തിരുവനന്തപുരം : അന്യസംസ്ഥാന ലോട്ടറി ഇടപാടുകൾക്കെതിരെ നേരത്തെ തന്നെ വിവാദത്തിൽപ്പെട്ട സി.പി.എം അധികാരത്തിൽ എത്തിയതിന് പിന്നാലെ വീണ്ടും ഇതര ലോട്ടറികൾ എത്തുന്നത് വിവാദമാകുന്നു. മിസോറാം ലോട്ടറി എത്തുകയും ഇതിന്റെ പരസ്യം പരസ്യം പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ തന്നെ വരികയും ലോട്ടറി വിൽപ്പനയ്ക്ക് കേരളത്തിൽ അരങ്ങൊരുക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്.

കോടികളുടെ അഴിമതി ഇതിനു പിന്നാലെ ഉണ്ടെന്നാണ് ആദ്യഘട്ടത്തിൽ ലഭിക്കുന്ന വിവരം. പാർട്ടിയുടെ അറിവോടെയാണ് അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിൽ വീണ്ടും വിളയാട്ടത്തിന് സാഹചര്യമൊരുക്കിയത് എന്ന് വ്യക്തമാക്കുന്നതാണ് ദേശാഭിമാനിയിൽ തന്നെ വന്ന പരസ്യമെന്ന വാദമാണ് ഉയരുന്നത്. അതേസമയം, ജിഎസ്ടിയുടെ പേരിലാണ് അന്യസംസ്ഥാന ലോട്ടറി എത്താൻ സാഹചര്യം ഉണ്ടായതെന്ന വാദമുയർത്തി പ്രതിരോധിക്കാനാണ് സി.പി.എം ശ്രമം.

അതേസമയം മിസോറാം ലോട്ടറി വിൽപന നിരോധിച്ചതായി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തി. മിസോറാം ലോട്ടറി നിയമവിരുദ്ധമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അഭിപ്രായപ്പെടുമ്പോഴാണ്, സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിൽ ലോട്ടറി സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചത്.

ഓഗസ്റ്റ് ഏഴുമുതൽ നറുക്കെടുപ്പ് തുടങ്ങുമെന്ന് പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ടേമിൽ വന്ന, വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരാണ് മിസോറാം ലോട്ടറിയെ സംസ്ഥാനത്തു നിന്ന് കെട്ടുകെട്ടിച്ചത്. അക്കാലം മുതലേ ലോട്ടറി ഇടപാടുകാരും ഇടതുപക്ഷ നേതാക്കളുമായുള്ള ബാന്ധവം ചർച്ചാവിഷയമായിരുന്നു. ജിഎസ് ടി വന്നതിന്റെ മറവിലാണ് ഇപ്പോൾ അന്യ സംസ്ഥാന ലോട്ടറിക്ക് കേരളത്തിൽ വീണ്ടും ഇടം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ തന്നെ മുഖപത്രത്തിൽ മിസോറാം ലോട്ടറിയുടെ പരസ്യം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്ക് ലോട്ടറി ഇടപാടുകളുണ്ട്. എന്നാൽ തോമസ് ഐസക് വിരുദ്ധ ഗ്രൂപ്പിന്റെ കയ്യിലാണ് ഈ ഇടപാടുകൾ. ഇതോടെ ഈ വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്കും എതിർചേരിയുമായി പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ മിസോറാം ലോട്ടറിയുടെ പരസ്യം പ്രസിദ്ധീകരിച്ചത് സിപിഎമ്മിലും വൻ വിവാദങ്ങൾക്ക് വഴിതുറന്നു കഴിഞ്ഞു. നേരത്തെ ലോട്ടറി സാന്റിയാഗോ മാർട്ടിനും ദേശാഭിമാനിയുമായുള്ള സാമ്പത്തിക ഇടപാട് പാർട്ടിയിൽ ഏറെ ചർച്ചയായിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ലോ്ട്ടറി മാഫിയക്കു വേണ്ടി വാദിക്കുന്നവരും എതിർചേരിക്കാരും എന്ന മട്ടിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.

മുമ്പ് ഏറെ വിവാദം ഉണ്ടായതോടെ സാന്റിയാഗോ മർട്ടിനിൽ നിന്നും വാങ്ങിയ രണ്ടുകോടി രൂപ തിരിച്ചുകൊടുത്താണ് ദേശാഭിമാനി വിവാദത്തിൽ നിന്നും തലയൂരിയത്. വിഷയത്തിൽ ദേശാഭിമാനി ജനറൽ മാനേജറായിരുന്ന ഇ പി ജയരാജന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐഎം വിലയിരുത്തിയിരുന്നു. ഇപ്പോഴും അതേ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

അതേസമയം മിസോറാം ലോട്ടറിക്കെതിരായ നടപടിയിൽ സിപിഐഎം നേതൃത്വത്തിന് ആത്മാർത്ഥതയില്ലെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ ആരോപിച്ചു. ഇതിന് തെളിവാണ് ദേശാഭിമാനിയിൽ വന്ന പരസ്യം. മന്ത്രി തോമസ് ഐസക്കിന് മിസോറാം ലോട്ടറിക്കെതിരെ നടപടിയെടുക്കാൻ താൽപ്പര്യമുണ്ട്.

എന്നാൽ സിപിഐഎമ്മിലെ ഒരു വിഭാഗത്തിന് ഇതിനോട് യോജിപ്പില്ലെന്നതിന്റെ സൂചനയാണ് ദേശാഭിമാനിയിലെ പരസ്യം സൂചിപ്പിക്കുന്നതെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു. ഇതോടെ വിഷയം വലിയ രാഷ്ട്രീയ ചർച്ചയിലേക്കാണ് നീങ്ങുന്നത്.

സംഭവം വിവാദമായതിന് പിന്നാലെ ധനമന്ത്രി തോമസ് ഐസക്കും ലോട്ടറി മാഫിയക്കെതിരെ രംഗത്തെത്തി. അന്യ സംസ്ഥാന ലോട്ടറി വിൽപന നടത്തുന്ന കേരള ലോട്ടറി ഏജന്റമാരുടെ രജിസ്ട്രേഷേൻ റദ്ദാക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. പിടിക്കപ്പെട്ടാൽ കൂടുതൽ കർശന നടപടി ഇവർക്കെതിരെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ലോട്ടറി വിൽക്കുന്നവർക്ക് അന്യസംസ്ഥാന ലോട്ടറി വിൽപ്പന നടത്താൻ നിയമത്തിൽ വ്യവസ്ഥയില്ല.

കേരള ലോട്ടറി കൊടുക്കുന്ന വിൽപന കമ്മീഷൻ അന്യ സംസ്ഥാന ലോട്ടറി നൽകുന്നില്ല. എന്നാൽ കേരള ലോട്ടറിയിൽ നിന്നു ലഭിക്കുന്ന ലാഭം ജനങ്ങളുടെ ആരോഗ്യ ചികിത്സാ പദ്ധതിക്കായാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

മിസോറാം ലോട്ടറി കേരളത്തിൽ വിൽക്കുന്നത് നിയമ വിരുദ്ധമാണ്. സർക്കാരിന്റെ അനുമതി തേടാതെയാണ് മിസോറാം ലോട്ടറി ഇവിടെ വിറ്റഴിക്കുന്നത്. സാന്റിയോഗോ മാർട്ടിൻ, മിസോറാം ലോട്ടറി വിറ്റഴിക്കാൻ നിരവധി ഏജന്റുമാരെ സമീപിച്ചതായാണു വിവരമെന്നും ധനമന്ത്രി പറഞ്ഞു. അത് മിസോറാം ലോട്ടറി അല്ലെന്നും സാന്റിയാഗോയുടെ ലോട്ടറിയാണെന്നും ധനമന്ത്രി അറിയിച്ചു.

അതേ സമയം, ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപനയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. വിൽപ്പനയ്ക്കെത്തുന്ന ലോട്ടറികളുടെ എണ്ണവും സീരിയൽ നമ്പറുകളും നികുതി വകുപ്പിന് കൈമാറണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വിൽക്കാതെ ബാക്കി വരുന്ന ടിക്കറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു. മിസോറാം ലോട്ടറികൾ സംസ്ഥാനത്ത് എത്തിയതിന്റെ പിന്നാലെയാണ് നടപടി.