'എന്റെ കുട്ടിക്ക് മുഴുവൻ എപ്ലസ് കിട്ടിയിട്ടും സീറ്റ് കിട്ടിയിട്ടില്ല' എന്ന് പറയുമ്പോൾ എന്താണ് നമ്മുടെ മറുപടി? ഹെലികോപ്റ്ററിന് വേണ്ടി കൊടുക്കുന്ന വാടകയെങ്കിലും കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കണമെന്ന് ഷാഫി പറമ്പിൽ; പ്ലസ് വൺ പ്രവേശന വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന വിഷയം നിയമസഭയിൽ ശക്തമായി ഉന്നയിച്ച് പ്രതിപക്ഷം. ഹെലികോപ്റ്ററിന് വേണ്ടി കൊടുക്കുന്ന വാടകയെങ്കിലും കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ വിമർശിച്ചു. പാലക്കാടും മലപ്പുറവും ഉൾപ്പെടെ വിവിധ ജില്ലകളിലെ കണക്കുകൾ നിരത്തിയാണ് ഷാഫി വിഷയംഉന്നയിച്ചത്. ഈ സർക്കാരിൽ നിന്നും ഇതിൽ കൂടുതലൊന്നും വിദ്യാർത്ഥികൾ പ്രതീക്ഷിക്കേണ്ടെന്ന തരത്തിലാണ് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയിട്ടും ചിലർക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ട വിഷയത്തിൽ പഠിക്കാൻ കഴിയില്ലായിരിക്കുമെന്ന് മന്ത്രി തന്നെ മറുപടി പറയുന്നത് അതീവ ഗുരുതര സാഹചര്യമാണെന്നും എംഎൽഎ സഭയിൽ ഉയർത്തി.
പ്രതിപക്ഷം നേരത്തെ ഇക്കാര്യങ്ങൾ ചൂണ്ടികാണിച്ചതാണ്. മൊത്തം സീറ്റുകളുടെ കണക്കും അപേക്ഷകരുടേയും, അലോട്ട്‌മെന്റിന്റേയും കണക്കും എടുത്ത് ഈപ്രശ്‌നത്തെ പരിഹരിക്കാൻ കഴിയില്ല. എല്ലാ ജില്ലകളിലും പത്തും, ഇരുപതും ശതമാനം സീറ്റ് വർധിപ്പിച്ചതുകൊണ്ടും ഈ പ്രശ്‌നത്തെ സമീപിക്കാൻ കഴിയില്ലെന്നും ഷാഫി പറഞ്ഞു. പാലക്കാട് ജില്ലയിൽ മാത്രം ഉപരിപഠനത്തിന് അർഹത നേടിയവരുടേയും സീറ്റിന്റേയും എണ്ണവും തമ്മിൽ പത്തായിരത്തിലധികം വ്യത്യാസമുണ്ട്. സീറ്റ് വർധിപ്പിച്ചാൽ പോലും 4598 കുട്ടികൾ പുറത്താണ്. ജില്ലയിൽ പെരുമാട്ടി ഹയർസെക്കണ്ടറി സ്‌ക്കൂളിൽ ബയോളജിക്കുള്ള സീറ്റ് 120 ആണെങ്കിൽ അഡ്‌മിഷൻ കിട്ടിയ കുട്ടികളുടെ എണ്ണം 41 ആണ്. ഇത്തരം കാര്യങ്ങളെ ശാസ്ത്രീയമായി പഠിച്ച് വേണ്ട സ്ഥലങ്ങളിൽ സീറ്റ് കൊടുക്കുകയും അല്ലാത്ത സ്ഥലങ്ങളിൽ പുനക്രമീകരണം നടത്തി കുട്ടികൾക്ക് സീറ്റ് കൊടുക്കുന്നതിന് പകരം വളരെ ലാഘവത്തോടെയുള്ള സമീപനം ഉണ്ടാവരുത്.
മലപ്പുറം ജില്ലയിൽ 75554 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. ജില്ലയിൽ മെറിറ്റ് സീറ്റ് 34737 ആണ്. നോൺമെറിറ്റിൽ 18000 സീറ്റും ഉണ്ട്. എന്നാൽ അവിടെ 20 ശതമാനം സീറ്റ് കൂടിയാലും പതിനൊന്നായിരത്തിധികം വിദ്യാർത്ഥികൾ പുറത്താണ്. സാമ്പത്തിക പ്രയാസം സർക്കാരിനുണ്ടെങ്കിൽ അത് എല്ലാം എ പ്ലസ് നേടിയ വിദ്യാർത്ഥിയുടെ തലയിൽ അല്ല വെക്കേണ്ടത്. കണ്ണൂരിലും കോഴിക്കോടും ഇതേ സാഹചര്യമാണ് മറിച്ച് പത്തനംതിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും കൂടുതൽ സീറ്റുകൾ ഉണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പഠിക്കാൻ സ്‌ക്കൂളുകളിലേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടും അഡ്‌മിഷൻ കിട്ടാൻ എന്ത് മെറിറ്റാണ് കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടും സീറ്റ് കിട്ടിയിട്ടില്ല, എന്തെങ്കിലും ചെയ്ത് തരണം എന്ന് പറഞ്ഞുകൊണ്ട് കുട്ടികൾ സമീപിക്കാത്ത എത്ര എംഎൽഎമാർ ഇവിടെയുണ്ടാവും. കുട്ടിയുടെ കൈ പിടിച്ച് രക്ഷിതാക്കൾ ഓഫീസിൽ എത്തി 'എന്റെ കുട്ടിക്ക് മുഴുവൻ എപ്ലസ് കിട്ടിയിട്ടും സീറ്റ് കിട്ടിയിട്ടില്ല' എന്ന് പറയുമ്പോൾ എന്താണ് നമ്മുടെ മറുപടി. ഒരു ലക്ഷത്തി ഇരുപത്തൊന്നായിരത്തിലധികം കുട്ടികൾ എ പ്ലസ് നേടിയിട്ടും ഇഷ്ടപ്പെട്ട വിഷയങ്ങളും, സ്‌കൂളും ലഭിക്കില്ലായെന്ന് പറയുന്നത് ഗുരുതര സാഹചര്യമാണെന്നും ഷാഫി വിമർശിച്ചു
മറുനാടന് മലയാളി ബ്യൂറോ