ചിറ്റൂർ: തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മരണം സംഭവിച്ച യുവാവിന്റെ ബന്ധുക്കൾ ആശുപത്രിക്കെതിരെ ആരോപണവുമായി രംഗത്ത്. മീനാക്ഷിപുരം നെല്ലിമേട് സ്വദേശി പേച്ചി മുത്തുവിന്റെ മകൻ മണികണ്ഠൻ വാഹനാപകടത്തിൽ പരിക്കേറ്റ് സേലം വിനായക മിഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചിരുന്നു. ഹോസ്പിറ്റൽ ബില്ലിന്റെ പേരിൽ ബന്ധുക്കളെ സമ്മർദ്ദത്തിലാഴ്‌ത്തി അവയവങ്ങൾ എടുത്തു മാറ്റുകയായിരുന്നു.

3 ദിവസത്തെ ചികിത്സയ്ക്ക് 3 ലക്ഷത്തോളം രൂപ ആയെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയാണെന്നും മരണം സംഭവിച്ചാൽ ബോഡി വിട്ടു നൽകണമെങ്കിൽ ബിൽ അടയ്ക്കണമെന്നും ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന ഇവർ പണമടയ്ക്കുവാൻ നിവൃത്തിയില്ലാതായതോടെ ഇടനിലക്കാർ മുഖേന അവയവങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

വെള്ളിയാഴ്‌ച്ചയാണ് അപകടം സംഭവിച്ചത്. ചെന്നൈ മേൽമറവത്തൂരിൽ ശിങ്കാരിമേളം അവതരിപ്പിച്ച് മടങ്ങുകയായിരുന്ന മണികണ്ഠനും സംഘവും സഞ്ചരിച്ചിരുന്ന ടവേര കാർ സേലത്തിനു സമീപം കള്ളിക്കുറിശ്ശിയിൽ റോഡിനു നടുവിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവരുൾപ്പെടെ 7 പേർ ഉണ്ടായിരുന്ന സംഘത്തിലെ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്തു തന്നെയുള്ള ഗവ.ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി 120 കിലോമിറ്റർ അപ്പുറത്തുള്ള വിനായക ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആംബുലൻസ് ഡ്രൈവർമാരുടെ നിർദ്ദേശ പ്രകാരമാണ് വിനായക ആശുപത്രിയിലെത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റതിനാലും സ്ഥല പരിചയമില്ലാത്തത് കാരണവും ഇതനുസരിക്കുകയല്ലാതെ മറ്റ് മാർഗ്ഗം ഉണ്ടായിരുന്നില്ലെന്ന് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മണികണ്ഠന്റെ സഹോദരൻ മഹേഷ് പറഞ്ഞു. പിന്നിട് ഇവിടെ ചികിത്സയിലിരിക്കെ മണികണ്ഠന് മസ്തിഷ്‌ക്ക മരണം സംഭവിക്കുകയായിരുന്നു. തുടർന്നാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയതും ബന്ധുക്കളുമായി ബില്ലിന്റെ പേരിൽ വിലപേശൽ ആരംഭിച്ചതും.

ബില്ലടയ്ക്കാൻ നിർവ്വാഹമില്ലാതായതോടെ അവയവങ്ങൾ ദാനം ചെയ്യാൻ നിർബന്ധിതമാവുകയായിരുന്നു. ബന്ധുക്കളുടെ സമ്മതപത്രം വാങ്ങി ഞായറാഴ്‌ച്ച രാത്രി തന്നെ അവയവങ്ങൾ നീക്കം ചെയ്യുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്ന് വിദഗ്ധ ഡോക്ടർമാരെത്തിയാണ് അവയവങ്ങൾ നീക്കിയത്. രാത്രി കാലങ്ങളിലും സ്വകാര്യാശുപത്രികളിലും മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യരുതെന്ന ഉത്തരവ് പോലും മറികടന്ന് ഞായറാഴ്‌ച്ച രാത്രി തന്നെ പോസ്റ്റ്‌മോർട്ടം നടത്തുകയാണ് ചെയ്തിരിക്കുന്നത്. ഗുരുതരാവസ്ഥയിൽ മറ്റ് രണ്ടാളുകളും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.