തിരുവനന്തപുരം: ഇന്ത്യയും പതിനാല് ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ കേരളത്തെ ദോഷകരമായി ബാധിച്ചതായി കൃഷിമന്ത്രി കെ.പി മോഹനൻ. ഇക്കാര്യത്തിലുള്ള ആശങ്ക മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും നിയമസഭയിൽ അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് 2020ൽ പൂർത്തിയാക്കുംവിധം ലൈറ്റ് മെട്രോ നടപ്പാക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും നിയമസഭയിൽ പറഞ്ഞു. നേരത്തെ പരിഗണിച്ചിരുന്ന മോണോ റെയിൽ പദ്ധതി ഉപേക്ഷിച്ചു. കഴക്കൂട്ടം മുതൽ കരമനവരെയാകും ലൈറ്റ് മെട്രോ ഒന്നാംഘട്ടത്തിൽ നടപ്പാക്കുക. രണ്ടാംഘട്ടത്തിൽ കരമന മുതൽ നെയ്യാറ്റിൻകര വരെയും. കോംപ്രിഹെൻസീവ് മൊബിലിറ്റി പ്‌ളാൻ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ ലൈറ്റ് മെട്രോയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി റോഡുകളുടെ നവീകരണ ജോലികളെ ബാധിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു

അതിനിടെ നാണ്യവിളകളുടെ വിലത്തകർച്ച സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. മുല്ലക്കര രത്‌നാകരൻ എം എൽ എയാണ് അടിയന്ത പ്രമേയത്തിന് നോട്ടീസ് നൽകിയത്. 2009 ഓഗസ്റ്റ് 13ന് ഒപ്പുവച്ച കരാർ പ്രകാരം ആസിയാൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 85 ശതമാനം സാധനങ്ങളുടെ നികുതി 2016ഓടെ വെട്ടിക്കുറയ്ക്കുകയോ പൂർണമായി എടുത്തുകളയുകയോ ചെയ്യേണ്ടിവരും. ഈ കരാർ ഏറ്റവും ദോഷകരമായി ബാധിക്കുക കേരളത്തിന്റെ കാർഷിക ഉത്പന്നങ്ങളെയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും ചർച്ചയ്ക്കിടെ മന്ത്രി കെപി മോഹനൻ പറഞ്ഞു.

റബർ കർഷകരെ ദുരിതബാധിതരായി പ്രഖ്യാപിക്കണമെന്ന് മുൻ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരൻ സഭയിൽ പറഞ്ഞു. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്ന് മുല്ലക്കര രത്‌നാകരൻ ആരോപിച്ചു. വിവിധ രാജ്യങ്ങളുമായി ഏർപ്പെട്ട വ്യാപാര കരാറുകളാണ് കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് കാരണം. ഈ സാഹചര്യത്തിൽ കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കർഷകരുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് കൃഷിമന്ത്രി കെ പി മോഹനൻ ഉറപ്പ് നൽകിയതോടെ ഡെപ്യൂട്ടി സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനെ തുടർന്നാണ് പ്രതിപക്ഷ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.