- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മകൾക്കൊപ്പം'; പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ സ്ത്രീധന വിരുദ്ധ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു; ടോൾ ഫ്രീ നമ്പർ- 1800 425 1801
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ മാനസിക ശാരീരിക പീഡനങ്ങൾ നേരിടുന്ന പെൺകുട്ടികൾക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നതിനു വേണ്ടി പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഹെൽപ്പ് ഡെസ്ക്കും ടോൾ ഫ്രീ നമ്പരും പ്രവർത്തനമാരംഭിച്ചു. സ്ത്രീധന പീഡനങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ച 'മകൾക്കൊപ്പം' കാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഹെൽപ് ഡെസ്ക് ആരംഭിച്ചത്.
കന്റോൺമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചലച്ചിത്ര പിന്നണി ഗായിക അപർണ രാജീവ് എന്നിവർ ചേർന്ന് ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.1800 425 1801 ആണ് ഹെൽപ് ഡെസ്കിലേക്കുള്ള ടോൾ ഫ്രീ നമ്പർ. ഹെൽപ് ഡെസ്കിൽ വിളിക്കുന്നവർക്ക് സഹായം നൽകാൻ സംസ്ഥാനത്തെ എല്ലാ കോടതികളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 87 അഭിഭാഷകരുടെ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.
സംഘടനകളും സ്ഥാപനങ്ങളും ഇത്തരത്തിൽ ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ച് പെൺകുട്ടികൾക്ക് പിന്തുണയേകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കുടുംബത്തിന് ഭാരമാകരുതെന്ന ചിന്തയിലാണ് പല പെൺകുട്ടികളും ഇന്ന് ആത്മഹത്യ ചെയ്യുന്നത്. ആത്മഹ്യയേക്കാൾ ഭേദമാണ് വിവാഹമോചനമെന്ന് അവരെ തിരുത്താൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും വർധിക്കുകയാണ്. സ്ത്രീധനം ചോദിക്കുന്നവരെ അവമതിപ്പോടെ കണ്ട തലമുറയുണ്ടായിരുന്നു. കാലചക്രം തിരിഞ്ഞപ്പോൾ സ്ത്രീധനം ചോദിക്കാനും വാങ്ങാനും തയാറാകുന്നവരുടെ എണ്ണം സമൂഹത്തിൽ വർധിച്ചു വരുകയാണ്. ഇത് തെറ്റായ പ്രവണതയാണ്. സ്ത്രീധനത്തിന്റെ പേരിൽ ഇനിയൊരു മകളുടെയും ജീവൻ നഷ്ടമാകരുത്. സ്ത്രീധന വിവാഹം ഇനി കേരളത്തിൽ നടക്കരുത്.
സ്ത്രീധനം കൊടുക്കില്ലെന്ന് പെൺകുട്ടികളും വാങ്ങില്ലെന്ന് ആൺകുട്ടികളും കർശനമായി തീരുമാനമെടുക്കണം. ജീവിതം തോറ്റു പിന്മാറാനുള്ളതല്ലെന്നും പോരാടാനുള്ളതാണെന്നും പെൺകുട്ടികൾ മനസ്സിൽ ഉറപ്പിക്കണം. സമൂഹം അവരെ ചേർത്ത് പിടിച്ച് അവർക്ക് ആത്മവിശ്വാസവും ആത്മധൈര്യവും പകർന്നു നൽകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ