വൈറ്റമിൻ സിയുടെ കലവറയാണ് ഓറഞ്ച് ജ്യൂസ് എന്നും ചർമത്തിന് തിളക്കം വർധിപ്പിക്കാൻ ഓറഞ്ച് മികച്ചതാണെന്നും മറ്റും നമുക്ക് അറിയാം. എന്നാൽ ഓർമ ശക്തി വർധിപ്പിക്കാൻ ഓറഞ്ച് ജ്യൂസിന് സാധിക്കുമെന്നാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്. എല്ലാ ദിവസവും അര ലിറ്റർ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഓർമ വർധിപ്പിക്കുമെന്നും ബ്രെയിൻ പവർ കൂട്ടുമെന്നുമാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.

പ്രായമായവരെ ഓറഞ്ച് ജ്യൂസ് കുടിപ്പിച്ച് വെറും രണ്ടു മാസത്തിനുള്ളിൽ ഓർമശക്തിയിൽ ഏറെ പുരോഗതി കണ്ടെത്തിയതായാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഓറഞ്ചിൽ അടങ്ങിയ ഫ്‌ലവനോയിഡുകളാണ് ഇത്തരത്തിൽ ഓർമശക്തി വർധിപ്പിക്കാൻ സഹായകമാകുന്നുവെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. റീഡിങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ദിവസവും അരലിറ്റർ ഓറഞ്ച് ജ്യൂസ് കുടിക്കാൻ 37 പേരോട് ഗവേഷക സംഘം ആവശ്യപ്പെട്ടിരുന്നു. 60 മുതൽ 81 വയസു വരെ പ്രായമുള്ള 24 സ്ത്രീകളും 13 പുരുഷന്മാരുമാണ് പരീക്ഷണത്തിന് വിധേയരായവർ.

ഇവരിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ ഓർമ ശക്തിയും പ്രതികരണ ശേഷിയും സംസാരശേഷിയും വർധിച്ചുവെന്നാണ് കണ്ടെത്തിയത്. രണ്ടു മാസത്തിനുള്ളിൽ എട്ടു ശതമാനം സ്‌കോറാണ് ഇക്കാര്യത്തിൽ വർധിച്ചത്. അതേസമയം എല്ലാവരും അരലിറ്റർ ഓറഞ്ച് ജ്യൂസ് തന്നെ ദിവസേന കുടിക്കണമെന്നില്ലെന്നും  ഓറഞ്ച് ജ്യൂസ് അടങ്ങിയിട്ടുള്ള വസ്തുക്കൾ ഉള്ളിൽ ചെല്ലുന്നത് ബ്രെയിൻ ബൂസ്റ്റിംഗിന് ഇടയാക്കുമെന്നും ശാസ്തജ്ഞർ സാക്ഷ്യപ്പെടുത്തുന്നു.

വയോധികരുടെ എണ്ണം ലോകത്ത് ഓരോ വർഷവും വർധിക്കുകയാണെന്നും വയോധികരുടെ ആരോഗ്യസ്ഥിതിയിൽ അതുകൊണ്ടു തന്നെ ഏറെ കരുതൽ ആവശ്യമുണ്ടെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 2100 ആകുമ്പോഴേയ്ക്കും 60 വയസു കഴിഞ്ഞവരുടെ എണ്ണം നിലവിലുള്ളതിനെക്കാൾ ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടു്‌നത്. ഇത്തരത്തിൽ വയോധികരുടെ എണ്ണം അടിക്കടി വർധിച്ചു വരുമ്പോൾ ആരോഗ്യസംരക്ഷണവും കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഇവയ്ക്ക് ഒരു പരിഹാരം കൂടിയാണ് ഓറഞ്ച് ജ്യൂസ് എന്നാണ് വിദഗ്ധാഭിപ്രായം.

ബ്രെയിൻ ബൂസ്റ്ററായ ഫ്‌ലവനോയ്ഡ് ബ്ലൂബറിയിലും ഏറെ അടങ്ങിയിട്ടുണ്ട്. ഫ്‌ലവനോയ്ഡ് അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നത് കുട്ടികൾക്കും ഓർമ ശക്തി വർധിപ്പിക്കാൻ സഹായകമാകും.