ഡാലസ്: മാർത്തോമാ ചർച്ച് ഓഫ് ഡാലസ് (ഫാർമേഴ്സ് ബ്രാഞ്ച്) ഇടവകാംഗവും കുറിയന്നൂർ തെങ്ങുംതോട്ടത്തിൽ വർഗീസ് ജോൺ എലിസബത്ത് ജോൺ ദമ്പതിമാരുടെ മകനുമായ ഡീക്കൻ അരുൺ സാമുവേൽ വർഗീസിന്റെ പൗരോഹിത്യ സ്ഥാനാരോഹണം 15 ശനി രാവിലെ എട്ട് മണിക്ക് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ചർച്ചിൽ മെത്രാപ്പൊലീത്താ റൈറ്റ്. റവ. ജോസഫ് മാർത്തോമായുടെ മുഖ്യകാർമ്മികത്വത്തിലും ഭദ്രാസനാധിപൻ റൈറ്റ്. റവ. ഡോ. ഐസക് മാർ ഫിലെക്സിനോസിന്റെ സഹകാർമ്മികത്വത്തിലും നടത്തപ്പെടുന്നു.

തിരുവല്ല മാർത്തോമാ ചർച്ചിൽ റൈറ്റ്. റവ. ജോസഫ് മാർ ബർണബാസ്, റൈറ്റ് റവ. ഡോ. തോമസ് മാർ തിമൊത്തിയോസ് എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ശുശ്രൂഷയിലാണ് അരുൺ സാമുവേൽ ഡീക്കൻ പദവിയിലേക്ക് പ്രവേശിച്ചത്.

ദുബായിൽ ജനിച്ച അരുൺ മാതാപിതാക്കളോടൊപ്പം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പാണ് അമേരിക്കയിലെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ (ഡാലസ്) നിന്നും ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം നേടിയ അരുൺ ആത്മീക വിഷയങ്ങളിൽ പ്രകടിപ്പിച്ച താല്പര്യമാണ് പട്ടത്വ ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കുവാൻ സഭാ നേതൃത്വത്തെ
പ്രേരിപ്പിച്ചത്.

നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിൽ നിന്നും മാർത്തോമാ സഭയുടെ പൂർണ്ണ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്ന പതിനൊന്നാമത്തേയും ഡാലസിൽ നിന്നും അഞ്ചാമത്തേയും ഫാർമേഴ്സ് ഇടവകയിൽ നിന്നും മൂന്നാമത്തേയും പട്ടക്കാരനാണ് അരുൺ സാമുവേൽ.

ജൂലൈ 15 നു നടക്കുന്ന പട്ടംകൊടശുശ്രൂഷയിൽ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി മാതാപിതാക്കൾ അറിയിച്ചു. ഭദ്രാസനത്തിലെ വിവിധ സഭകളെ പ്രതിനിധീകരിച്ചു പട്ടക്കാർ ഇടവകജനങ്ങൾ എന്നിവരും പ്രത്യേക ശുശ്രൂഷയിലും തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയിലും പങ്കെടുക്കണം.