ലോസാഞ്ചൽസ്: ഇക്കുറിയെങ്കിലും ഓസ്‌കാർ പ്രഖ്യാപിക്കുമ്പോൾ ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിയോ മികച്ച നടനാകുമോ എന്നാണു സിനിമാപ്രേമികൾ ചോദിക്കുന്നത്. ഓസ്‌കാർ നാമനിർദേശപട്ടിക പുറത്തുവന്നപ്പോൾ മികച്ച നടൻ എന്ന വിഭാഗത്തിൽ ലിയനാർഡോയും ഉൾപ്പെട്ടിട്ടുണ്ട്.

ഇത് നാലാം തവണയാണ് ഡികാപ്രിയോ മികച്ച നടനുള്ള ഓസ്‌കർ നോമിനേഷൻ നേടുന്നത്. ഇതിന് മുമ്പ് മൂന്ന് തവണ മികച്ച നടനുള്ള ഓസ്‌കർ നോമിനേഷൻ ലഭിച്ചിട്ടുണ്ടെങ്കിലും ആ സുവർണപുരസ്‌കാരം ഇതുവരെ സ്വന്തമാക്കാനുള്ള ഭാഗ്യം ഡികാപ്രിയോക്ക് ഉണ്ടായിട്ടില്ല.

24 വിഭാഗങ്ങളിലെ പട്ടിക പ്രഖ്യാപിച്ചപ്പോൾ അലജാന്ദ്രോ ഗോൺസാലസ് ഇനാരിറ്റോ സംവിധാനം ചെയ്ത ദ റവണന്റ് 12 നോമിനേഷനുകൾ നേടി പുരസ്‌കാരത്തിനായുള്ള മത്സരത്തിൽ മുന്നിലെത്തി. മാഡ് മാക്‌സ്ഫ്യൂറി റോഡ് പത്തും മാർട്ടിയാൻ ഏഴും നോമിനേഷനുകൾ നേടി.

മികച്ച നടനുള്ള പുരസ്‌കാരത്തിനായി സൂപ്പർതാരം ലിയാനാർഡോ ഡി കാപ്രിയോ (റവണന്റ്), മാറ്റ് ഡാമോൺ (മാർട്ടിയൻ), ബ്രയാൻ ക്രാൻസ്റ്റൺ (ട്രംമ്പോ), മൈക്കൽ ഫാസ്‌ബെൻഡർ (സ്റ്റീവ് ജോബ്‌സ്), എഡി റെഡ്‌മൈനെ (ദ് ഡാനിഷ് ഗേൾ) എന്നിവർ നാമനിർദ്ദേശം നേടി.

മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി കേറ്റ് ബ്ലാങ്കറ്റ് (കരോൾ), ബ്രി ലാർസൻ (റൂം), ജെന്നിഫർ ലോറൻസ് (ജോയ്), ചാർലോറ്റ് റാംപ്ലിങ് (45 ഇയേഴ്‌സ്), സാവോറൈസ് റൊണാൻ (ബ്രാക്‌ലിൻ) എന്നിവർ നാമനിർദ്ദേശം നേടി.

മികച്ച സംവിധാകനുള്ള പുരസ്‌കാരത്തിനായി ആഡം മക്കേ (ദ് ബിഗ് ഷോട്ട്), ജോർജ് മില്ലർ (മാഡ് മാക്‌സ്ഫ്യൂറി റോഡ്), അലജാന്ദ്രോ ഗോൺസാലസ് ഇനാരിറ്റോ (ദ് റവണന്റ്), ലെനി അബ്രഹാംസൺ (റൂം), ടോമി മക്കാർത്തി (ദ് സ്‌പോട്‌ലൈറ്റ്) എന്നിവർ നാമനിർദ്ദേശം നേടി.

ഒറിജിനൽ സോംഗ് വിഭാഗത്തിലേക്കുള്ള ചുരുക്കപട്ടികയിൽ ഇടം നേടിയ മലയാളചിത്രമായ ജലത്തിലെ പാട്ടുകൾക്ക് നോമിനേഷൻ നേടാനായില്ല. അടുത്തമാസം 28നാണ് എൺപത്തി എട്ടാമത് ഓസ്‌കാർ അവാർഡ് നിശ.