ലഖ്നൗ: പ്രായപൂർത്തിയാകത്തവരുമായുള്ള ഓറൽ സെക്സ് പോക്സോ നിയമത്തിന് കീഴിൽ വരില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഓറൽ സെക്സ് 'ഗുരുതരമായ ലൈംഗികാതിക്രമം' എന്ന വിഭാഗത്തിൽ പെടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി 10 വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ തടവ് ശിക്ഷ 10 വർഷത്തിൽ നിന്ന് ഏഴ് വർഷമായി കുറച്ചു.

പത്ത് വർഷം തടവിന് ശിക്ഷിച്ച പ്രത്യേക സെഷൻസ് കോടതി ഉത്തരവിനെതിരെ സോനു കുശ്വാഹ നൽകിയ ഹരജിയിൽ നവംബർ 20ന് ജസ്റ്റിസ് അനിൽ കുമാറിന്റെ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2012 ലെ പോക്‌സോ നിയമത്തിലെ 6-ാം വകുപ്പിനൊപ്പം ഐ.പി.സി സെക്ഷൻ 377, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് ഝാൻസിയിലെ പ്രത്യേക സെഷൻസ് കോടതി കുശ്വാഹയെ ശിക്ഷിച്ചിരുന്നത്. എന്നാൽ, ഇയാൾക്കെതിരെ കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പോക്‌സോ നിയമത്തിലെ സെക്ഷൻ 6, ഓറൽ സെക്‌സ് ഗുരുതരമായ ലൈംഗികാതിക്രമത്തിന്റെയോ, ലൈംഗികാതിക്രമത്തിന്റെയോ വിഭാഗത്തിൽ പെടുന്നില്ല. ''ഇത് ലൈംഗികാതിക്രമം ചെയ്യാൻ ശ്രമിച്ചുവെന്ന വിഭാഗത്തിലാണ് വരുന്നത്, ഇത് പോക്‌സോ നിയമത്തിലെ സെക്ഷൻ 4 പ്രകാരം ശിക്ഷാർഹമാണ്, അതേ നിയമത്തിലെ സെക്ഷൻ 6 അല്ല,'' കോടതി പറഞ്ഞു.