നല്ല വഴിയുമില്ല, ആംബുലൻസുമെത്തില്ല; അട്ടപ്പാടിയിൽ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ നടന്നത് രണ്ടുകിലോമീറ്റർ; സംഭവം ഉത്തരേന്ത്യയിൽ അല്ല കേരളത്തിലെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ ബഹളം; ആരോഗ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്കും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: റോഡും ആംബുലൻസുമില്ലാതെ അട്ടപ്പാടിയിൽ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ കഴിഞ്ഞ ദിവസം നടന്നത് ര കിലോമീറ്റർ ദൂരമാണ്. മുരുഗള ഊരിലെ അയ്യപ്പൻ കുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്. അയ്യപ്പൻ-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരി കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരിച്ചത്.
കുഞ്ഞിന്റെ മൃതദേഹം സ്വന്തം സ്ഥലത്തെത്തിക്കാൻ ആംബുലൻസ് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിതാവ് മൃതദേഹവുമായി നടന്നത്. ഊരിലേക്ക് എത്തിച്ചേരാൻ മറ്റ് വഴികളില്ല. ഈ ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന് പ്രതിപക്ഷം ഇന്നു നിയമസഭയിൽ ഉന്നയിച്ചു. എൻ ഷംസുദ്ദീൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്. ഉത്തരേന്ത്യയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഈ സംഭവം നടന്നത് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്. സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണിത്. സർക്കാർ സംവിധാനങ്ങൾ തകർന്നു. 18 ലും 30 ലേറെ ശിശു മരണങ്ങൾ ഉണ്ടായി. ഒരു മാസത്തിനിടെ നാല് കുട്ടികൾ മരിച്ചു. കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് മരുന്നില്ല. കോട്ടത്തറ ആശുപത്രിയിലെ കാന്റീൻ ഒരാഴ്ചയായി പൂട്ടിക്കിടക്കുന്നു. രാഷ്ട്രീയ വൈരാഗ്യം കൊണ്ട് പരിചയ സമ്പന്നൻ ആയ ഡോ പ്രഭുദാസിനെ മാറ്റി. പകരം വന്ന ആൾക്ക് പരിചയ കുറവാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ മഴ മൂലം റോഡിൽ ചളി നിറഞ്ഞതിനാലാണ്, കുഞ്ഞു മരിച്ചപ്പോൾ വാഹനം കിട്ടാതെ വന്നതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ വിശദീകരിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നു. ആദിവാസി ഊരിൽ വാഹന സൗകര്യ കുറവ് പരിഹരിക്കാൻ ശ്രമിക്കും. എല്ലാ ഊരിലേക്കും റോഡ് വെട്ടുക പ്രയാസമാണ്. ഊരുകളിലെ ഗതാഗത പ്രശ്നം തീർക്കാൻ പ്രത്യക പാക്കേജ് നടപ്പാക്കും. അട്ടപ്പാടിക്ക് വേണ്ടി സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
യുഡിഎഫ് സർക്കാർ കാലത്താണ് അട്ടപ്പാടിയിൽ കൂടുതൽ കുഞ്ഞുങ്ങൾ മരിച്ചതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.മുരുഗള ഊരിൽ മരിച്ച കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. കുഞ്ഞിന് ആവശ്യത്തിന് ഭാരം ഉണ്ടായിരുന്നു. പീഡിയാട്രിക് ഐസിയു അടക്കം ഒരുങ്ങുകയാണ്, ന്യൂ ബോൺ എഐസിയു നവീകരിച്ചു. കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് സൗകര്യം ഉണ്ട്. ഷംസുദ്ദീൻ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഷംസുദ്ദീൻ കോട്ടത്തറ ആശുപത്രി സന്ദർശിക്കണം എന്ന വീണ ജോർജിന്റെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ഭരണ പക്ഷത്തു നിന്നും ബഹളം ഉണ്ടായി. തുടർന്ന് സ്പീക്കർ സഭ നിർത്തിവച്ചു
ആരോഗ്യ മന്ത്രി, എം എൽ എ യെ അധിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കോട്ടത്തറ ആശുപത്രി സന്ദർശിക്കാനാണ് മന്ത്രി എംഎൽഎയോട് പറഞ്ഞത്. വീണ ജോർജിന്റെ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപെടുത്തുന്നു. ഓട് പൊളിച്ചു വന്നതല്ല ഷംസുദ്ദീൻ. ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയമാണെന്നും അട്ടപ്പാടിയിലേത് ശിശു മരണങ്ങൾ അല്ല കൊലപാതകമെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
യാത്രാ സൗകര്യമില്ലാത്ത മുരുഗള
യാത്രാ സൗകര്യം ഒട്ടുമില്ലാത്ത അട്ടപ്പാടിയിലെ ഊരുകളിലൊന്നാണ് മുരുഗള. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ വിയോഗത്തിലൂടെയാണ് യഥാർഥ ചിത്രം ജനപ്രതിനിധികളും അറിഞ്ഞത്.
അയ്യപ്പൻ-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരി കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരിച്ചത്. പിതാവിന്റെ നിസഹായതയും ഊരിലെ ദുരവസ്ഥയും തെളിയിക്കുന്നതാണ് സംഭവം. കുഞ്ഞിന്റെ മൃതദേഹം സ്വന്തം സ്ഥലത്തെത്തിക്കാൻ ആംബുലൻസ് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിതാവ് മൃതദേഹവുമായി നടന്നത്. ഊരിലേക്ക് എത്തിച്ചേരാൻ മറ്റ് വഴികളില്ല.
തടിക്കുണ്ട് ആദിവാസി ഊരിന് താഴെ വരെ മാത്രമേ വണ്ടിയെത്തു. തോടും മുറിച്ച് കടക്കണം. അസുഖം ബാധിച്ചാൽ പോലും ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ഊരിലുള്ളത്. വാഹനം കടന്നുപോകുന്ന ഒരു തടിപ്പാലം വേണമെന്നത് ഊരുനിവാസികളുടെ വളരെ കാലത്തെ ആവശ്യമായിരുന്നു. എന്നാൽ ഇതിന് പകരം ഒരു നടക്കാൻ മാത്രം കഴിയുന്ന തൂക്കുപാലമാണ് ജനങ്ങൾക്ക് കിട്ടിയുള്ളൂ. പിതാവിനൊപ്പം ഊരിലേക്ക് വികെ ശ്രീകണ്ഠൻ എംപിയുമുണ്ടായിരുന്നു. അടിയന്തരമായി ഊരിലേക്ക് റോഡ് നിർമ്മിക്കാനുള്ള നടപടികൾ ഉറപ്പാക്കുമെന്ന് എംപി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ