രു ആവേശത്തിന് കയറി മെസേജോ വീഡിയോയോ ഓഡിയോയോ വാട്‌സ് ആപ്പിൽ ആർക്കെങ്കിലും അയച്ച് കഴിഞ്ഞിട്ടായിരിക്കും അത് അയക്കേണ്ടിയിരുന്നില്ലെന്നും ചെയ്ത് പോയത് അബദ്ധമായെന്നും നമുക്ക് തോന്നുക. എന്നാൽ കൈവിട്ട ആയുധവും വാ വിട്ട വാക്കും പോലെ അയച്ച മെസേജ് തിരിച്ചെടുക്കാനാവാതെ നാം പകച്ച് നിൽക്കാറുമുണ്ട്. എന്നാൽ ഈ ധർമസങ്കടം ഒഴിവാക്കാൻ വാട്‌സ് ആപ്പ് തന്നെ പരിഹാരം കാണാനൊരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനായി പുതിയൊരു ഫീച്ചർ നടപ്പിലാക്കുകയാണ് വാട്‌സ് ആപ്പ് ചെയ്യുന്നത്. ഇതിലൂടെ അയച്ച മെസേജുകൾ അഞ്ച് മിനുറ്റിനകം പിൻവലിക്കാൻ സാധിക്കും. ഇതിന് പുറമെ അയച്ച് പോയ വീഡിയോയും ഓഡിയോയും അടക്കം ഏത് മെസേജും വായിക്കുന്നതിന് മുമ്പ് ഈ ഫീച്ചറിലൂടെ പിൻവലിക്കുകയും ചെയ്യാം.

' റീകാൾ' എന്നാണീ ഫീച്ചറിന്റെ പേര്. ഇക്കഴിഞ്ഞ ഏപ്രിലിൽ ഈ ഫീച്ചർ വാട്‌സ് ആപ്പിൽ പ്രാവർത്തികമാക്കുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ആപ്പിന്റെ ബീറ്റ വെർഷനിൽ അന്നത് പരീക്ഷിക്കുയും ചെയ്തിരുന്നു. റീകാൾ ഫീച്ചർ ഉടൻ നടപ്പിലാക്കാൻ വാട്‌സ് ആപ്പ് ഒരുങ്ങുന്നുവെന്ന് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫാൻ സൈറ്റായ വാബീറ്റൽഎൻഫോ വെളിപ്പെടുത്തുന്നു. വാട്‌സ് ആപ്പിന്റെ ഫീച്ചറുകൾ ഇതിന് മുമ്പ് ഈ സ്ഥാനം ടെസ്റ്റ് ചെയ്തിരുന്നു. ടെക്സ്റ്റുകൾ, ഇമേജുകൾ, വീഡിയോകൾ, ജിഐഎഫുകൾ, ഡോക്യുമെന്റുകൾ, ക്വോട്ടഡ് മെസേജുകൾ, സ്റ്റാറ്റസ് റിപ്ലൈ തുടങ്ങി ഏത് തരത്തിലുമുള്ള മെസേജുകളും റീകാളിലൂടെ തിരിച്ചെടുക്കാൻ സാധിക്കും.

ഇതനുസരിച്ച് യൂസർമാർക്ക് മെസേജുകൾ അയച്ച് അഞ്ച് മിനുറ്റിനകം ഇവ ഡിലീറ്റ് ചെയ്യാൻ സാധിക്കും. ആപ്പിന്റെ വെർഷൻ 2.17.30 ന്റെ കോഡിൽ ഈ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വാട് ആപ്പ് ഇത് വരെ അത് യൂസർമാർക്ക് ലഭ്യമാക്കിയിട്ടില്ലെന്നാണ് വാബീറ്റൽഎൻഫോ വെളിപ്പെടുത്തുന്നത്. ഇന്നലെ രാവിലെ വാട്‌സ് ആപ്പ് വെർഷൻ 2.17.30 ആപ്പിൾ സ്റ്റോറിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിൽ റീകാൾഫീച്ചർ ഉൾപ്പെടുത്തിയിട്ടില്ല. ഏപ്രിലിൽ ടെസ്റ്റ് ചെയ്ത ബീറ്റ പതിപ്പിൽ മറ്റ് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. എന്നാൽ പുതിയ ഫീച്ചറിനെക്കുറിച്ച് വാട്‌സ് ആപ്പ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.