തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് തീരും. നാളെ വരെ തീരുമാനിച്ചിരുന്ന സമ്മേളനമാണ് പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു നടപടികൾ തടസപ്പെട്ടതോടെ ഇന്ന് അവസാനിപ്പിക്കുന്നത്.

സഭാ സമ്മേളനം ഗില്ലറ്റിൻ ചെയ്യാൻ മുഖ്യമന്ത്രി സ്പീക്കറോട് അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവതരിപ്പിച്ചു.

നാളത്തെ കാര്യപരിപാടികൾ കൂടി ഇന്നത്തേതിൽ ഉൾപ്പെടുത്തി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പ്രമേയത്തിൽ അഭ്യർത്ഥിച്ചു. തുടർന്ന് സഭ ഇത് അംഗീകരിക്കുകയായിരുന്നു.

സഭ രാവിലെ സമ്മേളിച്ചപ്പോൾ, പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ തൃശൂർ വിജിലൻസ് കോടതിയുടെ പരാമർശം ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. എന്നാൽ കേസിൽ കോടതിയുടെ നിരീക്ഷണത്തിന് പ്രാധാന്യമില്ലെന്നും പ്രതിപക്ഷം വിചാരണയ്ക്ക് മുന്പ് തന്നെ തീർപ്പു കൽപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം ആരംഭിക്കുകയും സഭ ബഹിഷ്‌കരിക്കുകയുമായിരുന്നു.

വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടർന്നാണു സഭ നിർത്തിവച്ചത്. പാമോലിൻ ഇറക്കുമതി നടന്നത് ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണെന്ന് കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണം വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ഉമ്മൻ ചാണ്ടിക്ക് തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. രാജു എബ്രഹാം ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

കേസിൽ ഉദ്യോഗസ്ഥരെ കുറ്റവിമുക്തമാക്കിയ നടപടി ശരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവസാന സമ്മേളനത്തിലെ അവസാന പ്രസംഗത്തിൽ വികാരനിർഭരമായാണു മുഖ്യമന്ത്രി പ്രതികരിച്ചത്. വൈകിയാണെങ്കിലും പാമൊലിൻ കേസിൽപെട്ട ഉദ്യോഗസ്ഥർക്കു നീതികിട്ടിയെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. ആരോപണങ്ങളുടെ പെരുമഴക്കാലത്തും പാർട്ടിയും മുന്നണിയും പിന്തുണ നൽകി. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ട്. ആത്മവിശ്വാസത്തോടെ ജനകീയ കോടതിയിലേക്ക് പോകുന്നു. പാമൊലിൻ കേസ് മനപ്പൂർവം എല്ലാവരേയും കുടുക്കാൻ കൊണ്ടുവന്ന കെണിയാണ്. പാമൊലിൻ കേസിൽ കെ. കരുണാകരൻ അടക്കം എല്ലാവരും നിരപരാധികളാണ്. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. സർക്കാരിന് ഒരു രൂപപോലും നഷ്ടമുണ്ടായിട്ടില്ല. ഒൻപതു കോടിയുടെ ലാഭമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെയാണു നിയമസഭയുടെ സന്ദർശക ഗാലറിയിൽ ബഹളവും പ്രതിഷേധവും നടന്നത്. ജസ്റ്റിസ് ഹരിഹരൻ നായർ കമ്മിഷൻ റിപ്പോർട്ട് സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ച് {{വിഎസ്ഡിപി}} പ്രവർത്തകരാണ് സന്ദർശക ഗാലറിയിൽ ബഹളംവച്ചത്. മുദ്രാവാക്യം വിളിച്ചവരെ വാച്ച് ആൻഡ് വാർഡ് പിടികൂടി പൊലീസിന് കൈമാറി.