കറാച്ചി: അൽഖ്യയ്ദ തലവനായിരുന്ന ഉസാമ ബിൻ ലാദൻ അഫ്ഗാനിസ്ഥാനിലേക്ക് താവളം മാറ്റിയത്് മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ കൊല ആസൂത്രണം ചെയ്യാനായിരുന്നെന്ന് റിപ്പോർട്ടുകൾ. ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട് 10 വർഷം തികയുമ്പോഴാണ് ഇത്തരത്തിൽ നിർണായകമായ റിപ്പാർട്ട് പുറത്തുവരുന്നത്.

2017 ഡിസംബർ 27 റാവൽപിണ്ടിയിലെ ലിയാഗത്ത് ബാഗിൽ വച്ചാണ് ബേനസീർ ഭൂട്ടോ വെടിയേറ്റു മരിക്കുന്നത്. ബേനസീർ പങ്കെടുത്ത റാലിക്കു നേരെ ശക്തമായ ബോംബ് സ്ഫോടനവും ഉണ്ടായിരുന്നു. ഈ സംഭവങ്ങളുടെ മുഖ്യ സൂത്രധാരൻ ബിൻ ലാദനായിരുന്നു എന്ന ഇന്റർ സർവീസസ് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബേനസീർ ഭൂട്ടോയ്ക്ക് പുറമേ അന്ന് പാക് പ്രസിഡന്റായിരുന്ന പർവേസ് മുഷാറഫ്, ഫസ്ലുർ റഹ്മാൻ എന്നിവരെയും വധിക്കാൻ ലാദൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടിലുണ്ട്. ബിൻ ലാദൻ നേരിട്ടയച്ച കൊറിയറിലാണ് സ്‌ഫോടകവസ്തുക്കൾ എത്തുകയെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ടായിരുന്നു. ഡിസംബർ 22ന് സ്‌ഫോടനം നടക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും പൂർണമായും ബിൻ ലാദന്റെ ചുമതലയായിരുന്നെന്നും ഇതിനായാണ് അഫ്ഗാനിസ്ഥാനിലേക്ക് താമസം മാറ്റിയതെന്നും പറഞ്ഞാണ് റിപ്പോർട്ട് അവസാനിപ്പിച്ചിരിക്കുന്നത്.

അടിയന്തിരമായി സുരക്ഷ ശക്തമാക്കണമെന്ന ഇന്റലിജൻസ് വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ബേനസീർ കൊല്ലപ്പെടുന്നതിന് 6 ദിവസം മുമ്പ് വീണ്ടുമൊരു മുന്നറിയിപ്പ് സൈനികമേധാവികൾ ആഭ്യന്തരമന്ത്രാലയത്തിന് നൽകിയിരുന്നെന്നും പുറത്തുവന്ന മാധ്യമറിപ്പോർട്ടുകളിൽ പറയുന്നു.

ബേനസീറിന്റെ കൊലപാതകത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം എഴുതിയ ഒരു കത്ത് ബിൻ ലാദന്റെ വസതിയിൽ നിന്ന് പിന്നീട് കണ്ടെടുത്തതായും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. ജാമിയാ ഹഫ്‌സയിലെയും ലാൽ മസ്ജിദിലെയും സഹോദരീസഹോദരന്മാർക്കായി നമ്മൾ പ്രതികാരം ചെയ്തിരിക്കുന്നു എന്നയിരുന്നു കത്തിൽ എഴുതിയിരുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.