ലയാളികൾ എക്കാലവും ആവശത്തോടെ സ്വീകരിക്കുന്ന ഒരു ഗാനമാണ് യോദ്ധയിലെ പടകാളി എന്ന ഗാനം. മോഹൻലാലും ജഗതി ശ്രീകുമാറും തകർത്ത് അഭിനയിച്ച ആ ഗാന രംഗം കൊച്ചു കുട്ടികളെ പോലും പിടിച്ചിരുത്തുന്നതാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടിൽ സംഗീത് ശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിലെ 'പടകാളി'യുടെ വയലിൻ വെർഷൻ യൂട്യൂബിൽ വൈറലാകുന്നു.

ഒർഫിയോ ബാൻഡ് തയ്യാറാക്കിയ ഗാനത്തിന്റെ വയലിൻ വെർഷൻ ഇന്നലെയാണ് യൂട്യൂബിൽ റിലീസ് ആയത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കം തന്നെ സംഭവം യൂട്യൂബിൽ സൂപ്പർ ഹിറ്റായി. നിമിഷങ്ങൾക്കൊണ്ട് തന്നെ പടകാളിയുടെ വയലിൻ വേർഷൻ ആയിരങ്ങളാണ് യൂട്യൂബിലൂടെ ആസ്വദിച്ചത്.

ബിച്ചു തിരുമലയുടെ വരികൾക്ക് എ.ആർ റഹ്മാൻ സംഗീതം നൽകിയ യഥാർത്ഥ ഗാനം കെ.ജെ യേശുദാസും, എം.ജി ശ്രീകുമാറുമാണ് ആലപിച്ചത്. മോഹൻലാലും ജഗതി ശ്രീകുമാറും മത്സരിച്ച് അഭിനയിച്ച ഗാനം ഇരുപത്തിയഞ്ച് വർഷത്തിനു ശേഷം പുനസൃഷ്ടിക്കപ്പെട്ടപ്പോൾ സംഗീത മാന്ത്രികൻ ഏ.ആർ റഹ്മാന്റെയും മോഹൻലാലിന്റെയും ആരാധകരിൽ വലിയ ആവേശമാണ് ഇതുണ്ടാക്കിയത്.

ഒർഫിയോ ബാൻഡിനു വേണ്ടി ഫൈസൽ റാസിയാണ് വീഡിയോ സോംഗിന്റെ സംവിധാനം നിർവ്വഹിച്ചത്. റോബിൻ തോമസ്, കാരോൾ ജോർജ്, ഫ്രാൻസിസ് സേവ്യർ, ഹെറാൾഡ് ആന്റണി, മരിയ ബിനോയ്, റെക്സ് ഐസക് എന്നിവരാണ് അണിയറ ശിൽപികൾ.