മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; നടപടി ബിജു രാധാകൃഷ്ണന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ; ആരോപണം സത്യമെന്നു തെളിഞ്ഞാൽ അധികാരത്തിൽ തുടരില്ലെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യമുയർത്തി പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. അതേസമയം, ആരോപണങ്ങൾ സത്യമെന്നു തെളിഞ്ഞാൽ അധികാരത്തിൽ തുടരാൻ അർഹനല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യമുയർത്തി പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്.
അതേസമയം, ആരോപണങ്ങൾ സത്യമെന്നു തെളിഞ്ഞാൽ അധികാരത്തിൽ തുടരാൻ അർഹനല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ബിജു രാധാകൃഷ്ണൻ തന്നെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കുകയാണ്. തനിയ്ക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിൽ തെളിവുണ്ടെങ്കിൽ ബിജു രാധാകൃഷ്ണൻ ഹാജരാക്കട്ടെയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
തെളിവുണ്ടെങ്കിൽ കയ്യിലുണ്ടെന്ന് പറയുന്ന സി.ഡി പുറത്തു വിടണം. ഇല്ലെങ്കിൽ അത് പിടിച്ചെടുക്കും, അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് ബിജുവിന്റെ മൊബൈൽ കേരളത്തിലെ ടവറിന് കീഴിലായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണം സത്യമെന്ന് തെളിഞ്ഞാൽ സ്ഥാനത്ത് തുടരാൻ താൻ അർഹനല്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
ബിജു രാധാകൃഷ്ണനുമായി ആലുവയിലെ ഗസ്റ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച രഹസ്യ സ്വഭാവമുള്ളതാണ്. അത് പുറത്ത് പറയാനാകില്ല. തന്നെ അപമാനിച്ച് ഇറക്കിവിടാൻ ആർക്കും കഴിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സർക്കാരിനോടുള്ള വിരോധം അവസരം കിട്ടിയപ്പോൾ ഉപയോഗിക്കുകയാണു പ്രതിപക്ഷം ചെയ്തതെന്നു രമേശ് ചെന്നിത്തല പറഞ്ഞു. 60 കേസിലെ പ്രതിയാണ് ബിജു രാധാകൃഷ്ണനെന്നും യുഡിഎഫാണ് ബിജു രാധാകൃഷ്ണനെ പുറത്താക്കിയതെന്നും സർക്കാരിനോടുള്ള വിരോധം അവസരം കിട്ടിയപ്പോൾ ഉപയോഗിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണങ്ങൾ സർക്കാരിന് ഒരു പോറലും ഏൽപ്പിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇതിനിടെ ലൈഗികാരോപണ വിധേയനായ മന്ത്രി ഷിബു ബേബി ജോണും ബിജു രാധാകൃഷ്ണനെതിരെ രംഗത്തെത്തി. ബിജു രാധാകൃഷ്ണന്റെ പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. ആരോപണം സത്യമെന്ന് തെളിഞ്ഞാൽ മന്ത്രി സ്ഥാനം മാത്രമല്ല, എം,എൽ.എ സ്ഥാനവും രാജി വയ്ക്കുമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിൽ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ബാർ കോഴക്കേസുമായി ബന്ധപ്പെട്ടായിരുന്നു സഭയിൽ പ്രതിഷേധം. ബാർ കോഴ ആരോപണം നേരിടുന്ന എക്സൈസ് മന്ത്രി കെ. ബാബു രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധം ഉമ്മൻ ചാണ്ടിക്കെതിരായ ബിജുവിന്റെ ആരോപണങ്ങളെത്തുടർന്ന് ആ നിലയിലേക്കു മാറുകയായിരുന്നു.
സോളാർ ആരോപണത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിനും പ്രതിപക്ഷം നോട്ടീസ് നൽകി. മുഖ്യമന്ത്രിക്ക് കോഴ നൽകിയെന്ന ആരോപണം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. ബിജു രാധാകൃഷ്ണന്റെ ആരോപണം അസാധാരണ സംഭവമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിക്കെതിരേയും ഇത്തരം ആരോപണമുണ്ടായിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
യുഡിഎഫ് മന്ത്രിമാർക്ക് അഴിമതി കാട്ടുന്നതിൽ മാത്രമാണ് ശ്രദ്ധയെന്നും അഴിമതിയിൽ ഡോക്ടറേറ്റ് എടുത്തയാളാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആരോപണങ്ങളും വന്നത്. ഇതോടെ പ്രതിഷേധം മുഴുവൻ ഉമ്മൻ ചാണ്ടിക്കെതിരെയായി.