ലൊസാഞ്ചലസ്: ഇത്തവണത്തെ ഓസ്‌കറിൽ നേട്ടം കൊയ്ത് നൊമാഡ്‌ലാൻഡ്. മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച നടി എന്നീ പ്രധാനപ്പെട്ട മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ക്ലോയ് ഷാവോ മികച്ച സംവിധാനത്തിന് ഓസ്‌കർ നേടുന്ന രണ്ടാമത്തെ വനിതയായി മാറി. ചൈനീസ് വംശജ ക്ലോയ് ഈ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരി കൂടിയാണ്. 'ദി ഫാദറി'ലെ ആന്റണി ഹോപ്കിൻസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പിറന്നത് മികച്ച നടനുള്ള പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ നടനെന്ന റെക്കോർഡും. ആറു തവണ നോമിനേഷൻ ലഭിച്ച ഹോപ്കിൻസ് ഇത് രണ്ടാം തവണയാണ് മികച്ച നടനുള്ള പുരസ്‌കാരം നേടുന്നത്. 1992ൽ ദി സൈലൻസ് ഓഫ് ദി ലാമ്പിലെ അഭിനയത്തിനായിരുന്നു മുൻപ് പുരസ്‌കാരം ലഭിച്ചത്. റിസ് അഹമ്മദ്, ചാഡ്വിക് ബോസ്മാൻ, ഗാരി ഓൾഡ്മാൻ, സ്റ്റീവൻ യ്യൂൻ എന്നിവരെ മറികടന്നാണ് ഇക്കുറി ഹോപ്കിൻസ് മികച്ച നടനായത്.

ഫ്രാൻസെസ് മക്‌ഡോർമൻഡ് ആണ് മികച്ച നടി. നൊമാഡ്ലാൻഡിലെ ഫേണിനെയാണ് മക്‌ഡോർമൻഡ് അനശ്വരയാക്കിയത്. മെക്ഡോർമൻഡിന്റെ നാലാമത്തെ ഓസ്‌ക്കറാണിത്. 1997ൽ ഫാർഗോ, 2018ൽ ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ് മിസൂറി എന്നിവയ്ക്കായിരുന്നു ഇതിന് മുൻപ് പുരസ്‌കാരം ലഭിച്ചത്. മൊത്തം ഏഴ് തവണ നോമിനേഷൻ ലഭിച്ചിട്ടുണ്ട്.

വയോള ഡേവിസ്, ആൻഡ്ര ഡേ, വനേസ കിർബി, കാരി മള്ളിഗൻ എന്നിവരെയാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന്റെ മത്സരത്തിൽ മക്ഡോർമൻഡ് മറികടന്നത്.

ജൂദാസ് ആൻഡ് ദ് ബ്ലാക് മിസ്സീയ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം ഡാനിയൽ കലൂയ സ്വന്തമാക്കി. പ്രോമിസിങ് യങ് വുമൻ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമെറാളും ദ് ഫാദറിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ക്രിസ്റ്റഫർ ഹാംപ്റ്റനും ഫ്‌ളോറിയൻ സെല്ലെറും സ്വന്തമാക്കി. മികച്ച ഛായാഗ്രഹണം: എറിക് മെസേർഷ്മിറ്റ് (ചിത്രം: മാൻക്).


മിനാരിയിലെ പ്രകടനത്തിന് യു ജങ് യൂൻ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. ക്രിസ്റ്റഫർ നൊലാൻ ചിത്രം ടെനെറ്റിനാണ് മികച്ച വിഷ്വൽ എഫക്ട്‌സിനുള്ള പുരസ്‌കാരം. മികച്ച ആനിമേഷൻ ചിത്രം സോൾ.

പുരസ്‌കാരങ്ങൾ ഇങ്ങനെ:

മികച്ച നടൻ: ആന്റണി ഹോപ്കിൻസ്

മികച്ച നടി: ഫ്രാൻസെസ് മക്‌ഡോർമൻഡ്

മികച്ച ചിത്രം: നൊമാഡ്‌ലാൻഡ്

മികച്ച സംവിധാനം: ക്ലോയ് ഷാവോ (ചിത്രം: നൊമാഡ്‌ലാൻഡ്)

മികച്ച സഹനടി: യൂ ജുങ് യോൻ (ചിത്രം: മിനാരി)

മികച്ച സഹനടൻ: ഡാനിയൽ കലൂയ (ചിത്രം: ജൂദാസ് ആൻഡ് ദ് ബ്ലാക് മിസ്സീയ)

മികച്ച വിഷ്വൽ എഫക്ട്‌സ്: ടെനെറ്റ്

മികച്ച ഛായാഗ്രഹണം: എറിക് മെസേർഷ്മിറ്റ് (ചിത്രം: മാൻക്)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: ചിത്രം മാൻക്

മികച്ച വിദേശഭാഷ ചിത്രം: അനദർ റൗണ്ട്

മികച്ച ആനിമേറ്റഡ് ചിത്രം: സോൾ

ഒറിജിനൽ സ്‌കോർ: ട്രെന്റ് റെൻസർ, അറ്റികസ് റോസ്, ജോൺ ബാറ്റിസ്റ്റെ, ചിത്രം: സോൾ

ഒറിജിനൽ സോങ്: ഫൈറ്റ് ഫോർ യു, ചിത്രം: ജൂദാസ് ആൻഡ് ദ് ബ്ലാക് മിസ്സീയ

മികച്ച തിരക്കഥ: എമെറാൾ ഫെന്നെൽ (ചിത്രം: പ്രോമിസിങ് യങ് വുമൻ)

മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫർ ഹാംപ്റ്റൻ, ഫ്‌ളോറിയൻ സെല്ലെർ (ചിത്രം: ദ് ഫാദർ)

മേക്കപ്പ് ആൻഡ് ഹെയർ സ്‌റ്റൈലിങ്: സെർജിയോ ലോപെസ്, മിയ നീൽ, ജമിക വിൽസൺ (ചിത്രം: മാ റെയ്‌നി ബ്ലാക് ബോട്ടം)

കോസ്റ്റ്യൂം ഡിസൈൻ: ആൻ റോത്ത് (ചിത്രം: മാ റെയ്‌നിസ് ബ്ലാക് ബോട്ടം)

മികച്ച എഡിറ്റിങ്: മെക്കൽ ഇ.ജി. നീൽസൺ ( ചിത്രം: സൗണ്ട് ഓഫ് മെറ്റൽ)

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: ടു ഡിസ്റ്റന്റ് സ്‌ട്രേഞ്ചേർസ്

മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം: ഇഫ് എനിത്തിങ് ഹാപ്പെൻസ് ഐ ലവ് യു

മികച്ച ഡോക്യുമെന്ററി ഫീച്ചർ: മൈ ഒക്ടോപ്പസ് ടീച്ചർ

ഓസ്‌കാർ അവാർഡ് നിശ ലൊസാഞ്ചലസിലെ ഡോൾബി തിയറ്ററിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നടക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളോടെ പരമ്പരാഗത രീതികളെ പൂർണമായി കയ്യൊഴിഞ്ഞാണ് നിശ സംഘടിപ്പിക്കുന്നത്. തിങ്ങിനിറഞ്ഞ സദസ്സ് ഇല്ലാതെ ഇത്തവണ പുരസ്‌കാര നിശ നടക്കുക ലൊസാഞ്ചലസിലെ ആർട് ഡെക്കോ യൂണിയൻ സ്റ്റേഷനിലായിരിക്കും. അവിടെ പ്രത്യേകം സ്റ്റേജ് നിർമ്മിച്ചിട്ടുണ്ട്. അവതാരകർക്കും ഇത്തവണ പുതിയ ദൗത്യങ്ങളാണുള്ളത്.

ചടങ്ങ് ഒരു സിനിമ പോലെ ഒരുക്കുന്നത് സംവിധായകൻ സ്റ്റീവൻ സോഡർബർഗാണ്. ദുരൂഹ വൈറസിന്റെ പിടിയിൽ ലോകം ഞെരിഞ്ഞമരുന്ന കഥ ചിത്രീകരിച്ച 2011 ലെ 'കൊണ്ടെജ്യൻ' എന്ന സിനിമയുടെ സംവിധായകനാണു സോഡർബർഗ്. എന്നാൽ കോവിഡ് പുതിയ ചില പരീക്ഷണങ്ങൾക്കും അവസരം തന്നതായി അദ്ദേഹം പറയുന്നു.

പുരസ്‌കാര നിശ സിനിമ പോലെ ചിത്രീകരിക്കുമ്പോൾ അവതാരകരായ ബ്രാഡ് പിറ്റ്, ഹാരിസൺ ഫോഡ്, ഹാലി ബെറി എന്നിവരടക്കമുള്ള താരങ്ങളും ആ സിനിമയിൽ ചില വേഷങ്ങൾ ചെയ്യും. നേരത്തേ ഓസ്‌കർ ജേതാക്കളുടെ പ്രസംഗം പരമാവധി 45 സെക്കൻഡായിരുന്നു. ഇത്തവണ കൂടുതൽ സമയം നൽകും. ജേതാക്കളോടു ഒരു കഥ പറയാൻ അഥവാ വ്യക്തിപരമായ എന്തെങ്കിലും അനുഭവം പങ്കുവയ്ക്കാനാവും നിർദ്ദേശം.

പുരസ്‌കാര വിതരണത്തിനു മുൻപേ 90 മിനിറ്റ് പ്രീ ഷോ ഉണ്ട്. അതു നേരത്തേ ഷൂട്ട് ചെയ്തതാണ്. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ മത്സരിക്കുന്ന അഞ്ചുപേരുടെ പെർഫോമൻസ് അടക്കം പരിപാടികളാണ് പ്രീഷോ.