തിരുവനന്തപുരം: മദ്യനയത്തിൽ അടിസ്ഥാന പരമായ ഒരുമാറ്റവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നയം നടപ്പാക്കുമ്പോൾ ചില പ്രത്യാഘാതങ്ങൾ ഉണ്ടാകും. അത് പരിഹരിക്കാനാണ് സർക്കാരും യുഡിഎഫും ശ്രമിക്കുന്നതെന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു.

അതിനിടെ കേരളാ കോൺഗ്രസ് യോഗത്തിലേക്ക് അഡീഷണൽ അഡ്വക്കേറ്റ് ജനറലിനെ വിളിപ്പിച്ചു വരുത്തിയെന്ന പ്രതിപക്ഷ ആരോപണത്തെ ധനമന്ത്രി കെ എം മാണി നിഷേധിച്ചു. ബാർ കോഴയിലെ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സഭയിൽ ആരോപിച്ചു.

ബാർ കോഴ വിഷയം സബ്മിഷനായി മാത്യു ടി തോമസാണ് സഭയിൽ ഉന്നയിച്ചത്. അഡീഷണൽ അഡ്വക്കേറ്റ് ജനറലിനെ കേരളാ കോൺഗ്രസ് യോഗത്തിലേക്ക് വിളിച്ചുവരുത്തിയെന്ന ആക്ഷേപം മാത്യു ടി തോമസാണ് ഉന്നയിച്ചത്. എന്നാൽ മറുപടിയിൽ ഈ ആരോപണം മാണി നിഷേധിച്ചു. ഇതോടെ സഭാ രേഖകളിൽ നിന്ന് മാത്യു ടി തോമസിന്റെ പരാമർശം നീക്കുകയും ചെയ്തു.

നേരത്തെ ബാർ കോഴയിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ആദ്യ സബ്മിഷനായി വിഷയം അവതരിപ്പിക്കാമെന്ന് ചെയർ വ്യക്തമാക്കി. ഇതേ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷം ബഹളം തുടങ്ങി. പിന്നീട് ഇറങ്ങി പോവുകയും ചെയ്തു. അതിന് ശേഷം മടങ്ങിയെത്തി സബ്മിഷൻ ഉന്നയിക്കുകയായിരുന്നു പ്രതിപക്ഷം.

മന്ത്രി സ്ഥാനത്ത് ഇരുന്ന് ബാർ കോഴയിലെ അന്വേഷണം അട്ടിമറിക്കാൻ ധനമന്ത്രി മാണി ശ്രമിക്കുന്നുവെന്നായിരുന്നു അടിയന്തര പ്രമേയത്തിനായി പ്രതിപക്ഷം ഉന്നയിച്ചത്. മാത്യു ടി തോമസാണ് നോട്ടീസ് നൽകയിത്. എന്നാൽ പലതവണ സഭ ചർച്ച ചെയ്ത വിഷയമായതിനാൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ കഴിയില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി.

എന്നാൽ പുതിയ വിഷയമാണ് പ്രമേയത്തിലുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. നോട്ടീസിന് അനുമതി നൽകാമെന്ന് പറഞ്ഞ ശേഷം ഡെപ്യൂട്ടി സ്പീക്കർ കാലുമാറിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദനും ആരോപിച്ചു. ഡെപ്യൂട്ടീ സ്പീക്കറുടെ നടപടി ധിക്കാരവും സേച്ഛാധിപത്യപരവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നേരത്തെ നിയമസഭയിലെ ചോദ്യോത്തര വേളയിൽ പ്രതിപക്ഷം സഹകരിച്ചിരുന്നില്ല. വായ മൂടിക്കെട്ടിയാണ് ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പങ്കെടുത്തത്. ബാർ കോഴയിൽ ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതിനിടെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി. കെ ശിവദാസൻ നായരാണ് നോട്ടീസ് നൽകിയത്. സ്പീക്കർ ഗൂഡാലോചന നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശമാണ് നോട്ടീസിന് ആധാരം.