- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധന പീഡനങ്ങൾക്കെതിരേ കാമ്പയിനുമായി പ്രതിപക്ഷ നേതാവ്; 'മകൾക്കൊപ്പം' ലക്ഷ്യമിടുന്നത് പ്രമുഖരെയും മഹിളാ- യുവജന പ്രസ്ഥാനങ്ങളെയും അണിനിരത്തി സ്ത്രീധനത്തിനെതിരായ പ്രചാരണം ശക്തമാക്കാൻ; ക്യാമ്പൈൻ നടപ്പാക്കുക കച്ചവടമല്ല കല്യാണം എന്ന മുദ്രാവാക്യമുയർത്തി
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവർത്തിക്കാതിരിക്കാൻ 'മകൾക്കൊപ്പം' എന്ന കാമ്പയിനുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീധന പീഡനങ്ങളുടെ പേരിൽ കേരളം അപമാനഭാരത്താൽ തലതാഴ്ത്തി നിൽക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും വി.ഡി. സതീശൻ പറഞ്ഞു.
'മകൾക്കൊപ്പം' കാമ്പയിന്റെ ഭാഗമായി സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരെയും മഹിളാ- യുവജന പ്രസ്ഥാനങ്ങളെയും അണിനിരത്തി സ്ത്രീധനത്തിനെതിരായ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം.ക്യാംപയിൻ പൊതുസമൂഹം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സതീശൻ പറഞ്ഞു. യുവജന സംഘടനകളും മഹിളാ സംഘടനകളും ക്യാംപയിന്റെ ഭാഗമാകും. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മരണങ്ങളെ തുടർന്ന് കേരളം വിറങ്ങലിച്ചുനിൽക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് വിപുലമായ ക്യാംപയിന് തുടക്കം കുറിക്കുന്നത്.കച്ചവടമല്ല കല്യാണം എന്ന മുദ്രാവാക്യമുയർത്തിയാണ് ക്യാമ്പയിൻ.
''സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരിൽ പ്രബുദ്ധ കേരളം അപമാനഭാരത്താൽ തലതാഴ്ത്തി നിൽക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി അവർക്ക് വീണ്ടും ഭാരമാകരുത് എന്ന് കരുതിയാണ് പല പെൺകുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നത്. പിന്നെ പ്രതിസന്ധികൾ ഒറ്റക്ക് നേരിടാൻ കഴിയാത്തതുകൊണ്ടും... അവർ ദുർബലകളല്ല. സമൂഹമാണ് അവർക്ക് ധൈര്യവും ആത്മവിശ്വാസവും കൊടുക്കേണ്ടത്. കച്ചവടമല്ല കല്യാണം. സ്ത്രീധനം നൽകി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെൺകുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണം. മകൾക്കൊപ്പം എന്ന ഈ ക്യാമ്പെയിൻ പൊതു സമൂഹം ഏറ്റെടുക്കും എന്ന പ്രതീക്ഷയോടെ ....''- ക്യാംപയിൻ പ്രഖ്യാപിച്ചുകൊണ്ട് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
സ്ത്രീധന പീഡനങ്ങൾ കേരളത്തിന് അപമാനമാണെന്ന് നേരത്തെ വെങ്ങാനൂരിൽ തീപ്പൊള്ളലേറ്റ് മരിച്ച അർച്ചനയുടെ വീട് സന്ദർശിച്ച ശേഷം വിഡി സതീശൻ പറഞ്ഞിരുന്നു. സ്ത്രീധന പീഡന മരണങ്ങൾ കേരളത്തിൽ കൂടി വരികയാണ്. ഉത്തരേന്ത്യയിൽ മാത്രം കേട്ടുകേൾവിയുള്ള സംഭവങ്ങളാണ് ഇപ്പോൾ ഇവിടെയും നടക്കുന്നത്. ഇത്തരം സംഭവങ്ങൾ കേരളത്തിന് അപമാനകരമാണ്.
സത്യസന്ധമായ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കൊല്ലത്ത് ഭർതൃവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വിസ്മയയുടെ വീടും സതീശൻ സന്ദർശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ