ൻപതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിൽ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കരേറ്റികൊണ്ട് കർത്താവിന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പുനരുദ്ധാനത്തിനും ഒരുക്കുവാനുള്ള നോമ്പ് കാല കുടുംബ നവീകരണ ധ്യാനം 2018 മാർച്ച് 26 , 27 തീയതികളിൽ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയം വിശ്വാസ സമൂഹത്തിനായി ഒരുക്കിയിരിക്കുന്നു.

വിശ്വാസത്തിലധിഷ്ഠിതമായ ജീവിതാനുഭവങ്ങളാണ് കുടുംബഭദ്രതയ്ക്ക് അടിസ്ഥാനം. വിശ്വാസം എന്നത് ദൈവത്തോടുള്ള ആശ്രയം വയ്ക്കലും, പറ്റിച്ചേരലും ഒപ്പം ബുദ്ധിക്കപ്പുറത്തേക്കുള്ള ഒരു ഒരു യാത്രയും കൂടിയാണ്. കുടുംബ സദസുകളെ വളരെ സരസമായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രിയങ്കരനായ ഫാ. ജോസഫ് പുത്തൻപുരക്കൽ കുടുംബ നവീകരണ ധ്യാത്തിന് നേതൃത്വം നൽകും. വ്യക്തിത്വവികാസം, വ്യക്തിയും സമൂഹവും, കുടുംബബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഫാദർ ജോസെഫിന്റെ പ്രഭാഷണങ്ങൾ വളരെ പ്രസിദ്ധമാണ്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഏതു വിഷയത്തെയും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുവാനുള്ള അച്ചന്റെ കഴിവ് അപാരമാണ്. കപ്പൂച്ചിൻ സഭയുടെ കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ കൂടിയാണ് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ.

വലിയ നോമ്പ് കാല കുടുംബ നവീകരണ ധ്യാനവും വചന ശുശ്രൂഷയും ഭൗതികമായ ആഘോഷങ്ങളും ജഡികമായ സന്തോഷങ്ങളെയും നിയന്ത്രിച്ച് ഒരോ വ്യക്തിയേയും ആദ്ധ്യാത്മികമായി ദൈവിക സന്നിധിയിലേക്ക് എത്തിക്കുവാൻ ലഭിക്കുന്ന വലിയ അവസരമാണ്.

2018 മാർച്ച് ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയും, ഇരുപത്തിയേഴാം തീയതി ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയുമാണ് ധ്യാന ദിവസങ്ങളിലെ സമയക്രമീകരണം. ധ്യാനശുശ്രൂഷയിൽ പങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെട്ടു മുന്പുകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.കുടുംബ നവീകരണ ധ്യാനത്തിൽ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്ക് ചേർന്ന് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം അറിയിച്ചു.