ന്യായമായ ആവശ്യങ്ങളിൽ നീതി ലഭിക്കുന്നതനായി പാവപ്പെട്ടവർ വർഷങ്ങളോളം കോടതി കയറിയിറങ്ങുമ്പോൾ, പണത്തിന്റെ പിൻബലത്തിൽ മുതിർന്ന അഭിഭാഷകരെ കേസ് ഏൽപിച്ച് വേഗത്തിൽ കാര്യം നടത്തിയെടുക്കുന്നവരും നമ്മുടെ രാജ്യത്തുണ്ട്. പണം കൊണ്ടുമാത്രം സാധിക്കുന്ന ഈ ആനുകൂല്യം ഇനി സുപ്രീം കോടതിയിൽനിന്ന് പ്രതീക്ഷിക്കേണ്ട. മുതിർന്ന അഭിഭാഷകരുടെ കേസുകൾ ക്യൂ തെറ്റിച്ച് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ അവസാനിപ്പിച്ചു.

മുതിർന്ന അഭിഭാഷകൻ രാം ജേഠ്മലാനി ഹാജരാകുന്ന കേസ് പരിഗണിക്കുന്നത് മാറ്റിവച്ചുകൊണ്ടാണ് ഈ നടപടിക്ക് ചീഫ് ജസ്റ്റിസ് തുടക്കമിട്ടത്. അഭിഭാഷകരുടെയോ കേസിലുൾപ്പെട്ടവരുടെയോ വലിപ്പമല്ല കേസ് പരിഗണിക്കുന്നതിന്റെ സമയക്രമം നിശ്ചയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഉപ്ഹാർ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗോപാൽ അൻസാലിനുവേണ്ടി ഹാജരായ രാം ജേഠ്മലാനി തന്റെ കക്ഷിയുടെ കേസ് വേഗം പരിഗണിക്കണമെന്ന് വെള്ളിയാഴ്ച കോടതിയോട് അഭ്യർത്ഥിച്ചു.

കോടതി രജിസ്ട്രിക്ക് കുഴപ്പമില്ലെങ്കിൽ കേസ് വെള്ളിയാഴ്ച തന്നെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, കേസ് പരിഗണിക്കുന്നതിന് രജിസ്ട്രി തടസവാദങ്ങൾ ഉന്നയിച്ചതോടെ കേസ് വെള്ളിയാഴ്ച പരിഗണിക്കപ്പെട്ടില്ല. ഇതേത്തുടർന്നാണ് രാം ജേഠ്മലാനി ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്.

എന്നാൽ, ഇത് തടഞ്ഞുകൊണ്ടാണ് ഖേഹറിന്റെ സുപ്രധാന നിരീക്ഷണം. കേസ് അടിയന്തിരമായി പരിഗണിക്കുന്നതിൽ പ്രത്യേക കീഴ്‌വഴക്കമൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രജിസ്ട്രി കേസ് പരിഗണിക്കുന്നതിൽ തടസ്സം ഉന്നയിച്ചാൽ പ്രതിക്ക് അതിനെതിരെ അപ്പീൽ പോകാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന അഭിഭാഷകൻ ഹാജരാകുന്ന കേസ് എന്ന നിലയ്ക്ക് ഹർജി അതിവേഗം പരിഗണിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ കോടതി നൽകിയത്.

കേസിൽ ഒരുവർഷം കൂടി തടവുശിക്ഷ അനുഭവിക്കാനുള്ള ഗോപാൻ അൻസാലിനോട് മാർച്ച് ഒമ്പതിനകം കീഴടങ്ങണമെന്നാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. എന്നാൽ, പ്രായാധിക്യത്താൽ വിഷമിക്കുന്ന ഗോപാലിനെ ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നതായിരുന്നു ഹർജി. ഹർജി എത്രയും പെട്ടെന്ന് പരിഗണിച്ച് ഇകക്കാര്യത്തിൽ തീർപ്പുണ്ടാക്കണമെന്നാണ് ജേഠ്മലാനി ആവശ്യപ്പെട്ടത്.