- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടീച്ചറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രാത്രിയിൽ ശക്തമായ തലവേദനയെ തുടർന്ന്; പിറ്റേന്ന് അപ്രതീക്ഷിതമായി മരണവും; ടീച്ചറുടെ മുന്നിഷ്ടപ്രകാരം കുടുംബത്തിന്റെ സമ്മതത്തോടെ അവയവദാനം; സംഗീത ടീച്ചർ പുതുജീവൻ നൽകിയത് മൂന്നുപേർക്ക്
കോഴിക്കോട്: തലച്ചോറിൽ രക്തസ്രാവം സംഭവിച്ചതിനെ തുടർന്ന് ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ച കണ്ണൂർ പാലയാട് ഹയർസെക്കണ്ടറി സ്കൂൾ അദ്ധ്യാപിക സംഗീത കെ പി മരണാനന്തര അവയവദാനത്തിലൂടെ മൂന്ന് പേർക്ക് പുതുജീവനേകി. കഴിഞ്ഞ ദിവസം രാത്രി ശക്തമായ തലവേദന ഉണ്ടായതിനെ തുടർന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച സംഗീത ടീച്ചറെ അവസ്ഥ ഗുരുതരമായതിനെ തുടർന്നാണ് അടുത്ത ദിവസം കോഴിക്കോട് ആസ്റ്റർ മിംസിൽ എത്തിച്ചത്. ഇതിനോടകം തന്നെ ആരോഗ്യാവസ്ഥ സങ്കീർണ്ണമായി മാറുകയും ബുധനാഴ്ച വൈകീട്ടോടെ ബ്രെയിൻ ഡെത്ത് സ്ഥിരീകരിക്കുകയുമായിരുന്നു.
സാമൂഹികമായ ഇടപെടലുകളിൽ സജീവമായിരുന്ന സംഗീത ടീച്ചർ നേരത്തെ തന്നെ മരണാനന്തര അവയവദാനത്തിനുള്ള താൽപര്യം സഹപ്രവർത്തകരോടും കുടുംബത്തോടും പങ്കുവെച്ചിരുന്നു. ഇതേ സമയം തന്നെ അവയവദാനത്തിനുള്ള സാധ്യതകളെക്കുറിച്ച് ആസ്റ്റർ മിംസിലെ ഡോക്ടർമാർ കുടുംബത്തോട് സംസാരിക്കുകയും തുടർന്ന് കുടുംബം അവയവദാനത്തിന് തയ്യാറാവുകയുമായിരുന്നു. രാത്രിയോടെ തന്നെ ആശുപത്രി അധികൃതർ സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടുകയും, ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ ഉൾപ്പെടെയുള്ള ഇടപെടലുകളോടെ രാത്രി തന്നെ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഉടൻ തന്നെ അനുയോജ്യരായ, സർക്കാർ സംവിധാനമായ മൃതസഞ്ജിവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന സ്വീകർത്താക്കളെ കണ്ടെത്തുകയും രാത്രി തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. രാത്രി 10 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ രാവിലെ 10 മണിയോടെയാണ് പൂർത്തിയായത്. സംഗീത ടീച്ചറുടെ ഭർത്താവ് ഷാജേഷ് പ്രവാസിയാണ്. കുവൈത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ലീവിൽ നാട്ടിലെത്തിയതാണ്. മക്കൾ പുണ്യ (എഞ്ചിനിയറിങ് കോളേജ് കണ്ണൂർ), പൂജ (സേക്രഡ് ഹാർട്ട് സ്കൂൾ)
ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗം സർജന്മാരായ ഡോ. സജീഷ് സഹദേവൻ, ഡോ. നൗഷിഫ്, ഡോ. അഭിഷേക് രാജൻ, ഡോ. സീതാലക്ഷ്മി, യൂറോളജിവിഭാഗം സർജന്മാരായ ഡോ. രവികുമാർ, ഡോ. അഭയ് ആനന്ദ്, ഡോ. സുർദാസ് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ടീം, നെഫ്രോളജി വിഭാഗം മേധാവി ഡോ. സജിത്ത് നാരായണന്റെ നേതൃത്വത്തിലുള്ള ടീം, അനസ്തേഷ്യവിഭാഗം മേധാവി ഡോ. കിഷോർ കുമാറും ട്രാൻസ്പ്ലാന്റ് അനസ്തറ്റിസ്റ്റ് ഡോ. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്. ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ അൻഫി മിജോ കോർഡിനേഷൻ നിർവ്വഹിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.