ന്യൂഡൽഹി: ഇന്ധന വില അനിയന്ത്രിതമായി വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പാർലമെന്റിലേക്ക് പ്രതിപക്ഷ എംപിമാരുടെ സൈക്കിൾ റാലി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാർ സൈക്കിൾ ചവിട്ട് പാർലമെന്റിലേക്ക് നീങ്ങിയത്. കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്, എൽ.ഡി.എഫ് എംപിമാർ റാലിയിൽ പങ്കെടുക്കുന്നുണ്ട്.

 

രാഹുലിന്റെ അധ്യക്ഷതയിൽ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേർന്ന ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനം വലയുമ്പോഴും കേന്ദ്ര സർക്കാരിന് ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷ എംപിമാർ കുറ്റപ്പെടുത്തി.

രാവിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ രാഹുൽ സംഘടിപ്പിച്ച പ്രഭാത വിരുന്നിൽ പ്രതിപക്ഷത്തെ 14 കക്ഷികളിൽനിന്നുള്ള എംപിമാർ പങ്കെടുത്തു. എഎപി, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ്, ടിഡിപി, ബിഎസ്‌പി, ബിജെഡി, അകാലിദൾ എന്നിവർ വിട്ടുനിന്നു.

 

കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ ഐക്യം ദൃഢമാക്കാനാണ് രാഹുൽ ഗാന്ധി നേതാക്കൾക്കായി പ്രഭാതവിരുന്ന് നടത്തിയത്. പ്രതിപക്ഷ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന പതിവ് വിട്ട്, ആദ്യമായാണ് എല്ലാ എംപിമാർക്കുമായി രാഹുൽ വിരുന്നൊരുക്കിയത്.

ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ജനാധിപത്യവിരുദ്ധമായ നടപടികൾക്കും എതിരെ പാർലമെന്റിനകത്തും പുറത്തും ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ അനിവാര്യത നേതാക്കൾ ചർച്ച ചെയ്തു. യോഗത്തിൽ പങ്കെടുക്കുന്നതും പങ്കെടുക്കാതിരിക്കുന്നതും പ്രധാനമല്ലെന്നും പാർലമെന്റിൽ കർഷകർക്കു പിന്തുണ നൽകുമെന്നും പെഗസസ് വിഷയം ഉന്നയിക്കുമെന്നും എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു.

പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചാണ് പ്രതിഷേധിക്കുന്നത്. പെഗസ്സസ് ഫോൺ ചോർത്തൽ, ഇന്ധന വില വർധനവ്, കർഷക സമരം, കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ് ആദ്യനാൾ മുതൽ.

പെഗസസ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ കേന്ദ്രം വിസമ്മതിക്കുന്ന സാഹചര്യത്തിൽ സമാന്തര പാർലമെന്റ് സംഘടിപ്പിച്ചു വിഷയം അവിടെ ചർച്ചയ്ക്കെടുക്കണമെന്ന നിർദ്ദേശം ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. വിഷയത്തിൽ പാർലമെന്റിൽ പ്രത്യേക ചർച്ച നടത്താൻ കേന്ദ്രം തയാറാകുംവരെ വർഷകാല സമ്മേളനം പൂർണമായി സ്തംഭിപ്പിക്കാൻ കഴിഞ്ഞ ദിവസം പ്രതിപക്ഷം തീരുമാനിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയമായി കടന്നാക്രമിക്കണമെന്നു കോൺസിനുള്ളിൽ നിരന്തരം വാദിക്കുന്ന രാഹുൽ, മുൻപില്ലാത്തവിധം പ്രതിപക്ഷ കക്ഷികളിലേക്കും ആ ചിന്ത പകരാൻ മുൻകയ്യെടുക്കുകയാണ്. പ്രതിപക്ഷത്തിനിടയിൽ തന്റെ പ്രതിഛായ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണു പ്രതിപക്ഷ കക്ഷികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തുന്നത്. ലോക്സഭയിലെ ബഹളത്തിനിടയിലും വൈഎസ്ആർ കോൺഗ്രസ് അടക്കമുള്ള കക്ഷികളിലെ എംപിമാരുമായി രാഹുൽ ഇപ്പോൾ പതിവായി അനൗദ്യോഗിക ചർച്ചകൾ നടത്തുന്നതും ശ്രദ്ധേയമാണ്.