മെൽബൺ: മിഷനറീസ് ഓഫ് ഗോഡ്‌സ് ലൗ സന്യാസ സമൂഹാംഗം ഡീക്കൻ ബൈജു തോമസിന്റെ പൗരോഹിത്യ സ്വീകരണം ജൂൺ 25ന് (ശനിയാഴ്ച) രാവിലെ 10 മണിക്ക് മെൽബണിലെ ബേർവ്വുഡ് ഹൈവേയിലുള്ള സെന്റ് സ്‌കോളാസ്റ്റികാസ് ദേവാലയത്തിൽ വച്ച് നടക്കും. മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിൽ നിന്നാണ് ഡീക്കൻ ബൈജു തിരുപ്പട്ടം സ്വീകരിക്കുന്നത്. മിഷനറീസ് ഓഫ് ഗോഡ്‌സ് ലൗ സന്യാസ സഭ സ്ഥാപകനും മോഡറേറ്ററുമായ ഫാ.കെൻ ബാർക്കർ, മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി എന്നിവർ തിരുക്കർമ്മങ്ങളിൽ ആർച്ച് ഡീക്കന്മാരായിരിക്കും. ഓസ്‌ട്രേലിയയിൽ സേവനം ചെയ്യുന്ന നിരവധി മലയാളി വൈദികരും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും.

മാനന്തവാടി രൂപതയിലെ മീനങ്ങാടി ഇടവക അംഗമാണ് ഡീക്കൻ ബൈജു തോമസ്. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം മെൽബണിലെ കാത്തലിക് തിയോളജിക്കൽ കോളേജിൽ നിന്നും ഫിലോസഫിയിലും തിയോളജിയിലും പഠനം പൂർത്തിയാക്കി. വൈദിക പഠന കാലത്ത് മെൽബൺ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ മതബോധന വിഭാഗം ജനറൽ കോർഡിനേറ്ററായി സേവനം ചെയ്തിരുന്നു.
എൺപതുകളുടെ തുടക്കത്തിൽ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ സജീവമായിരുന്ന ഡിസൈപ്പിൾ ഓഫ് ജീസസ് എന്ന അല്മായ സമൂഹത്തിൽ നിന്നാണ് 1986ൽ മിഷനറീസ് ഓഫ് ഗോഡ്‌സ് ലൗ എന്ന സന്യാസ സമൂഹത്തിന്റെ ആരംഭം. കരിസ്മാറ്റിക് നവീകരണ പ്രവർത്തനങ്ങളിലും യുവജനങ്ങളുടെ ഇടയിലുള്ള പ്രവർത്തനങ്ങളിലുമാണ് പ്രധാനമായും ഈ സന്യാസ സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇരുപത്തിനാലു വൈദികരും ആറു ഡീക്കന്മാരും 45ഓളം സെമിനാരിക്കാരും ഈ സമൂഹത്തിൽ അംഗങ്ങളാണ്.

ഓസ്‌ട്രേലിയയിലെ മെൽബൺ, കാൻബറ, ഡാർവിൻ എന്നീ സ്ഥലങ്ങളിലും ഫിലിപ്പൈൻസ്, ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങളിലും സന്യാസ ഭവനങ്ങളുള്ള മിഷനറീസ് ഓഫ് ഗോഡ്‌സ് ലൗ 2017 ഓടു കൂടി ഇന്ത്യയിലും പ്രവർത്തനങ്ങൾ ആരംഭിക്കും.
അഡ്രസ്സ്: സെന്റ്. സ്‌കോളാസ്റ്റികാസ് കാത്തലിക് ചർച്ച്,
348 ബേർവ്വുഡ് ഹൈവേ, ബെന്നറ്റ്‌സ്‌വുഡ് മെൽബൺ