ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി കുടുംബത്തിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓർത്തഡോക്‌സ് സഭാ മെത്രാപ്പൊലീത്തയെ ചുമതയിൽ നിന്ന് സഭ മാറ്റി.

മലങ്കര സിറിയൻ ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത അലക്‌സിയോസ് മാർ യൗസോബിയോസിനെതിരെയാണ് നടപടി. ഈ പീഡന ശ്രമം ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനായിരുന്നു. എന്നാൽ എല്ലാം ഒരു മഞ്ഞ പത്രത്തിന്റെ ഭാവനാ സൃഷ്ടിയെന്നായിരുന്നു മെത്രോപ്പൊലിത്താ അനുകൂലികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഈ കള്ളമാണ് നടപടിയോടെ പൊളിയുന്നത്.

ഇടവക പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി അമേരിക്കൻ സന്ദർശനത്തിന് എത്തിയ വേളയിൽ ആതിഥ്യമരുളിയ വീട്ടിലെ പതിനെട്ടുവയസുകാരി പെൺകുട്ടിയെയാണ് മെത്രാൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പന്തികേടാണെന്നും അമേരിക്കൻ പൊലീസ് പൊക്കുമെന്നുമായപ്പോൾ മെത്രാൻ കേരളത്തിലേക്ക് മുങ്ങി. പൊലീസിൽ പരാതി കൊടുക്കാതെ സംഭവം ഒതുക്കി തീർക്കാനും ശ്രമിച്ചു. എന്നാൽ പെൺകുട്ടിയുടെ കുടുംബം ഒത്തുതീർപ്പിന് തയ്യാറായില്ല. സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെയാണ് മെത്രാപ്പൊലീത്ത അലക്‌സിയോസ് മാർ യൗസോബിയോസിനെ ചുമതലയിൽ നിന്ന് മാറ്റിയത്.

മാർ ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചു മുതൽ മുൻകാല പ്രബല്ല്യത്തോടെയാണ് നടപടി. തനിക്ക് തെറ്റുപറ്റിയെന്നുകാട്ടി മാർ യൗസോബിയോസ് മെത്രാപൊലീത്ത പെൺകുട്ടിയുടെ കുടുംബത്തിന് മെയിൽ അയച്ചിരുന്നു. ഇതേ മെയിൽ കുടുംബം കോട്ടയത്തെ ബാവാ തിരുമേനിക്കും ഇത് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. പൊലീസ് കേസാകുമെന്ന തിരിച്ചറിവും ഇതിന് പിന്നിലുണ്ട്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിന്മേൽ ഓർത്തഡോക്സ് സഭ ആദ്യം നടപടിയൊന്നും എടുത്തിരുന്നില്ല. ഇതോടെ കുടുംബം നിയമ നടപടിക്ക് തയ്യാറായി. ഇതോടെയാണ് സഭയുടെ പുറത്താക്കൽ നടപടി വന്നത്.

അമേരിക്കയിൽ പരാതി രജിസ്റ്റർ ചെയ്യുമെന്ന് സഭാധികൃതർക്ക് കുടുംബത്തിന്റെ മെയിൽ കിട്ടിയിരുന്നു. ഇതോടെ യൗസേബിയോസിനെ വിളിച്ചുവരുത്തി കാരണം തിരിക്കി. അന്ന് ഇയാൾ കുറ്റസമ്മതം നടത്തി. ഇതേത്തുടർന്നാണ് യൗസേബിയോസിനെ മെത്രാപൊലീത്ത സ്ഥാനത്തുനിന്നും നീക്കാൻ തീരുമാനമായത്. ഇടവക പള്ളികളിൽ പെരുന്നാളിന് എത്തുമ്പോൾ പ്രദേശത്തെ സമ്പന്നരായ മലയാളികളുടെ വീടുകളിലാണ് മെത്രാപ്പൊലീത്ത താമസിക്കുന്നത്. ഇങ്ങനെ ഒരു കുടുംബത്തിൽ താമസിച്ച സമയത്താണ് മെത്രാൻ പീഡനത്തിന് ശ്രമിച്ചത്. ഒരു മലയാളി കുടുംബത്തിന്റെ വീടിന്റെ ഒന്നാം നിലയിൽ മൂന്നു നാല് ദിവസമായി മെത്രാപ്പൊലീത്ത താമസിക്കുകയായിരുന്നു.

ഈ വീട്ടിലെ പെൺകുട്ടി രാവിലെ കുളിച്ച് ടവൽ മാത്രം ചുറ്റി ഇറങ്ങി വന്ന സമയത്താണ് മെത്രാപ്പൊലീത്ത കടന്നു പിടിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചത്. പെൺകുട്ടി കരഞ്ഞതോടെ വീട്ടുകാർ ഓടിയത്തുകയായിരുന്നു. സംഭവം കണ്ട കുട്ടിയുടെ വീട്ടുകാർ മെത്രാപ്പൊലീത്തയെ തടഞ്ഞു വെച്ച് പള്ളി വികാരിയെ വിളിച്ചു വരുത്തി. തുടർന്ന് സഭാധ്യക്ഷന് പരാതി നൽകി. സഭയിൽ നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ അമേരിക്കൻ പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞു. ഇതോടെ കുടുങ്ങുമെന്നായി. കോടികൾ നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥയും വരുമെന്നായി. ഇതോടെ സഭാ അധ്യക്ഷന്മാർ ഇടപെട്ട് തന്നെ മെത്രാനെ തിരികെ വിളിക്കുകയായിരുന്നു.

ഇന്ത്യൻ സംസ്‌കാരത്തിൽ നിന്നും അവിടേയ്ക്കെത്തിയ വിശുദ്ധ പരിവേഷമുള്ള മെത്രാപ്പൊലീത്തയുടേത് സംസ്‌ക്കാര ശൂന്യമായ പ്രവർത്തിയാണെന്നാണ് സഭക്കുള്ളിൽ നിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. പണത്തിന്റെ കൊഴുപ്പിൽ ജീവിക്കുന്ന മെത്രാപ്പൊലീത്തമാരുടെ നടപടി ഇടപാടുകൾ നേരത്തെ തന്നെ വിവാദമായിരുന്നു. സഭയ്ക്കുള്ളിൽ അഴിമതിയും കെടുകാര്യസ്ഥതയുടെയും വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു.

 

ഇതിനിടെയാണ് മലയാളി സമൂഹത്തിന് മൊത്തം നാണക്കേടായി മെത്രാപ്പൊലീത്തയുടെ പീഡന വാർത്തയും പുറത്തുവന്നത്. എന്നാൽ ഇതെല്ലാം ഭാവനാ സൃഷ്ടിയാണെന്നായിരുന്നു ഒരു കൂട്ടം പ്രചരിപ്പിച്ചത്.