാർ വക ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂമി പാട്ടത്തിനു കൊടുക്കൽ , പതിച്ചു നൽകൽ , ഭൂ-സംരക്ഷണം, ഭൂമി ഏറ്റെടുക്കൽ എന്നിവ റവന്യൂ വകുപ്പിൽ നിക്ഷിപ്തമാണ്'ഈ ഉത്തരവ് നിലനിൽകുമ്പോഴാണ്, ഇതിനെ മറികടന്ന് പൊതുമരാമത്ത് വകുപ്പ്, സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് തുച്ഛമായ വിലക്ക് പാട്ടത്തിനു നൽകാനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഏറ്റവും ഗുരുതരമായ കാര്യം, പൊതുമരാമത്ത് വകുപ്പിന്റെ ഇത് സംബന്ധിച്ച ഫയൽ റവന്യൂവകുപ്പിന്റെ അഭിപ്രായത്തിന് അയച്ചപ്പോൾ ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് റവന്യൂ വകുപ്പാണെന്ന് സംശയാതീതമായി റവന്യൂ മന്ത്രി തന്നെ കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ കുറുപ്പിന് പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് മേൽപറഞ്ഞ ഉത്തരവ് പൊതുമരാമത്ത് സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്നത്.
എനിക്ക് അറിയേണ്ടത് ഇത്തരത്തിൽ റവന്യൂവകുപ്പ് മന്ത്രിയുടെ കുറിപ്പിനെ ധിക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് ആരാണ് അധികാരം നൽകിയത്. റവന്യൂ മന്ത്രിയുടെ കുറിപ്പ് കാബിനറ്റിൽ വച്ച് ഓവർ റൂൾ ചെയ്തിരുന്നോ? ആയിരം കോവിഡ് രോഗികൾ ആദ്യമായി കേരളത്തിൽ റിപ്പോർട്ട് ചെയ്ത ദിവസം തന്നെ ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ വ്യഗ്രത കാട്ടിയത് എന്തിന്?
സ്വന്തം വകുപ്പ് പുറപ്പെടുവിക്കേണ്ട ഉത്തരവ് മറ്റ് വകുപ്പ് പുറപ്പെടുവിച്ചപ്പോൾ നിർവ്വികാരനായി നോക്കി നിന്ന റവന്യൂ മന്ത്രി പിന്നീട് ഉത്തരവ് പുനപരിശോധിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വന്തം വകുപ്പ് സെക്രട്ടറിക്ക് കുറിപ്പ് കൊടുത്തത് വിചിത്രം തന്നെ. മന്ത്രിയുടെ 27.07.2020 ലെ 138/എൻ/എം(റെവന്യൂ)/2020 നമ്പർ കുറിപ്പ് ഞാൻ ഒന്ന് വായിക്കാം.
'ജി.ഒ എംഎസ് നമ്പർ 56/2020/പിഡബ്ലിയുഡി തീയതി 23.07.2020 പ്രകാരം പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ (ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു) റവന്യൂ വകുപ്പ് നിബന്ധനകൾക്ക് വിധേയമായി വേ-സൈഡ് അമിനിറ്റീസിന് ഭൂമി അനുവദിക്കാവുന്നതാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വസ്തുതാപരമല്ലാത്തതാണ്. ബന്ധപ്പെട്ട വിഷയം റവന്യൂവിന്റെ ഫയൽ നമ്പർ B2/228/2020/Rev പരിശോധിക്കുകയും 21.07.2020 ൽ റവന്യൂ വകുപ്പ് മന്ത്രിയുടെ തലത്തിൽ റിമാർക്സ് രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ഭൂമി ലീസിന് നൽകുന്നതിന് മുമ്പ് നാഷണൽ ഹൈവേ അഥോറിറ്റിയുടെ കൈവശം ഉള്ള ഭൂമി സംബന്ധിച്ച് നാഷണൽ ഹൈവേ അഥോറിറ്റിയുടേയും മറ്റ് വകുപ്പുകളുടെ കൈവശം ഉള്ള ഭൂമി സംബന്ധിച്ച് പ്രസ്തുത വകുപ്പുകളുടേയും അനുമതി വാങ്ങേണ്ടതാണെന്നും ബിസിനസ്സ് റൂൾസ് പ്രകാരവും, സ.ഉ(കൈ) നം. 116/2019/റവ തീയതി 02.04.2019 (മന്ത്രിസഭയുടെ അനുമതിയോടെ പുറപ്പെടുവിച്ച ഉത്തരവ്) പ്രകാരവും ആവശ്യമായ നടപപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഭൂമി സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും ഉള്ള റിമാർക്സ് ആണ് രേഖപ്പെടുത്തി നൽകിയിരുന്നത്. അതനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ എൻഒസി വാങ്ങി ഫയൽ റവന്യൂ വകുപ്പിന് അയച്ച് ധനകാര്യ വകുപ്പിന്റെ അഭിപ്രായം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിച്ച് മന്ത്രിസഭാ തലത്തിലുള്ള അനുമതിയും കൂടി വാങ്ങിയതിനു ശേഷം ഉത്തരവ് പുറപ്പെടുവിക്കേണ്ട സ്ഥാനത്താണ് പൊതുമരാമത്ത് വകുപ്പ് തന്നെ നടപടിക്രമങ്ങൾ പാലിക്കാതെയും മന്ത്രിസഭയുടെ അനുമതി തേടാതെയും ഇപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്'
റവന്യൂ വകുപ്പ് മന്ത്രി. മിസ്റ്റർ ചന്ദ്രശേഖരൻ, നിങ്ങളുടെ വകുപ്പ് കൈയേറി ഉത്തരവ് പുറപ്പെടുവിച്ചിട്ട് ഒരുമാസമായി. അത് സ്വന്തം സെക്രട്ടറിയെക്കൊണ്ട് തിരുത്തിക്കാൻ കാത്തിരിക്കുന്ന നിങ്ങൾ റവന്യൂവകുപ്പ് മന്ത്രിയുടെ കസേരയിൽ ഇരിക്കാൻ യോഗ്യനാണോ എന്ന് സ്വയം തീരുമാനിക്കണം. ഇവിടെ നമ്മൾ കാണേണ്ട ഒരു കാര്യം ഈ സർക്കാരിലെ മന്ത്രിമാർക്ക് പരസ്പര വിശ്വാസം എന്നേ നഷ്ടമായി. എന്ത് കൂട്ടുത്തരവാദിത്തമാണ് ഈ മന്ത്രിമാർ തമ്മിൽ ഉള്ളത്. പൊന്നുംവിലയുള്ള സർക്കാർ ഭൂമി എന്തുകൊണ്ട് പൊതുമേഖല സ്ഥാപനമായ ഐഒസി ക്ക് നൽകി വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഉണ്ടാക്കിയില്ല എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
സ്വകാര്യവ്യക്തികൾക്ക് ഭൂമി കൊടുക്കാൻ 50 മാസമായി ഇല്ലാതിരുന്ന തിടുക്കം ഇപ്പോൾ കാട്ടിയത് എന്തിന്. മുഖ്യമന്ത്രി നേരിട്ട് വിളിച്ച യോഗതീരുമാനമനുസരിച്ചാണെങ്കിൽ മറ്റ് വകുപ്പ് മന്ത്രിമാരുടെ പ്രസക്തി എന്ത്. ആരാണ് മുഖ്യന്ത്രിക്ക് വളരെ വേണ്ടപ്പെട്ട ഈ 14 പേരെന്ന് അറിയാൻ ഈ സഭയ്ക്ക് അതിയായ താൽപര്യമുണ്ട്. ഈ ഭൂമികച്ചവടത്തിന് പിന്നിൽ നാറുന്ന കോഴക്കഥകൾ അധികാരത്തിന്റെ ഇടനാഴികളിൽ പാട്ടാണ്. അത് നിങ്ങൾക്ക് ഭൂഷണമായിരിക്കും പക്ഷേ കേരള പൊതുസമൂഹം ഇതോർത്ത് ലജ്ജിക്കുകയാണ്. കോടികളുടെ അഴിമതി കഥ പിന്നാപ്പുറത്ത് പാട്ടായികേൾക്കുന്ന സാഹചര്യത്തിൽ തിടുക്കത്തിൽ ഇറങ്ങിയ ഉത്തരവിനെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ
മറുനാടന് മലയാളി ബ്യൂറോ