തിരുവനന്തപുരം: കേരളത്തിൽ പീഡന വാർത്തകൾ ദിവസം തോറും നിറയുമ്പോൾ മലയാളികളെ നാണം കെടുത്തി ഒരു പുരോഹിതന്റെ പീഡന വാർത്തയും പുറത്തുവന്നു. അമേരിക്കയിലെ മലയാളി കുടുംബത്തിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ഓർത്തഡോക്‌സ് സഭാ മെത്രാപ്പൊലീത്തയാണ്. ഇടവക പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി അമേരിക്കൻ സന്ദർശനത്തിന് എത്തിയ വേളയിൽ ആതിഥ്യമരുളിയ വീട്ടിലെ പതിനെട്ടുവയസുകാരി പെൺകുട്ടിയെയാണ് മെത്രാൻ പീഡിപ്പിച്ചത്. സംഭവം പന്തികേടല്ലെന്നും അമേരിക്കൻ പൊലീസ് പൊക്കുമെന്നുമായപ്പോൾ മെത്രാൻ കേരളത്തിലേക്ക് മുങ്ങി.

മലങ്കര സിറിയൻ ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് മെത്രാസനത്തിലെ മെത്രാപ്പൊലീത്ത അലക്‌സിയോസ് മാർ യൗസോബിയോസാണ് പതിനെട്ടുകാരിയെ പീഡിപ്പിച്ചത്. ഇടവക പള്ളികളിൽ പെരുന്നാളിന് എത്തുമ്പോൾ പ്രദേശത്തെ സമ്പന്നരായ മലയാളികളുടെ വീടുകളിലാണ് മെത്രാപ്പൊലീത്ത താമസിക്കുന്നത്. ഇങ്ങനെ ഒരു കുടുംബത്തിൽ താമസിച്ച സമയത്താണ് മെത്രാൻ പീഡനകനായത്. ഒരു മലയാളി കുടുംബത്തിന്റെ വീടിന്റെ ഒന്നാം നിലയിൽ മൂന്നു നാല് ദിവസമായി മെത്രാപ്പൊലീത്ത താമസിക്കുകയായിരുന്നു. ഈ വീട്ടിലെ പെൺകുട്ടി രാവിലെ കുളിച്ച് ടവൽ മാത്രം ചുറ്റി ഇറങ്ങി വന്ന സമയത്താണ് മെത്രാപ്പൊലീത്ത കടന്നു പിടിച്ച് ലൈംഗിക അതിക്രമം നടത്തിയത്.

പെൺകുട്ടി കരഞ്ഞതോടെ വീട്ടുകാർ ഓടിയത്തുകയായിരുന്നു. സംഭവം കണ്ട കുട്ടിയുടെ വീട്ടുകാർ മെത്രാപ്പൊലീത്തയെ തടഞ്ഞു വെച്ച് പള്ളി വികാരിയെ വിളിച്ചു വരുത്തി. തുടർന്ന് സഭാധ്യക്ഷന് പരാതി നൽകി. സഭയിൽ നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ അമേരിക്കൻ പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞു. ഇതോടെ കുടുങ്ങുമെന്നായി. കോടികൾ നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥയും വരുമെന്നായി. ഇതോടെ സഭാ അധ്യക്ഷന്മാർ ഇടപെട്ട് തന്നെ മെത്രാനെ തിരികെ വിളിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് 2015 ജൂണിൽ ഇതു സംബന്ധിച്ചു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മെത്രാപ്പൊലീത്തയ്ക്ക് കോട്ടയത്തെ ആസ്ഥാനത്തു നിന്നും സഭാധ്യക്ഷൻ ബസേലിയോസ് മാർതോമാ പൗലോസ് ദ്വിതീയൻ കൽപ്പന നൽകി. സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയുടെ പെരുന്നാളിൽ പങ്കെടുക്കേണ്ടതില്ലെന്ന കൽപ്പനയാണ് പ്രധാനം.

എന്നാൽ അമേരിക്കയിൽ നിന്ന് മടങ്ങിപ്പോരാൻ മെത്രാൻ തയ്യാറായില്ല. സഭയിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്ന വീട്ടുകാർ നിമപരമായി നീങ്ങും എന്ന് അറിയിച്ചിരുന്നു. ഈ മെത്രാപ്പൊലീത്ത ഇനി ഏതെങ്കിലും കാരണവശാൽ അമേരിക്കയിലേയ്ക്ക് തിരിച്ചു ചെന്നാൽ കേസ് കൊടുക്കും എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിരികെ മെത്രാൻ അമേരിക്കയിൽ എത്തിയാൽ വിവരമറിയുമെന്നാണ് അറിയുന്നത്.

ഇന്ത്യൻ സംസ്‌കാരത്തിൽ നിന്നും അവിടേയ്ക്കെത്തിയ വിശുദ്ധ പരിവേഷമുള്ള മെത്രാപ്പൊലീത്തയുടേത് സംസ്‌ക്കാര ശൂന്യമായ പ്രവർത്തിയാണെന്നാണ് സഭക്കുള്ളിൽ നിന്നുതന്നെ ഉയരുന്ന വിമർശനം. പണത്തിന്റെ കൊഴുപ്പിൽ ജീവിക്കുന്ന മെത്രാപ്പൊലീത്തമാരുടെ നടപടി ഇടപാടുകൾ നേരത്തെ തന്നെ വിവാദമായിരുന്നു. സഭയ്ക്കുള്ളിൽ അഴിമതിയും കെടുകാര്യസ്ഥതയുടെയും വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് മലയാളി സമൂഹത്തിന് മൊത്തം നാണക്കേടായി മെത്രാപ്പൊലീത്തയുടെ പീഡന വാർത്തയും പുറത്തുവന്നത്.