ഡബ്ലിൻ: ഡെസ്മണ്ട് കൊടുങ്കാറ്റ് വിതച്ച കനത്ത നാശങ്ങൾ ഇനിയും അവസാനിക്കുന്നില്ല. ഷാനോൻ നദിയിലെ ജലനിരപ്പ് അതിശക്തമായ തോതിൽ ഉയരുന്നതും ഇനിയുള്ള ദിവസങ്ങളിൽ കനത്ത മഴ പെയ്യുന്നതും കാലാവസ്ഥ പ്രതികൂലമാക്കിയിരിക്കുന്നു. മഴയ്‌ക്കൊപ്പം തന്നെ മിഡ്‌ലാൻഡ്‌സിൽ മഞ്ഞുവീഴ്ചയും പ്രവചിച്ചിട്ടുള്ളതിനാൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.

അറ്റ്‌ലാന്റിക്കിൽ നിന്നുള്ള ന്യൂനമർദം മൂലം കനത്ത മഴ ആദ്യം പെയ്യുക കെറിയിലായിരിക്കും. പിന്നീട് അത് മൺസ്റ്റർ, ലിൻസ്റ്റർ, സൗത്ത് കോണാട്ട് എന്നിവിടങ്ങളിലേക്ക് നീങ്ങും. അടുത്ത പത്തു ദിവസവും മഴ തിമിർത്തു പെയ്യുമെന്നാണ് മെറ്റ് ഐറീൻ പ്രവചനം. യാത്ര പുറപ്പെടുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 20 മുതൽ 50 മില്ലി മീറ്റർ വരെ തോതിലാണ് ആഴ്ചാവസാനം മഴ പെയ്യുന്നമെന്ന് പ്രവചിച്ചിരിക്കുന്നത്.

ഷാനോണിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് ക്ലെയർ, കോർക്ക്, കെറി എന്നീ കൗണ്ടികളിൽ മെറ്റ് എയ്‌റീൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാകും. മിക്ക വീടുകളിലും ഇപ്പോൾ തന്നെ വെള്ളം കയറിയിട്ടുണ്ട്. ജലനിരപ്പുയർന്നതിനെ തുടർന്ന് ഇന്നലെ ക്ലെയർ കൗണ്ടിയിൽ ഫ്‌ലഡ് വാണിങ് നൽകിയിരുന്നു. 2009 നു ശേഷം ക്ലെയറിൽ ഇത്രയും ജലനിരപ്പുയർന്നിട്ടില്ലെന്നാണ് പറയുന്നത്. ഇന്നത്തെ മഴയുടെ ശക്തിയെ ആശ്രയിച്ച് ജലനിരപ്പ് ഇനിയും ഉയരും. വെള്ളപ്പൊക്കത്തെ തുടർന്ന് ക്ലോൺലാറ വില്ലേജിലെ നിരവധി വീടുകൾ ഒഴിപ്പിച്ചിട്ടുണ്ട്.

അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ മഞ്ഞു വീഴ്ച ഉണ്ടാകുമെന്നും മെറ്റ് ഐറീൻ പറയുന്നു. രണ്ടു മണിക്കൂർ നീളുന്ന മഞ്ഞുമഴ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ വാഹനവുമായി പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.