- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ലിയനാർഡോയെ തേടി ഓസ്കറെത്തി; ടൈറ്റാനിക് നായകന് അക്കാദമി പുരസ്‌കാരം ലഭിക്കുന്നത് 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ആനന്ദക്കണ്ണീരോടെ പ്രിയ നായിക കേറ്റ് വിൻസ്ലെറ്റും
1997ൽ പുറത്തിറങ്ങിയ ഹോളിവുഡ് സൂപ്പർ ചിത്രം ടൈറ്റാനിക്കിലൂടെയാണ് ലിയനാർഡോ ഡി കാപ്രിയോ എന്ന സുന്ദരനായ ചെറുപ്പക്കാരൻ മലയാളികളുടെ പ്രിയതാരമാകുന്നത്. ലോകമെങ്ങും ചിത്രത്തിനു വൻ സ്വീകാര്യത ലഭിച്ചപ്പോൾ കൊച്ചു കേരളവും അനശ്വര പ്രണയകഥ പറയുന്ന ടൈറ്റാനിക്കിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഓസ്‌കർ നാമനിർദ്ദേശപ്പട്ടികയിൽ ടൈറ്റാനിക്കും സംവി
1997ൽ പുറത്തിറങ്ങിയ ഹോളിവുഡ് സൂപ്പർ ചിത്രം ടൈറ്റാനിക്കിലൂടെയാണ് ലിയനാർഡോ ഡി കാപ്രിയോ എന്ന സുന്ദരനായ ചെറുപ്പക്കാരൻ മലയാളികളുടെ പ്രിയതാരമാകുന്നത്. ലോകമെങ്ങും ചിത്രത്തിനു വൻ സ്വീകാര്യത ലഭിച്ചപ്പോൾ കൊച്ചു കേരളവും അനശ്വര പ്രണയകഥ പറയുന്ന ടൈറ്റാനിക്കിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഓസ്‌കർ നാമനിർദ്ദേശപ്പട്ടികയിൽ ടൈറ്റാനിക്കും സംവിധായകൻ ജെയിംസ് കാമറൂണും ചിത്രത്തിലെ നായിക കേറ്റ് വിൻസ്ലറ്റും ഇടംപിടിച്ചപ്പോഴും ലിയോ ആ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. പ്രണയനായകനായി മികച്ച പ്രകടനം കാഴ്ചവച്ചുവെന്നു ലോകമെങ്ങും വാഴ്‌ത്തിയപ്പോഴും അക്കാദമി പുരസ്‌കാരത്തിന് നാമനിർദ്ദേശം പോലും ലിയോനാർഡോയ്ക്ക് ലഭിച്ചില്ല എന്നത് ആരാധകരെ ഏറെ നിരാശയിലാഴ്‌ത്തി.
പക്ഷേ, ലിയോയുടെ ഓസ്‌കറിലേക്കുള്ള പ്രയാണം തുടങ്ങുന്നതു ടൈറ്റാനിക്കിനും മൂന്നു വർഷം മുമ്പാണ്. 1993 അവസാനം പുറത്തിറങ്ങിയ വാട്‌സ് ഈറ്റിങ് ഗിൽബർട്ട് ഗ്രേപ്പ് എന്ന ചിത്രത്തിന് 1994ലെ ഓസ്‌കർ പുരസ്‌കാരത്തിനു ലിയോ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
കൗമാരക്കാരനായിരുന്ന ലിയോ മികച്ച സഹനടനുള്ള ഓസ്‌കർ പുരസ്‌കാരത്തിനാണു നോമിനേഷൻ ചെയ്യപ്പെട്ടത്. എന്നാൽ, അന്ന് ദ ഫ്യുജിറ്റീവ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ടോമി ലീ ജോൺസിനു മുന്നിൽ കുഞ്ഞു ലിയോ അടിയറവു പറയുകയായിരുന്നു.
തുടർന്നാണ് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ടൈറ്റാനിക് എത്തിയത്. എന്നാൽ, മികച്ച നടനുള്ള നാമനിർദ്ദേശപ്പട്ടികയിൽ പോലും ഇടംനേടാൻ ലിയോക്കു കഴിഞ്ഞില്ലെന്നുള്ളത് ആരാധകർക്ക് അവിശ്വസനീയമായ ഒരു കാര്യമായിരുന്നു. ഒട്ടുമിക്ക പുരസ്‌കാരങ്ങളും ടൈറ്റാനിക് അക്കൊല്ലത്തെ ഓസ്‌കർ വേദിയിൽ നിന്നു സ്വന്തമാക്കിയെങ്കിലും ലിയോ തഴയപ്പെട്ടു.
പിന്നീട് ലിയോനാർഡോയ്ക്ക് ഓസ്‌കർ പ്രതീക്ഷ നൽകിയത് 2005ൽ പുറത്തിറങ്ങിയ ദി ഏവിയേറ്ററാണ്. മികച്ച നടനുള്ള നാമനിർദ്ദേശം ഇത്തവണ ലഭിച്ചെങ്കിലും റേ ചാൾസ് എന്ന അന്ധഗായകനെ അവതരിപ്പിച്ച ജെയ്മി ഫോക്‌സിനു പിന്നിലെത്താനായിരുന്നു വിധി.
ബ്ലഡ് ഡയമൻഡിലൂടെ 2007ൽ വീണ്ടും ലിയോനാർഡോ ഡി കാപ്രിയോ പുരസ്‌കാരത്തിനടുത്തെത്തി. നിരാശ തന്നെയാണ് ഇക്കുറിയും ലിയോക്കു ലഭിച്ചത്. ലാസ്റ്റ് കിങ് ഓഫ് സ്‌കോട്‌ലൻഡ് എന്ന ചിത്രത്തിലൂടെ ഫോറസ്റ്റ് വിറ്റാക്കർക്കായിരുന്നു ആ കൊല്ലം പുരസ്‌കാരം.
ഏറെ പ്രതീക്ഷയുമായി 2014ൽ വീണ്ടുമെത്തിയെങ്കിലും അക്കാദമിയിലെ വേദിയിൽ പുരസ്‌കാരം സ്വീകരിക്കാൻ ലിയോക്കു കഴിഞ്ഞില്ല. ദ വോൾഫ് ഓഫ് വാൾസ്ട്രീറ്റായിരുന്നു ലിയോയെ അവസാന പട്ടികയിൽ എത്തിച്ചത്. ഡള്ളസ് ബയേഴ്‌സ് ക്ലബിലൂടെ മാത്യു മക്കാണെയ്ക്കായിരുന്നു പുരസ്‌കാരം. നിർമ്മാതാവ് എന്ന നിലയിൽ മികച്ച ചിത്രത്തിനുള്ള നാമനിർദ്ദേശവും ലിയോക്ക് ദ വോൾഫ് ഓഫ് വാൾസ്ട്രീറ്റിലൂടെ ലഭിച്ചിരുന്നു. എന്നാൽ അതും ലഭിക്കാതെ വന്നതോടെ ഓസ്‌കർ ലിയോക്കു കിട്ടാക്കനിയാകുകയായിരുന്നു.
എന്നാൽ, എല്ലാ വിഷമവും മറക്കാൻ സഹായിക്കുകയാണ് ദ റനവന്റ്. 2016ൽ മികച്ച നടനുള്ള പുരസ്‌കാരം ലിയോനാർഡോ ഡി കാപ്രിയോക്കു ലഭിക്കുമ്പോൾ സന്തോഷിക്കുന്നതു ലോകമെങ്ങുമുള്ള ആരാധകർ കൂടിയാണ്. ടൈറ്റാനിക്കുൾപ്പെടെ രണ്ടു ചിത്രങ്ങളിൽ ഒപ്പം അഭിനയിച്ച കേറ്റ് വിൻസ്‌ലെറ്റ് ആഹ്ലാദാതിരേകത്താൽ ഓസ്‌കർ വേദിയിൽ ഓടിയെത്തി ലിയോയെ വാരിപ്പുണർന്നത് ഏവരുടെയും കണ്ണുകൾ നനയിക്കുകയും ചെയ്തു. സിനിമയ്ക്കു പുറത്തും മികച്ചൊരു സുഹൃത്താണ് കേറ്റ് വിൻസ്‌ലെറ്റെന്ന് ലിയോനാർഡോ മുമ്പു പറഞ്ഞിട്ടുണ്ട്.