കൊച്ചി: മലയാള സിനിമ കാത്തിരുന്ന മധുപാൽ ചിത്രം കർണ്ണൻ നീട്ടി വെച്ചു. പ്രൊഡ്യൂസറെ ലഭിക്കാത്തതിനെത്തുടർന്ന് നീട്ടിവെച്ച ചിത്രത്തിന് പകരമായി മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ഫേസ്‌ബുക്കിലൂടെ ടോവിനോയാണ് ചിത്രം പുറത്തുവിട്ടത്.

നിമിഷ സജയൻ നായികയാവുന്ന ചിത്രത്തിൽ അജയൻ എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്.ശരണ്യ പൊൻവണൻ, ബാലു വർഗീസ്, ലിജോമോൾ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, സിദ്ദിഖ്, പശുപതി, അലൻസിയർ, സുധീർ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കർ, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയ താരനിരയ്ക്കൊപ്പം നിർമ്മാതാവ് ജി. സുരേഷ് കുമാറും കാമറമാൻ പി. സുകുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഒഴിമുറി, തലപ്പാവ് എന്നീ ചിത്രങ്ങൾക്കു ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. വി. സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ജീവൻ ജോബ് തോമസാണ്