ഒർലാണ്ടോ (ഫ്ളോറിഡ) : ഒർലാണ്ടോ സെന്റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ , കാലം ചെയ്ത സഭയുടെ വിശുദ്ധ പിതാക്കന്മാരായ യൂയാക്കിം മോർ കൂറീലോസ് ബാവായുടെയും കിഴക്കിന്റെ കാതോലിക്കയായിരുന്ന ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടേയും ഓർമ്മ പെരുന്നാൾ ഓഗസ്റ്റ് 29 ന് ഞായറാഴ്ച ആചരിക്കുന്നു .

1818 ഇൽ തുർക്കിയിൽ ജനിച്ച യൂയാക്കിം മോർ കൂറീലോസ് ബാവ 21 ആം വയസ്സിൽ ശെമ്മാശനായും തുടർന്ന് റമ്പാനായും ഉയർത്തപ്പെട്ടു .മോറാൻ മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് ദ്വിതീയൻ ബാവായുടെ സെക്രട്ടറി ആയി നിയോഗിക്കപ്പെട്ട അദ്ദേഹം 1845 ഇൽ കൂറീലോസ് എന്ന പേരിൽ മെത്രാപ്പൊലീത്തയായി തുർക്കിയിലെ കുർക്കുമ ദയറായിൽ വെച്ച് വാഴിക്കപ്പെട്ടു .ആംഗ്ലിക്കൻ മിഷനറിമാരുടെ പ്രവർത്തനങ്ങളിലും നവീകരണക്കാരനായ മെത്രാപ്പൊലീത്തയുടെ പഠിപ്പിക്കലുകളിലും ശുഷ്‌കിച്ചുതുടങ്ങിയ മലങ്കര സഭയെ രക്ഷിക്കാനായി പ്രതിനിധിയെ അയക്കണമെന്ന മലങ്കരയിൽനിന്നുള്ള തുടർച്ചയായ ആവശ്യം പരിഗണിച്ചു പരി .മോറാൻ മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ തന്റെ മുൻ സെക്രട്ടറി ആയിരുന്ന യൂയാക്കീം മോർ കൂറീലോസ് ബാവയെ മലങ്കരയിലേക്കയച്ചു .

1846 -ൽ മലങ്കരയിൽ എത്തിച്ചേർന്ന അദ്ദേഹം ആംഗ്ലിക്കൻ മിഷനറിമാരുടെ സ്വാധീന ശ്രമഫലമായി നാടുകടത്തപ്പെടുകയും വർഷങ്ങൾക്കുശേഷം 1857 -ൽ തിരികെയെത്തുകയും ചെയ്തു .ദുരിതങ്ങളും പീഡനങ്ങളും നിറഞ്ഞ മലങ്കര വാസത്തിൽ നിന്ന് തിരികെപ്പോയി മറ്റാരെയെങ്കിലും തനിക്കുപകരമായി അയക്കണമെന്ന് ആവശ്യപ്പെടാമായിരുന്ന അദ്ദേഹം അങ്ങനെ ചെയ്യാതെ പരിമിതമായ സൗകര്യങ്ങളിൽ മലങ്കരയിൽത്തന്നെ തുടരുകയും ഇരുപത്തെട്ടു വർഷത്തെ തുടർച്ചയായ തന്റെ അശ്രാന്തപരിശ്രമം കൊണ്ട് സത്യവിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാതെ സൂക്ഷിക്കുകയും ചെയ്തു . 1874 സെപ്റ്റംബർ 1 -)O തീയതി തന്റെ അൻപത്തിയാറാം വയസ്സിൽ കാലംചെയ്ത് മുളംതുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി പള്ളിയിൽ കബറടക്കപ്പെട്ടു .വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട യൂയാക്കിം മോർ കൂറീലോസ് ബാവായുടെ നാമം അഞ്ചാം തുബ്ദേനിൽ വി.കുർബാന മദ്ധ്യേ അനുസ്മരിക്കപ്പെടുന്നു .

1914 -ൽ ഭൂജാതനായ ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ , സുറിയാനി പണ്ഡിതനായിരുന്ന പിതാവിൽനിന്നും ആദ്യപാഠങ്ങൾ സ്വായത്തമാക്കിയതിനുശേഷം മഞ്ഞിനിക്കര ദയറായിൽ വന്ദ്യ .അബ്ദുൾ ആഹാദ് റമ്പാച്ചനോടൊപ്പം ചേർന്ന് സുറിയാനി പഠനം തുടർന്നു .1938 -ൽ വൈദികനായി വാഴിക്കപ്പെട്ട അദ്ദേഹം 1952 -ൽ കണ്ടനാട് ഭദ്രാസനത്തിനുവേണ്ടി മോർ ഫിലക്‌സീനോസ് എന്ന നാമത്തിൽ പരി .മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം പ്രഥമൻ ബാവായാൽ മെത്രാപ്പൊലീത്തയായി വാഴിക്കപ്പെട്ടു .കക്ഷിവഴക്കിനെത്തുടർന്നുണ്ടായ യോചിപ്പിന്റെ അവസാനത്തിൽ മെത്രാൻ കക്ഷികൾ അന്ത്യോഖ്യ സിംഹാസനത്തെ ഒളിഞ്ഞും തെളിഞ്ഞും എതിർക്കുകയും പാത്രിയർക്കാ പ്രതിനിധിയായിരുന്ന അപ്രേം ആബുധി മെത്രാപ്പൊലീത്തായുടെ വിസ റദ്ദു ചെയ്തു തിരികെഅയക്കുകയും തോമാശ്ലീഹായുടെ സിംഹാസനവാദം ഉടലെടുക്കുകയും സ്വയം ശീർഷക വാദം മുറുകെപ്പിടിക്കുകയും ചെയ്തപ്പോൾ യോചിപ്പിന്റെ പേരിലുണ്ടായ ചതിയുടെ വ്യാപ്തി വിശ്വാസികൾ മനസിലാക്കി .പരി .അന്ത്യോഖ്യ സിംഹാസനത്തോട് ചേർന്നുനിന്ന യാക്കോബായ സഭയുടെ ആവശ്യത്തെ മാനിച്ചു 1975 -ൽ പരി . മോറാൻ മോർ ഇഗ്‌നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ പൗലോസ് മോർ ഫിലക്‌സീനോസ് മെത്രാപ്പൊലീത്തയെ ബസേലിയോസ് പൗലോസ് ദ്വിതീയൻ എന്നപേരിൽ കിഴക്കിന്റെ കാതോലിക്കയായി വാഴിച്ചു .

നിരവധി വൈദികരെയും മെത്രാപ്പൊലീത്താമാരെയും വാഴിച്ച അദ്ദേഹം 1980 -ൽ പരി .പാത്രിയർക്കീസ് ബാവയെ തിരഞ്ഞെടുക്കുന്ന ആഗോള സുന്നഹദോസിന്റെ അധ്യക്ഷനായും പരി .പാത്രിയർക്കീസ് ബാവായുടെ സ്ഥാനാരോഹണചടങ്ങിൽ മുഖ്യകാർമ്മികനായും പ്രവർത്തിച്ചിട്ടുണ്ട് .കക്ഷിവഴക്കിനെത്തുടർന്നു മലങ്കര സഭയുടെ സെമിനാരി നഷ്ടപ്പെട്ടപ്പോൾ സഭയുടെ സത്യവിശ്വാസം പഠിപ്പിക്കുന്നതിനായി മുളന്തുരുത്തിയിൽ ഒരു സെമിനാരി തുടങ്ങുവാൻ അദ്ദേഹം എല്ലാപിന്തുണയും നൽകി .മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്‌കൂൾ അസോസിയേഷന്റെയും യൂത്ത് അസോസിയേഷന്റെയും അത്ഭുതപൂർണമായ വളർച്ചയ്ക്കു ശ്രേഷ്ഠ ബാവായുടെ പങ്കു നിസ്തുലമാണ് .ഇതുകൂടാതെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ പോലുള്ള സ്ഥാപനങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചു .എൺപത്തിമൂന്നാം വയസ്സിൽ ദൈവസന്നിധിയിലേക്കു വിളിക്കപ്പെട്ട ശ്രേഷ്ഠ ബാവാതിരുമേനി 1996 സെപ്റ്റംബര് 1 -)o തീയതി കാലം ചെയ്തു അന്ത്യോഖ്യാ സിംഹാസനം വക മലേക്കുരിശ് ദയറാ പള്ളിയിൽ കബറടക്കപ്പെട്ടു .ലാളിത്യത്തിന്റെയും വിനയത്തിന്റെയും നിറകുടമായിരുന്ന ശ്രേഷ്ഠ ബാവാതിരുമേനി വിശ്വാസിമനസുകളിൽ ഇന്നും ജീവിക്കുന്നു .
ഓഗസ്റ്റ് 29 ന് ഞായറാഴ്ച രാവിലെ 8 .45 ന് പ്രഭാതനമസ്‌കാരവും തുടർന്ന് വികാരി റവ .ഫാ .പോൾ പറമ്പത്ത് ന്റെ കാർമ്മികത്വത്തിൽ വി.കുർബാനയും മധ്യസ്ഥപ്രാർത്ഥനയും ധൂപപ്രാർത്ഥനയും നടത്തപ്പെടുന്നു .തുടർന്ന് കൈമുത്തു നേർച്ചവിളമ്പു എന്നിവയോടുകൂടി ഓർമ്മപ്പെരുന്നാൾ സമാപിക്കുന്നു .പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടത്തപ്പെടുന്നത് എന്ന് വികാരി റവ .ഫാ .പോൾ പറമ്പത്ത് ,ട്രെസ്റ്റി  ബിജോയ് ചെറിയാൻ സെക്രട്ടറി എൻ .സി .മാത്യു എന്നിവർ അറിയിച്ചു.

അന്നേദിവസം വൈകിട്ട് അഞ്ചുമണിമുതൽ ഇടവകയുടെ വി .ബി .എസ് ഓൺലൈൻ ആയി റവ . ഡീക്കൻ .ജോഷ് തോമസിന്റെ നേതൃത്വത്തിൽ നടത്തപ്പെടും .കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും ഓൺലൈൻ വി .ബി .എസ് ൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സൺഡേ സ്‌കൂൾ പ്രിൻസിപ്പാൾ .സിജു ഏലിയാസ് അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് റവ .ഫാ .പോൾ പറമ്പത്തു Mob-6103574883 (വികാരി )
ബിജോയ് ചെറിയാൻ Mob -4072320248 (ട്രസ്റ്റി )
എൻ .സി ,മാത്യു Mob -4076019792 (സെക്രട്ടറി)