തിരുവനന്തപുരം: തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ് പ്രസംഗത്തിനിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ സഭയിൽ പ്രതിപക്ഷ ബഹളം. ബൈബിളിലെ മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചുള്ള പ്രസംഗമാണ് സ്വരാജ് നടത്തിയത്.

'നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; നിങ്ങൾ കണ്ണാൽ കാണും ദർശിക്കയില്ലതാനും' എന്ന വാചകം ഉദ്ധരിച്ചാണ് ഇത്ര ദീർഘവീക്ഷണത്തോടെ മത്തായി എങ്ങനെ പ്രതിപക്ഷത്തെ വീക്ഷിച്ചു എന്നു സ്വരാജ് ചോദിച്ചത്.

ഇത് പ്രതിപക്ഷത്തെ അപമാനിച്ചെന്നും ഇക്കാര്യം ഉന്നയിച്ചപ്പോൾ സ്പീക്കർ ശരിയായ രീതിയിൽ അല്ല ഇടപെട്ടതെന്നും വി.ഡി സതീശൻ ആരോപിച്ചു.

സ്വരാജിന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രിയും സ്പീക്കറും ഇടപെടണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സ്പീക്കർ ഭരണപക്ഷത്തിന്റെ ആളല്ലെന്നും കുറച്ച് കൂടി ക്ഷമ കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബൈബിൾ പരിശോധിച്ച് റൂളിങ് നൽകാമെന്നാണ് പ്രതിപക്ഷം ബഹളം വച്ചപ്പോൾ സ്പീക്കർ മറുപടി നൽകിയത്. സ്പീക്കറുടെ ഈ മറുപടിയിൽ പ്രകോപിതരായിട്ടാണ് സഭയിൽ പ്രതിപക്ഷം വീണ്ടും ബഹളം വച്ചത്. തുടർന്ന് എം. സ്വരാജിന്റെ പ്രസംഗത്തിലെ പരാമർശത്തെക്കുറിച്ച് അന്വേഷിക്കാമെന്നും നടപടി എടുക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. പ്രതിപക്ഷത്തെ അപമാനിക്കാൻ ഭരണപക്ഷം ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.