തിരുവനന്തപുരം : പെമ്പിളൈ ഒരുമയ്‌ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പ്രസ്താവനയുടെ പേരിൽ പിണറായി സർക്കാറിനുണ്ടായിരിക്കുന്നത് കടുത്ത പ്രതിസന്ധി. നിയമസഭയിലും പുറത്തുമുള്ള പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കാൻ നന്നായി വിയർക്കുകയാണ് മുഖ്യമന്ത്രിയും മണിയും. പാർട്ടിയിലെ തന്നെ പല നേതാക്കൾക്കും മണിയുടെ വിവാദ രീതികളോട് എതിർപ്പാണുള്ളത്. പരസ്യമായി പലനേതാക്കളും മണിയെ ന്യായീകരിച്ച് രംഗത്തു വരാത്തതും ഇതിനാലാണ്. ഇതും മുഖ്യമന്ത്രിക്ക് തലവേദനയാകുന്നുമണ്ട്.

ഇതോടൊപ്പം തന്നെയാണ് പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. നിയമസഭ നടക്കുന്ന സമയമായതിനാൽ പ്രതിപക്ഷത്തിന് സഭയിൽ മറുപടി നൽകിയേ മതിയാകു. നാടൻശൈലിയെന്ന് പതിവ് ന്യായീകരണം മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും ഇത് പ്രതിപക്ഷം പുച്ഛിച്ചു തള്ളുകയാണ് ചെയ്തത്. സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ മണിയെ ബഹിഷ്‌കരിക്കാനും യു.ഡി.എഫ് തീരുമാനിച്ചു.

മണിയോട് നിയമസഭയിൽ ഇനി ചോദ്യങ്ങൾ ചോദിക്കേണ്ടെന്ന് യു.ഡി.എഫ് പാർലമെന്ററി സമിതിയുടെ തീരുമാനം. സഭയ്ക്കു പുറത്തും ശ്കതമായ പ്രതിഷേധമാണ് യുഡിഎഫ് ലക്ഷ്യം. മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷം ബഹളം തുടർന്നതും ശക്തമായ പ്രക്ഷോഭത്തിന്റെ സൂചനയാണ്.

അതിനിടെ സ്ത്രീത്വത്തിന് അപമാനകരമായ പരാമർശം നടത്തിയ മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ്ചെന്നത്തല സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തെഴുതി. മന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാർമികത മണിക്ക് നഷ്ടമായെന്നാണ് കത്തിൽ പറയുന്നത്.  സർക്കാർ ഉദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തി മാഫിയയുടെ പ്രവർത്തനങ്ങളെ സഹായിക്കുകയാണ് മന്ത്രി എം എം മണിചെയ്യുന്നതെന്ന് കത്തിൽ ആരോപിക്കുന്നുണ്ട്.

സ്ത്രീകളെ അടിച്ചാക്ഷേപിക്കുന്ന തരത്തിൽ മന്ത്രി എം എം മണി നടത്തിയ ഹീനമായ പരാമർശങ്ങൾ കേരളീയ സമൂഹത്തിൽചൂടേറിയ ചർച്ചകൾക്ക് വഴിമരുന്നിട്ട് കഴിഞ്ഞു. വലിയ അസംതൃപ്തിയാണ് എല്ലാ വിഭാഗം ജനങ്ങളിലും ഈ പരാമർശം സൃഷ്ടിച്ചിട്ടുള്ളത്.വനിതാ സംഘടനകളെല്ലാം തന്നെ അതി ശക്തമായപ്രതിഷേധമാണ് ഇതിനെതിരെ ഉയർത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്നും വ്യതിചലിച്ച മണിയുടെ പ്രവർത്തിയെ ന്യായീകരിക്കുകയാണ് നിർഭാഗ്യവച്ചാൽ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന നേതൃത്വവും
ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സി പി എം അഖിലേന്ത്യ സെക്രട്ടറിയെന്ന നിലയിൽ അടിയന്തിരമായി ഇടപെട്ട് മണിയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടുള്ളത്.

മണിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ കേന്ദ്രനേതൃത്വത്തിന് താൽപ്പര്യമില്ലായിരുന്നു. പിണറായി വിജയന്റെ താലപ്പര്യമാണ് അന്ന് മണിക്ക് തുണയായത്. എന്നാൽ നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന മണിയുടെ പ്രവർത്തനത്തിൽ കേന്ദ്രനേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് അറിയുന്നത്. മണിക്കെതിരായ അച്ചടക്ക നടപടി സംസ്ഥാനസമിതി ചർച്ചചെയ്യുമ്പോൾ കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകളും നിർണ്ണായകമാണ്.