പന്തളം: മകരവിളക്ക് ദിവസം അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ടു. രാവിലെ 6.15 ഓടെ പുറത്തെടുത്ത തിരുവാഭരണങ്ങൾ ഉച്ചയ്ക്ക് 12.30 വരെ തീർത്ഥാടകർക്ക് കണ്ടു തൊഴാനുള്ള അവസരം നൽകിയിരുന്നു. പന്തളം കൊട്ടാരത്തിൽ കുടുംബാംഗത്തിന്റെ മരണം നടന്നതിനാൽ പ്രത്യേകം ശുദ്ധി ക്രിയകൾക്ക് ശേഷമായിരുന്നു തിരുവാഭരണ പേടകങ്ങൾ ഭക്തർക്ക് ദർശിക്കാനുള്ള അവസരം നൽകിയത്. ഗുരു സ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയും സംഘവുമാണ് തിരുവാഭരണ പേടകങ്ങൾ ശിരസിലേറ്റുന്നത്. ശബരിമലയിലേക്കുള്ള വഴിയിൽ 31 കേന്ദ്രങ്ങളിൽ തിരുവാഭരണങ്ങൾ ദർശനത്തിനായി വയ്ക്കും.