ഡബ്ലിൻ: രാജ്യത്തിന്റെ മിക്കയിടങ്ങളിലും മെറ്റ് ഐറീൻ ഓറഞ്ച് അലർട്ട് നൽകി. രാവിലെയും വൈകുന്നേരവും മഞ്ഞിന്റെ ശല്യമുണ്ടാകുമെന്നും അത് റോഡിലുള്ള കാഴ്ച മറയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. കോണാട്ട്, കാവൻ, മൊണഗൻ, ഡൊണീദൽ, ഡബ്ലിൻ, കിൽഡെയർ, ലോംഗ്‌ഫോർഡ്, ലൗത്ത്, ഒഫാലി, വെസ്റ്റ്മീത്ത്, മീത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും കാലാവസ്ഥാ മുന്നറിയിപ്പ് ശക്തമായി നൽകിയിരിക്കുന്നത്.

നാളെ രാവിലെ വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി മെറ്റ് ഐറീൻ പറയുന്നു. സൗത്ത്, വെസ്റ്റ് മേഖലകളിലായിരിക്കും ഏറഅറവുമധികം മഴ ലഭിക്കുക. നാളെ രാവിലെ രാജ്യമെമ്പാടും വ്യാപകമായി മഴ പെയ്യും. താപനില ഒമ്പതിനും 13 ഡിഗ്രിക്കും ഇടയ്ക്കായതിനാൽ താരതമ്യേന നല്ല കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വ്യാഴാഴ്ച രാവിലെ നിരത്തിലിറങ്ങാൻ പറ്റാത്ത വിധം മൂടൽമഞ്ഞായിരുന്നു എവിടേയും. ഇന്നുച്ചയ്ക്ക് വരണ്ട കാലാവസ്ഥയായിരിക്കുമെന്നും ഇടയ്ക്കിടെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

ഇന്നലെ രാത്രി പുറപ്പെടുവിച്ച ഓറഞ്ച് അലർട്ട് ഇന്നുച്ചകഴിഞ്ഞു മാത്രമേ പിൻവലിക്കുകയുള്ളൂ. താപനില പത്തു ഡിഗ്രി വരെയായിരിക്കും ഉയരുക. ഇന്നു രാത്രിയും ആകാശം മേഘാവൃതമായിരിക്കുമെന്നും സൗത്ത് വെസ്റ്റ് മേഖലകളിൽ രാത്രി തന്നെ മഴ പെയ്യുമെന്നും മെറ്റ് ഐറീൻ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി നാലു മുതൽ എട്ടു ഡിഗ്രി വരെയായിരിക്കും താപനില അനുഭവപ്പെടുക.