- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പെരിയാർ വിഷയം വീണ്ടും നിയമസഭയിൽ; സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം; മന്ത്രി കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്ന നിലയിലേക്ക് ഉയരണമെന്ന് ചെന്നിത്തല; തമിഴ്നാടുമായുള്ള സമവായത്തിലൂടെ മാത്രം പ്രശ്ന പരിഹാരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയം നിയമസഭയിൽ ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം. സർക്കാരിന് ഈ വിഷയത്തിൽ ഒരു നയമില്ലെന്നും ജലനിരപ്പ് 139.5 അടിയായി നിശ്ചയിച്ചുള്ള തീരുമാനം വന്നപ്പോൾ തമിഴ്നാട് മന്ത്രിയെപ്പോലെയാണ് റോഷി അഗസ്റ്റിൻ സംസാരിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മുല്ലപ്പെരിയാർ വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിക്കുന്നതിൽ സർക്കാർ പരാജയപെട്ടെന്ന് ചെന്നിത്തലയുടെ നോട്ടീസിൽ ആരോപിച്ചു.
അതേസമയം, വിമർശനം അടിസ്ഥാനരഹിതമാണെന്നും കേരളത്തിന്റെ താത്പര്യം ഉയർത്തിപ്പിടിക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി.
മുല്ലപ്പെരിയാർ വിഷയത്തിൽ ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. 1895-ൽ നിർമ്മിച്ച ഡാമിന് സുരക്ഷാ ഭീഷണിയുള്ളതിനാൽ പുതിയ ഡാം നിർമ്മിക്കണമെന്ന നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്നും പുതിയ ഡാം നിർമ്മിക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടുമായി എന്തെങ്കിലും പ്രശ്നമുണ്ടെന്ന് വരുത്തിതീർക്കുന്നത് ശരിയല്ലെന്നും റോഷി പറഞ്ഞു. സുപ്രീം കോടതിയിലടക്കം കേരളത്തിന്റെ താത്പര്യം ഉയർത്തിപ്പിടിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
തമിഴ്നാടുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. 2018ൽ പ്രളയ സമയത്ത് മുല്ലപ്പെരിയാർ ഡാം തുറന്നത് കേരളത്തെ അറിയിക്കാതെയാണ്. എന്നാൽ ഇപ്പോൾ ആ സ്ഥിതി മാറിയിട്ടുണ്ടെന്നും കേരളത്തെ എല്ലാ കാര്യങ്ങളും തമിഴ്നാട് അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ഡാമിലെ ജലനിരപ്പ് 120 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീർത്ത സിപിഎം പ്രവർത്തകർ ഇപ്പോൾ എവിടെയാണെന്ന് ചെന്നിത്തല ചോദിച്ചു. മുല്ലപ്പെരിയാറിൽ സർക്കാരിന് നിലപാടില്ല. ഇടുക്കിയിലെ ജനങ്ങൾക്ക് ഇപ്പോൾ രണ്ട് ഭീഷണിയാണ്. ഡാമിന്റെ സുരക്ഷയും ഒപ്പം ആശങ്കപ്പെടേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സംസാരിച്ചാൽ നിയമനടപടിയും-ചെന്നിത്തല പരിഹസിച്ചു. കേരളത്തിന്റെ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നും കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ സംസാരിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.
റോഷി അഗസ്റ്റിൻ കേരളത്തിലെ മന്ത്രിയെപ്പോലെ ഉയരണമെന്നും തമിഴ്നാട് മന്ത്രിയെപ്പോലെ സംസാരിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് ചെന്നിത്തല പുതിയ നിർദേശവും മുന്നോട്ട് വെച്ചു. കേരള തമിഴ്നാട് സംസ്ഥാനങ്ങളിലെ സർവകക്ഷി സംഘങ്ങളെ ഉപയോഗിച്ച് സമവായ ചർച്ച നടത്തി വിഷയം പരിഹരിക്കണമെന്ന് ചെന്നിത്തല നിർദേശിച്ചു.
ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്തു വരികയാണ്. പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം കേന്ദ്രത്തേയും സുപ്രീം കോടതിയേയും അറിയിച്ചിട്ടുണ്ട്. ഐഐടി റൂർക്കി, ഐഐടി ഡൽഹി എന്നിവരുടെ പഠന റിപോർട്ടുകളും ഇതിന്റെ ഭാഗമായി സമർപ്പിച്ചിട്ടുണ്ട്. ഇതേ വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. റൂൾ കർവ് സംബന്ധിച്ച് അന്തിമ വിധി ഇതുവരെ വന്നിട്ടില്ല. കോടതിയിൽ ശക്തമായ ഇടപെടൽ സർക്കാർ നടത്തിയിട്ടുണ്ട്. ഇപ്പോൾ ആശങ്കയുടെ സാഹചര്യം ഉണ്ടാക്കരുത്. എല്ലാവരും ഒരുമിച്ച് നിൽക്കണം.
രമേശ് ചെന്നിത്തല
അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ആശങ്കയാണിത്. റോഷി കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്ന നിലയിലേക്ക് ഉയരണം. തമിഴ്നാടിന്റെ നിയമസഭയിൽ സംസാരിച്ചതു പോലെയാണ് തോന്നുന്നത്. ജലനിരപ്പ് 142 അടി വരെയാക്കാൻ മേൽനോട്ട സമിതിയിൽ കേരളം സമ്മതിച്ചെന്ന് രേഖയുണ്ട്. 139.5 എന്ന റൂൾ കർവ് കോടതി അംഗീകരിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഈ സർക്കാരിന് മുല്ലപെരിയാറിൽ നയമില്ല,നിലപാടുമില്ല. അതിനെ സ്വാഗതം ചെയ്തത് കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ്. മുല്ലപ്പെരിയാറിൽ ഭീഷണിയില്ലെങ്കിൽ എന്തിനാണ് പുതിയ ഡാം? പ്രതിപക്ഷത്തിരുന്ന കാലത്ത് എൽഡിഎഫ് മനുഷ്യ ചങ്ങല പിടിച്ചത് 120 അടിക്ക് വേണ്ടിയായിരുന്നു. മേൽനോട്ട സമിതി വർഷത്തിലൊരിക്കൽ മാത്രമാണ് ചേരുന്നത്. മുല്ലപ്പെരിയാർ സെൽ എന്തിനാണ് പിരിച്ചു വിട്ടത്. രൂപരേഖ തയ്യാറാക്കിയാലും തമിഴ്നാടിന്റെ അംഗികാരമില്ലാതെ പുതിയ അണക്കെട്ട് നിർമ്മിക്കാനാകില്ല. ഇരു സംസ്ഥാനത്തേയും സർവ്വകക്ഷി സംഘം ഒരുമിച്ച് വിഷയം ചർച്ച ചെയ്യണം. ഇക്കാര്യത്തിൽ സർവ്വകക്ഷി യോഗം വിളിക്കണം.
റോഷി അഗസ്റ്റിൻ
ഇവിടെ വസ്തുതകളെ വളച്ചൊടിക്കരുത്. ഇടുക്കി ഡാമിന്റെ ഓപ്പറേഷനെക്കുറിച്ച് യുഡിഎഫിനോ എൽഡിഎഫിനോ പരാതിയുണ്ടായിട്ടില്ല. ഡാം തുറന്ന് വിട്ടതുകൊണ്ട് ഇടുക്കി ഡാമിന്റെ പരിസരത്ത് അന്ന് ഒരപകടവും ഉണ്ടായിട്ടില്ല. താൻ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി നിലപാടെടുത്തു എന്ന് തെളിയിച്ചാൽ പരസ്യമായി മാപ്പ് പറയാം. ഡാം തുറന്നു വിട്ടതിന്റെ ഭാഗമായി ഒരു അപകടവും ഉണ്ടായിട്ടില്ല. കേരളത്തിന്റെ വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറായത് സർക്കാർ വിയോജന കുറിപ്പ് നൽകിയതിനാലാണ്. മുല്ലപ്പെരിയാറിൽ ഒരു സെന്റീമീറ്റർ വെള്ളം ഒഴിവാക്കിയാലും കേരളം അതറിയും. അത് സർക്കാറിന്റെ നിലപാട് മൂലമുണ്ടായ നിലയാണ്. ഇപ്പോൾ മുല്ലപ്പെരിയാർ തുറന്നപ്പോൾ എല്ലാ ഒരുക്കങ്ങളും നടത്തി. ഒരു ബുദ്ധിമുട്ടും ആർക്കും ഉണ്ടായില്ല. നമ്മളിൽ ഒരു അപസ്വരം ഉണ്ടെന്ന് പുറം ലോകം അറിയരുത്. പുതിയ ഡാമിനുള്ള പരിശ്രമം തുടരും.
മുഖ്യമന്ത്രി പിണറായി വിജയൻ
മുല്ലപെരിയാർ വിഷയം യോജിപ്പോടെയാണ് സഭ കൈകാര്യം ചെയ്തിട്ടുള്ളത്. അതിൽ നിന്ന് മാറ്റം വരികയാണോ എന്ന് പ്രതിപക്ഷം ആലോചിക്കണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി ആക്കിയത് കേരളത്തിന്റെ വീഴ്ചയല്ല. മൂന്ന് റിവ്യൂ പെറ്റീഷൻ കേരളം നൽകി. എല്ലാം തള്ളി. തമിഴ് നാടിന് വെള്ളം,കേരളത്തിന് സുരക്ഷ എന്നതാണ് നമ്മുടെ നിലപാട്. മേൽനോട്ട സമിതി തീരുമാനത്തിനെതിരെ നിലപാട് അറിയിച്ചിട്ടുണ്ട്. തമിഴ് നാട്ടുമായി അനാവശ്യ സ്പർദ്ധ ഉണ്ടാക്കരുത്. സമവായത്തിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ. നിലവിൽ തമിഴ്നാടിന്റെ സമീപനം ശുഭപ്രതിക്ഷ നൽകുന്നതാണ്. ഇക്കാര്യത്തിൽ നമ്മൾ ഒന്നിച്ച് നീങ്ങണം. രണ്ട് ചേരിയെന്ന ധാരണ ഉണ്ടാക്കരുത്. അനാവശ്യ ഭീതി ഉണ്ടാക്കരുത്. ആ നിലപാടിൽ ഉറച്ച് നിൽക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ