മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചശേഷം നടത്തിയ നിർണായക വെളിപ്പെടുത്തലിലൂടെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയ ഒ.പനീർശെൽവം ഇന്ന് ആർക്കും വേണ്ടാത്ത നിലയിലാണ്. ശശികലയെ മറികടന്ന് മുഖ്യമന്ത്രിസ്ഥാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ പനീർശെൽവത്തിനില്ല. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ പനീർശെൽവം തീർത്തും അപ്രസക്തനായി. പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, പനീർശെൽവത്തിന്റെ വീടിനുനേർക്ക് കല്ലേറുണ്ടായത് തമിഴ്ജനതയും അദ്ദേഹത്തെ കൈവിട്ടുവെന്നതിന് തെളിവായി.

124 എംഎൽമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനിസ്വാമി അവകാശപ്പെടുന്നത്. പനീർശെൽവത്തെയും ഒപ്പം നിൽക്കുന്നവരെയും പാർട്ടിയിൽനിന്ന് പുറത്താക്കിയശേഷമാണ് ശശികല ബെംഗളൂരു ജയിലിലേക്ക് പോയത്. ഇതോടെ കൂറുമാറ്റ നിരോധന നിയമത്തിന്റെ ഭീഷണിയും പനീറിന് മുകളിലുണ്ട്. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ പനീറിനൊപ്പമുണ്ടായിരുന്ന എംഎൽഎമാരും മറുകണ്ടം ചാടി പളനിസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ അതിശയപ്പെടേണ്ടതില്ല. അപ്പോഴും ഒറ്റയ്ക്കാവുക പനീർശെൽവം മാത്രമാകും.

പാർട്ടിയെ കളങ്കിതരിൽനിന്ന് മോചിപ്പിക്കുമെന്നാണ് പനീർശെൽവം പറയുന്നത്. പക്ഷേ, പുറത്താക്കപ്പെട്ട പനീർശെൽവത്തിന് അണികളുടെ പിന്തുണ നേടിയെടുക്കുക എളുപ്പമാകില്ല. അധികാരത്തിന്റെ പിന്നാലെ പോകുന്ന നേതാക്കൾ പനീറിനെ കണ്ടതായി ഭാവിച്ചെന്നും വരില്ല. ശശികല ജയിലിലായത്, അതേവരെ അവരെ എതിർത്തിരുന്നവർക്കുപോലും സഹതാപം തോന്നാനും കാരണമായിട്ടുണ്ട്. ശശികലയുടെ മന്നാർകുടി മാഫിയയിൽനിന്ന് തമിഴ്‌നാടിനെയും പാർട്ടിയെയും രക്ഷിക്കുമെന്ന് പറയുന്ന പനീർശെൽവത്തിന് അതെത്രത്തോളം സാധിക്കുമെന്ന കാര്യമാണ് തമിഴ്‌നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ശശികലയിൽനിന്നും കുടുംബത്തിൽനിന്നും പാർട്ടിയെ രക്ഷിക്കുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്ന് പനീർശെൽവം പ്രഖ്യാപിച്ചിട്ടുണ്ട്. തന്നെ മുഖ്യമന്ത്രിയാക്കിയ ശശികലയോട് പളനിസ്വാമിക്ക് അങ്ങേയറ്റത്തെ കടപ്പാടുണ്ടാവും. പനീർശെൽവം പാർട്ടിയിലേക്ക് തിരിച്ചുവരാതെ നോക്കുകയാവും അദദ്ദേഹത്തിന്റെ പ്രഥമ പരിഗണന. ബലപ്രയോഗത്തിലൂടെ തടങ്കലിലാക്കിയ എംഎൽഎമാരുടെ പിന്തുണയിലാണ് പളനിസ്വാമി മുഖ്യമന്ത്രി പദത്തിലേറിയതെന്നാണ് പനീർശെൽവത്തിന്റെ ആരോപണം. പാർട്ടി അണികളുടെയോ ജനങ്ങളുടെ വികാരം കണക്കിലെടുത്തിട്ടില്ലെന്നും പനീർശെൽവം ആരോപിക്കുന്നു.

പനീറിന് ബിജെപിയുടെ പിന്തുണയുണ്ടെന്നതായിരുന്നു ഇതുവരെയുള്ള കണക്കുകൂട്ടൽ. എന്നാൽ അധികാരത്തിൽനിന്നും പാർട്ടിയിൽനിന്നും ബഹിഷ്‌കൃതനായ പനീർശെൽവത്തോട് ബിജെപിയും അകലത്തിലാണ്. എ.ഐ.എ.ഡി.എം.കെ നെടുകെ പിളരുമെന്നായിരുന്നു ബിജെപി കരുതിയിരുന്നത്. എന്നാൽ, അതുണ്ടാകാതെ വന്നതോടെ, അവരുടെ പനീറിൽനിന്ന് അകലുകയാണന്നാണ് സംസ്ഥാനത്തെ നേതാക്കൾ നൽകുന്ന സൂചന.