സിൽവർ ലൈനിൽ പ്രക്ഷുബ്ധമായി സഭ; ജനകീയ സമരങ്ങൾക്ക് ഐക്യദാർഡ്യവുമായി ബാനറുകളുമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം; മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ ധാർഷ്ട്യമെന്നും സർക്കാർ പിൻവാങ്ങും വരെ സമരം തുടരുമെന്നും വി ഡി സതീശൻ; നടുക്കളത്തിലിറങ്ങി സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ നടക്കുന്ന ജനകീയ പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യവുമായി സഭയെ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷത്തിന്റെ പ്രതിഷേധം.മാടപ്പള്ളിയിൽ കെറെയിലിനു കല്ലിടുന്നതിനിടെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തര വേളയിലാണ് ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.
കെ റെയിലിനു കല്ലിടുന്നതിനായി പൊലീസ് നരനായാട്ട് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വികാരമാണ് പ്രതിപക്ഷം സഭയിൽ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശൻ പറഞ്ഞപ്പോൾ നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവില്ലെന്നും ശൂന്യവേളയിൽ പരിഗണിക്കാമെന്നും സ്പീക്കർ എം ബി രാജേഷ് അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല.
തുടർന്ന്, പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളിച്ചു. സഭയിൽ പ്ലക്കാർഡും ബാനറും ഉയർത്തുന്നത് ചട്ടവരുദ്ധമാണെന്ന് സ്പീക്കർ പറഞ്ഞു. ചോദ്യോത്തരവേള തടസപ്പെടുത്തുന്ന രീതി ശരിയല്ലെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ, സീറ്റുകളിലേക്ക് മടങ്ങാൻ പ്രതിപക്ഷം തയാറായില്ല. നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതിനാൽ സഭയ്ക്കുള്ളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പിണറായി സർക്കാർ സ്വീകരിക്കുന്നത് സ്ത്രീ വിരുദ്ധ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു . സിൽവർലൈനിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്കുനേരെയും ലാ കോളേജ് വിദ്യാർത്ഥിനിക്കുനേരെയും ചെയ്ത അതിക്രമങ്ങൾ എടുത്തു പറഞ്ഞാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സഭ ബഹിഷ്കരിച്ച് മാടപ്പള്ളിയിലേയ്ക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പിൻവാങ്ങും വരെ സമരം തുടരുമെന്നും മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ ധാർഷ്ട്യമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ലാ കോളേജ് വിഷയത്തിൽ മർദനമേറ്റവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും അദ്ദേഹം വിമർശനമറിയിച്ചു.
അതിനിടെ ഇന്നലെ വൻ പൊലീസ് നടപടിയിലൂടെ ചങ്ങനാശേരി മാടപ്പള്ളിയിൽ സ്ഥാപിച്ച സിൽവർലൈൻ കല്ലുകളിൽ മൂന്നെണ്ണം പിഴുതുമാറ്റിയ നിലയിൽ കണ്ടെത്തി. സ്ത്രീകളെയടക്കം വലിച്ചിഴച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സമരസമിതി ഹർത്താൽ ആചരിക്കുന്നതിനിടെയാണ് കല്ലുകൾ പിഴുതുമാറ്റിയത്. സമരസമിതി ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
സമരക്കാർക്ക് പിന്തുണയുമായി യുഡിഎഫ് നേതാക്കളും ഇന്ന് മാടപ്പള്ളിയിലെത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ മാടപ്പള്ളി സന്ദർശിക്കും.കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് മാടപ്പള്ളി മുണ്ടുകുഴിയിൽ കല്ല് സ്ഥാപിക്കാനെത്തിയപ്പോൾ ഉണ്ടായത്. നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താലാണ്.
കെ റെയിൽ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി. രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറു വരെ നീളും.
കല്ലിടലിനെതിരെ സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചതുകൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.
ജില്ലയിൽ 16 പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ