- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരിക്കലും രാജിയില്ലെന്ന് ഗോതാബയ; ശ്രീലങ്കയിൽ കനത്ത പ്രതിഷേധത്തിനിടയിലും നിലപാട് വ്യക്തമാക്കി പ്രസിഡന്റ്; പ്രസ്താവനയ്ക്ക് പിന്നാലെ വിപണിയിലെ ഓഹരി മൂല്യവും ഇടിഞ്ഞു; പ്രതിഷേധത്തിനായി ഡോക്ടർമാരും തെരുവിൽ
കൊളംബൊ: ജനരോഷം കത്തിപ്പടരുമ്പോഴും അധികാരമൊഴിയാൻ വിസമ്മതിച്ച് ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. പ്രസിഡന്റ് സ്ഥാനമൊഴിയേണ്ട സാഹചര്യമില്ലെന്നും രാജ്യം നേരിടുന്ന പ്രതിസന്ധി നേരിടുമെന്നും സർക്കാർ ചീഫ് വിപ്പ് മന്ത്രി ജോൺസ്റ്റൻ ഫെർണാണ്ടോ പാർലമെന്റിൽ വ്യക്തമാക്കി. അക്രമസംഭവങ്ങൾക്കു പിന്നിൽ ജനതവിമുക്തി പെരമുനയാണെന്നും (ജെവിപി) മന്ത്രി ആരോപിച്ചു.
സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്ത പാർലമെന്റ് ഭരണപ്രതിപക്ഷങ്ങൾ തമ്മിലുള്ള ശബ്ദായമാനമായ ഏറ്റുമുട്ടലിനു സാക്ഷിയായി. 2 തവണ സ്പീക്കർക്ക് സഭ നിർത്തിവയ്ക്കേണ്ടി വന്നു. ഗോട്ടബയ വീട്ടിൽ പോകണമെന്ന പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. രാജ്യത്തിനു വേണ്ടി പാർലമെന്റ് അംഗങ്ങൾ ശമ്പളം വേണ്ടെന്നു വയ്ക്കണമെന്നും താനിനി പാർലമെന്റ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കില്ലെന്നും എസ്ജെബി നേതാവ് ഹരിൻ ഫെർണാണ്ടോ പറഞ്ഞു.
പ്രതിസന്ധി ചർച്ച ചെയ്യാൻ രാഷ്ട്രീയ പാർട്ടികളുമായി ഭരണനേതൃത്വം ചർച്ചകൾക്കു തുടക്കമിടണമെന്ന് യുഎൻ മനുഷ്യാവകാശസമിതി വക്താവ് ലിസ് ത്രോസിൽ ആവശ്യപ്പെട്ടു. ദേശീയ സർക്കാരെന്ന പ്രസിഡന്റിന്റെ നിർദ്ദേശം പ്രതിപക്ഷം തള്ളുകയും മന്ത്രിമാർ കൂട്ടരാജി സമർപ്പിക്കുകയും ചെയ്തതോടെ ഭരണപ്രതിസന്ധി ഉടലെടുത്തു.
പ്രസിഡന്റിന്റെ രാജിയില്ലെന്ന വാർത്തയ്ക്കു പിന്നാലെ വിപണിയിൽ ശ്രീലങ്കൻ ഓഹരികളുടെ മൂല്യമിടിഞ്ഞു. മന്ത്രിമാരുടെയും നയപരമായ തീരുമാനങ്ങളെടുക്കേണ്ടവരുടെയും രാജി രാജ്യത്ത് നയപരമായ അനിശ്ചതത്വമുണ്ടാക്കുകയും സാമ്പത്തികപ്രതിസന്ധി കൂടുതൽ വഷളാക്കുകയും ചെയ്യുമെന്ന് ക്രെഡിറ്റ് റേറ്റിങ് കമ്പനിയായ മൂഡീസ് പറഞ്ഞു.
അതിനിടെ, അടിയന്തരാവസ്ഥ ചൊവ്വാഴ്ച രാത്രി പിൻവലിച്ചു. ഭരണമുന്നണിയിലെ 42 എംപി.മാരും പുതുതായി നിയമിച്ച ധനമന്ത്രി അലി സബ്രിയും രാജിവെച്ചതിനെത്തുടർന്ന് സർക്കാരിനു ഭൂരിക്ഷം നഷ്ടമായതിനുപിന്നാലെയാണ് പ്രഖ്യാപനം. ചൊവ്വാഴ്ച രാജിക്കത്തു നൽകിയ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ രഞ്ജിത് സിയംബലപിടിയയുടെ രാജി ഗോതാബയ സ്വീകരിച്ചില്ല. ഭരണസഖ്യത്തിൽനിന്നു വിട്ടുപോയ ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ പ്രതിനിധിയാണ് സിയംബലപിടിയ. പാർട്ടിയുടെ അനുമതിയോടെ പദവിയിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ രാജിവെച്ച് അടിയന്തരമായി കാവൽ സർക്കാരുണ്ടാക്കണമെന്ന് ശ്രീലങ്കയിലെ തേരവാദ ബുദ്ധമതക്കാരുടെ പരമോന്നത നേതൃത്വത്തിലുള്ള സന്ന്യാസിമാർ ആവശ്യപ്പെട്ടു.അക്രമാസക്തമായ പ്രതിഷേധങ്ങൾ ഇളക്കിവിടുന്നത് ഇടതു രാഷ്ട്രീയപ്പാർട്ടിയായ ജനതവിമുക്തി പെരുമുനയാണെന്ന് (ജെ.വി.പി.) ജോൺസ്റ്റൺ ഫെർണാണ്ടോ ആരോപിച്ചു. ചൊവ്വാഴ്ച പാർലമെന്റിൽനിന്നു മടങ്ങുംവഴി ജെ.വി.പി. നേതാവ് അരുണ കുമാര ദിസനായകെ പ്രക്ഷോഭകരുമായി സംസാരിക്കുന്നതു കണ്ടുവെന്ന് ഭരണപക്ഷ എംപി.മാർ പാർലമെന്റിൽ ആരോപിച്ചു.
ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനിലെ ഡോക്ടർമാരും പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് സിലോൺ, സിലോൺ ഇലക്ട്രിസിറ്റി ബോർഡ് തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവരും ബുധനാഴ്ചയും സർക്കാർവിരുദ്ധ പ്രകടനങ്ങൾ നടത്തി.
മറുനാടന് മലയാളി ബ്യൂറോ