തിരുവനന്തപുരം: മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ നിയമസഭയിൽ ഇടത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. മുല്ലപ്പെരിയാറിനെ ചൊല്ലി പുറത്തുയരുന്ന തർക്കങ്ങൾ നിയമനിർമ്മാണ ചർച്ചയ്ക്കിടെയാണ് പ്രതിപക്ഷം നിയമസഭയിൽ ആവർത്തിച്ച് സർക്കാരിനെ വിമർശിച്ചത്.

ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്‌നാട് ഉപയോഗിച്ചു എന്നാരോപിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ തിരിഞ്ഞു. സുപ്രീംകോടതിയിൽ കൃത്യമായി കേസ് നടത്തിയില്ലെന്ന് ആരോപിച്ച രമേശ് ചെന്നിത്തല ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തിരിച്ചടിയായി എന്നും പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലൂടെ ആശങ്ക പടർത്തരുത് എന്ന് മാത്രമാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നായിരുന്നു മന്ത്രി പി രാജീവിന്റെ വിശദീകരണം. 142 അടി എന്ന പഴയ ഉത്തരവിൽ നിന്ന് 139 അടിയെന്ന അഭിപ്രായത്തിലേക്ക് സുപ്രീംകോടതി എത്തിയത് സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് മൂലമാണെന്ന് പി രാജീവ് പറഞ്ഞു.

136 അടിയെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും രാഷ്ട്രീയ പരിഹാരം കാണുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടെന്ന് കെ ബാബുവും ആരോപിച്ചു. നെയ്യാറിൽ നിന്ന് തമിഴ്‌നാടിന് വെള്ളം നൽകാനുള്ള സർക്കാർ തീരുമാനം നയതന്ത്ര പരാജയമാണെന്നും തിരുവഞ്ചൂർ പറഞ്ഞു. മുല്ലപ്പെരിയാറിൽ സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാനാണ് സർക്കാർ എപ്പോഴും ശ്രമിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകി.

അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തുറന്നുവിട്ട വെള്ളം നാലര മണിക്കൂറിനു ശേഷം പതിനൊന്നരയോടെ ഇടുക്കി ജലാശയത്തിൽ എത്തി. ഉടുമ്പൻഞ്ചോലയിൽ ഉപ്പുതറ പാലത്തിനു സമീപമാണ് വെള്ളം ആദ്യം എത്തിയത്. മുല്ലപ്പെരിയാറിൽനിന്നും ഇപ്പോൾ സെക്കൻഡിൽ 14,000 ലീറ്റർ വെള്ളം മാത്രം ഒഴുക്കി വിടുന്നതിനാൽ സാവധാനമാണ് ഒഴുക്ക്. നാമമാത്രമായി മാത്രം വെള്ളം എത്തുന്നതിനാൽ ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് നേരിയ തോതിൽ മാത്രമേ ഉയരുകയുള്ളു എന്ന് അണക്കെട്ട് ഗവേഷണ വിഭാഗം അധികൃതർ പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 3, 4 സ്പിൽവേ ഷട്ടറുകൾ 35 സെ.മീ. വീതമാണ് ഉയർത്തിയത്. രണ്ടു ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. അണക്കെട്ടിൽനിന്നു തുറന്നുവിട്ട വെള്ളം ജനവാസമേഖലയായ വള്ളക്കടവിലാണ് ആദ്യമെത്തിയത്. ഇവിടെനിന്നു വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴിയാണ് ജലാശയത്തിൽ എത്തിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി. 6376 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ ഏഴുമണിക്ക് ഇത് 5800 ഘനയടിയായിരുന്നു. നിലവിലെ ജലനിരപ്പ് 138.80 അടിയാണ്. അണക്കെട്ട് രാവിലെ 7 മണിയോടെ തുറക്കുമെന്ന് തമിഴ്‌നാട് അധികൃതർ അറിയിച്ചതിനെ തുടർന്ന് മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ. രാജനും 6.45ന് തന്നെ തേക്കടിയിൽനിന്നു ബോട്ടിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്തിയിരുന്നു.

തമിഴ്‌നാട് ഉദ്യോഗസ്ഥർ അൽപനേരം വൈകുമെന്നു പിന്നീട് കേരള സംഘത്തെ വിളിച്ച് അറിയിച്ചു. തമിഴ്‌നാട് സംഘം എത്തിയതിനു ശേഷം ഷട്ടറുകൾ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു. 7 മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴക്കി. 7.29ന് മൂന്നാം നമ്പർ ഷട്ടറും 7.30ന് നാലാം നമ്പർ ഷട്ടറും ഉയർത്തി. മഴ തുടരുന്നതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.

2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നത്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ, നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറന്നേക്കും. ഇടുക്കിയിൽ ഇന്നലെ രാത്രി 8നു ജലനിരപ്പ് 2398.30 അടിയാണ് (സമുദ്രനിരപ്പിൽനിന്ന്). ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ വീണ്ടും തുറന്നേക്കും.