പ്രിട്ടോറിയ: മൂന്ന് വർഷം മുമ്പ് കാമുകി റീവാസ്റ്റീൻകാമ്പിനെ കൊലപ്പെടുത്തിയതിന് ദക്ഷിണാഫ്രിക്കൻ ബ്ലെയ്ഡ് റണ്ണർ ഓസ്‌കാർ പിസ്റ്റോറിയസിനെ ആറു വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇന്ന് പ്രിട്ടോറിയ ഹൈക്കോടതിയിൽ ജഡ്ജി ഹോകോസിലെ മാസിപ്പയാണ് പിസ്റ്റോറിയസിന് ശിക്ഷ വിധിച്ചത്. പ്രതിഭാഗം വാദിക്കുന്നത് പോലെ പിസ്റ്റോറിയസിന് കടുത്ത വിഷാദമുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ജയിലിലേക്കല്ല മറിച്ച് ഹോസ്പിറ്റലിലേക്കാണ് അയക്കേണ്ടതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അവർ വിധി പകർപ്പിൽ പറഞ്ഞു. പിസ്റ്റോറിയസിന് അനുകൂലമായി പൊതുജനാഭിപ്രായം നിലനിൽക്കുന്നുണ്ടാകാം പക്ഷേ അതു കോടതി തീരുമാനത്തിൽ യാതൊരു പങ്കും വഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.

നേരത്തെ പിസ്റ്റോറിയസിനെതിരെ മനഃപൂർവ്വമ്ലലാത്ത നരഹത്യ കുറ്റം ചുമത്തി 5 വർഷത്തെ ശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒക്ടോബറിൽ പുറത്ത് വിടുകയായിരുന്നു. എന്നാൽ ഇപ്പോൾ ആറ് വർഷം മാത്രം ശിക്ഷയുമാണ് നൽകിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ കൊലക്കുറ്റത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷ 15 വർഷത്തെ തടവാണെന്നിരിക്കെ 6 വർഷം മാതച്രമേ കോടതി പിസ്റ്റോറിയസിന് തടവ് ശിക്ഷ വിധിച്ചുള്ളു. ഇതിനുള്ള കാരണങ്ങളായി കോടതി പറയുന്നത് വീട്ടിൽ കയറിയ മോഷ്ടാവെന്ന് കരുതിയാണ് വെടി ഉതിർത്തതെന്നും പിസ്റ്റോറിയസിന് സംഭവത്തിൽ പശ്ചാത്താപമുണ്ടെന്നും കാമുകിയെ ആണ് വെടിവച്ചതെന്ന് മനസിലാക്കിയപ്പോൾ അവരെ ആശുപത്രിയിലെത്തിക്കുകയും ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു എന്ന വസ്തുതകൾ കൂടി പരിഗണിച്ചാണ്.