പ്രപഞ്ച സൃഷ്ടാവ് എന്ന് ദൈവത്തെ ഇനി വിളിക്കാനാവില്ലെന്ന് കാനഡയിലെ ശാസ്ത്രജ്ഞർ. ലോകത്തെ സൃഷ്ടിച്ചത് ദൈവമല്ലെന്നും ശൂന്യതയിൽനിന്ന് ലോകമെങ്ങനെയുണ്ടായി എന്നതിന് തെളിവ് ലഭിച്ചുവെന്നുമാണ് ഇവരുടെ അവകാശവാദം. മതങ്ങളെയും ചിന്തകരെയും ശാസ്ത്രജ്ഞരെയും ഇത്രകാലവും കുഴക്കിയിരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയെന്നാണ് ഇവർ പറയുന്നത്.

ഒന്റാറിയോയിലെ വാട്ടർലൂ സർവകലാശാലയിലെ ഫിസിക്‌സ് ആൻഡ് ആസ്‌ട്രോണമി വിഭാഗം തലവൻ ഡോ. മിർ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചരിത്രപരമായ ഈ കണ്ടെത്തലിന് പിന്നിൽ. വെർച്വൽ പാർട്ടിക്കിൾസ് (നിഴൽ കണികകൾ) ആണ് പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെ അടിസ്ഥാനമെന്ന് ഇവർ പറയുന്നു. വളരെച്ചെറിയ തോതിൽ ഊർജം അടങ്ങിയിട്ടുള്ള നിഴൽകണികകൾ വളരെച്ചെറിയ സമയത്തേയ്ക്ക് നിലനിന്നിരുന്നും അതിൽനിന്നാണ് ലോകമുണ്ടായതെന്നുമാണ് ഇവർ പറയുന്നത്.

എന്നാൽ, ഇത്രയും ചെറിയ ഊർജത്തൽനിന്ന് ഇന്നുകാണുന്ന പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന് വിശദീകരിക്കുക പ്രയാസമാണെന്ന് മിർ ഫൈസൽ പറഞ്ഞു. അത് വിശദീകരിക്കുന്നതിന് ദ മിനിമം ലെങ്ത് സെ്കയിൽ, ഡബ്ലി സ്‌പെഷൻ റിലേറ്റിവിറ്റി എന്നീ രണ്ട് സിദ്ധാന്തങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഇവ ഇപയോഗിച്ച് ഇൻഫ്‌ളേഷൻ തിയറിയിലൂടെ പ്രപഞ്ച സൃഷ്ടിയെ വിശദീകരിക്കുകയാണ് മിർ ഫൈസലിന്റെ സംഘം ചെയ്തത്.

പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെന്ന വിശ്വാസത്തെ നിരാകരിക്കുന്നതാണ് ഇവരുടെ കണ്ടെത്തൽ. ശൂന്യതയിൽനിന്ന് എന്തും സൃഷ്ടിക്കാനുള്ള കഴിവുപയോഗിച്ചാണ് ദൈവം ഇത് സാധിച്ചതെന്ന് കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. എന്നാൽ, ദൈവം ഒരു വലിയ ഗണിതശാസ്ത്രജ്ഞനാണെങ്കിൽ ഈ വിശ്വാസം ശരിയാണെന്നും അദ്ദേഹം പറയുന്നു.