തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങുന്ന വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പെൻഷൻ മുടങ്ങുന്ന വിഷയവും ഇതേതുടർന്ന് തിരുവനന്തപുരത്ത് ജീവനക്കാരൻ ജീവനൊടുക്കിയ വിഷയവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.രാജുവാണ് പ്രതിപക്ഷത്തു നിന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്.

പ്രശ്‌നത്തിൽ സർക്കാരിന് യാതൊരു ആത്മാർഥതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ പറഞ്ഞു. 10 ബാർ തൊഴിലാളികൾ ജീവനൊടുക്കിയപ്പോൾ മദ്യനയം പുനപരിശോധിക്കുന്ന സർക്കാർ 19 കെഎസ്ആർടിസി ജീവനക്കാർ ജീവനൊടുക്കിയിട്ടും എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

വിഷയത്തിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്‌ടെന്ന് സഭയെ അറിയിച്ചു. ധനമന്ത്രി, ഗതാഗതമന്ത്രി എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ചയിലെ യോഗത്തോടെ പെൻഷൻ മുടങ്ങുന്ന പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും വ്യക്തമാക്കി. ഇതേതുടർന്ന് ഡപ്യൂട്ടി സ്പീക്കർ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. ഇതേതുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.