- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോൺ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫർ ചെയ്യാൻ കഴിയുന്നത് എങ്ങനെ? ടെലിഗ്രാമിലെ വ്യാജൻ ഭീഷണിയോ? ഒരു ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തീയേറ്ററുകളെ വിഴുങ്ങുമോ? ഒടിടിയുടെ സാമ്പത്തിക ശാസ്ത്രവും ചതിക്കുഴികളും!
ദേശീയ അവാർഡ് നേടിയ നടൻ സുരാജ് വെഞ്ഞാറമൂടും നല്ല നടിയെന്നു പേരെടുത്ത നിമിഷ സജയനും മുഖ്യകഥാപാത്രങ്ങളാണ്. എന്നിട്ടും 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്നി ചിത്രത്തെ വൻകിട ഒ.ടി.ടികളും, ടി.വി ചാനലുകളും നിരാകരിച്ചു. ഒടുവിൽ അത് നീസ് സ്ട്രം എന്ന താരതമ്യേനെ ചെറിയ ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. പക്ഷേ പടം വൻ ഹിറ്റായി. ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതോടെ പിന്നീട് ചിത്രം ആമസോൻ പ്രൈം അടക്കമുള്ള പ്രമുഖ ഒ.ടി.ടികളിലും വന്നു. ഏഷ്യാനെറ്റ് ടി.വി ചാനലിലും വന്നു. നോക്കുക, തീയേറ്റിൽ ആണ് റിലീസ് ചെയ്തയെങ്കിൽ ഇന്ത്യൻ കിച്ചൺ രണ്ടാഴ്ച തികക്കുമായിരുന്നോ?
ഇപ്പോൾ കേരളം മുഴുവൻ കൊണ്ടാടുന്നത് ഒരു കൊച്ചു സിനിമയെയാണ്. തിങ്കളാഴ്ച നിശ്ചയം. കഴിഞ്ഞവർഷത്തെ മികച്ച രണ്ടാമത്തെ സിനിമക്കുള്ള സ്റ്റേറ്റ് അവാർഡ് കിട്ടിയ ചിത്രം. സോണി ലിവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോം ആ സിനിമയിൽ അഭിനയിച്ചവരുടെ ജാതകം തിരുത്തിക്കളഞ്ഞു. ഇപ്പോൾ തങ്ങൾക്ക് ഫോൺ എടുക്കാൻ വയ്യാത്ത അവസ്ഥയാണെന്നാണ് ഇതിലെ അഭിനേതാക്കൾ പറയുന്നത്. കേരളത്തിലെ മുഖ്യധാരാ വാർത്താ ചാനലുകളും ചിത്രം ആഘോഷിക്കയാണ്. ഈ കൊച്ചു ചിത്രവും തീയേറ്ററിൽ ആയിരുന്നെങ്കിൽ ഒരാഴ്ച തികയ്ക്കുമായിരുന്നോ എന്ന് ഓർക്കണം. അതായത് ദൃശ്യം 2വും മാലിക്കും, കോൾഡ് കേസും, പോലുള്ള വലിയ ചിത്രങ്ങൾ മാത്രമല്ല കൊച്ചു ചിത്രങ്ങളും ഒ.ടി.ടിയിലൂടെ തംരഗമാവുന്നുണ്ട്.
മലയാള ചലച്ചിത്രലോകത്ത് ഇപ്പോൾ ഓവർ ദി ടോപ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുകളാണ് എവിടെയും ചർച്ച. ആമസോണും. നെറ്റ്ഫ്ളിക്സും, സോണിലിവും, ഡിഡ്നി ഹോട്ട്സ്റ്റാറും, അടക്കം എത്രയെത്ര വമ്പൻ പ്ലാറ്റ്ഫോമുകൾ. നീസ് സ്ട്രീം. ഫസ്റ്റ് ഷോസ്, ഹൈഹോപ് ഫിലിം ഫാക്ടറി, കേവ്സ്, റൂട്സ് വീഡിയോ, തീയേറ്റർ പ്ലേ തുടങ്ങി ഇരുപതോളം പുതിയ ഒ.ടി.ടി വേദികളാണ് പൊടുന്നനെ എന്നതുപോലെ മുളച്ചു വന്നത്. കേരളാ സർക്കാറിനും ഒ.ടി.ടി പ്ലാറ്റ്ഫോം തുടങ്ങാൻ താൽപ്പര്യമുണ്ടെന്ന് സംാസ്ക്കാരിക മന്ത്രി സജി ചെറിയാൻ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
മരയ്ക്കാർ എന്ന മോഹൽലാൽ ചിത്രവുമായി ബന്ധപ്പെട്ടും ഒ.ടി.ടി ഏറെ ചർച്ചയായി. ഇന്ന് കൊച്ചിയിൽ പ്രഭാതനടത്തത്തിനിടയിൽ കാണുന്ന പത്തുപേരിൽ അഞ്ചും ഒ.ടി.ടിയിൽ സിനിമ പിടിക്കയാണെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു തമാശ!
തുടക്കം സൂഫിയിൽ; തരംഗമാക്കി ദൃശ്യം 2
ഈ കോവിഡ് കാലത്തിന് തൊട്ടുമുമ്പ്വരെയും ഒ.ടി.ടി എന്ന വാക്ക് ഭൂരിഭാഗം മലയാളികളും കേട്ടിരിക്കാൻ ഇടയില്ല. തീയേറ്ററിൽ റിലീസ് ചെയ്ത് അധികം വൈകാതെ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലെത്തിയ 'ലൂസിഫർ', 'ഇഷ്ക്' തുടങ്ങിയവയിലൂടെയാണ് സിനിമാപ്രേമികൾ ഒ.ടി.ടി.യെ പരിചയപ്പെട്ടത്. കഴിഞ്ഞ ലോക്ഡൗൺകാലത്ത് 'സൂഫിയും സുജാത'യും ഒ.ടി.ടി.യിൽ റിലീസ് ചെയ്യപ്പെട്ടപ്പോൾ ഈ പ്ലാറ്റ്ഫോം പതിയെ ജനകീയമാകാൻ തുടങ്ങി.
ലോക്ഡൗൺ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ചിത്രീകരിച്ച്, 'സീ യൂ സൂൺ' വേറിട്ട അനുഭവം ആയിരുന്നു. ഒരു കോടിയിൽ താഴെ ചെലവിട്ട് നിർമ്മിച്ച ഈ സിനിമ ആമസോൺ പ്രൈമിൽ വിറ്റത് എട്ട് കോടിയോളം രൂപയ്ക്കാണ്. തിയേറ്റർ റിലീസ് വൈകിയതോടെ 'ദൃശ്യം 2' ആമസോണിലൂടെ ലോകമെമ്പാടുമെത്തിയത് വലിയ വഴിത്തിരിവായി. 'കേരളത്തിൽ വരിക്കാരുടെ എണ്ണം കുതിച്ചുയർന്നതും 'ദൃശ്യം 2'ന്റെ വരവോടെയാണ്. 30 കോടിയിലധികമായിരുന്നു ഈ ചിത്രത്തിന് ആമസോൺ നൽകിയ തുക. അതോടെ കോവിഡ്കാലത്തെ അനിശ്ചിതത്വം പുതിയൊരു അവസരമായി മാറ്റാൻ സിനിമാ പ്രവർത്തകർക്ക് ധൈര്യം കിട്ടി. പൂർണമായും ഒ.ടി.ടി. റിലീസ് ഉദ്ദേശിച്ച് ഉണ്ടാക്കിയ 'ജോജി' എന്ന സിനിമ 15 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത്.
ഫഹദ് ഫാസിലിന്റെ 'മാലിക്'ക്കും പൃഥീരാജിന്റെ കോൾഡ് കേസും വലിയ ജനപ്രീതിപിടിച്ചു പറ്റി. രണ്ടും ആമസോൻ പ്രൈമിലാണ് ഇറങ്ങിയത്. രണ്ടും റേറ്റിങ്ങിലും മുന്നിൽവന്നു. തീയേറ്റിൽ വന്ന പല പടങ്ങളെയും ഒ.ടി.ടി രക്ഷിച്ചിട്ടുണ്ട്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത അന്നാ ബെന്നിന്റെ 'കപ്പേള' നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തു നന്നായി ഓടി. ഇത് തീയേറ്ററിൽ മോശം പ്രകടനം കാഴ്ചവെച്ച പടമായിരുന്നു. സംവിധായകൻ അപ്പു എൻ. ഭട്ടതിരി പറയുന്നു. 'ഏറെ ആഗ്രഹിച്ചു ചെയ്ത 'നിഴൽ' തീയേറ്ററിൽ രണ്ടാഴ്ച ഓടിയെങ്കിലും കോവിഡ് കാരണം ശരിക്കുമുള്ള റിലീസ് നടന്നത് ഒ.ടി.ടിയിലാണ്. നിഴലിന്റെ പ്രേക്ഷകർ ഒ.ടി.ടിയിൽ വന്നശേഷം വർദ്ധിച്ചു. അതിനുശേഷമാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്'.
എങ്ങനെയാണ് ഒ.ടി.ടിയിൽ പണം വരുന്നത്?
ഓരോ ഒ.ടി.ടി പാറ്റ്ഫോമുകളും ഓരോ ഹോം തീയേറ്ററുകളായി മാറുന്ന കാലമാണിത്്. അപ്പോൾ ഉയർന്നുവരുന്ന സ്വാഭവികമായ സംശയമാണ് എങ്ങനെയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ഇത്രയും വലിയ തുക സിനിമകൾക്ക് കൊടുക്കാൻ കഴിയുന്നത് എന്നാണ്. ആമസോൺ പ്രൈമൊക്കെ കാണുമ്പോൾ അറിയാം, അതിൽ ഒട്ടും പരസ്യമില്ല. നിർമ്മാതാവിനെ സംബന്ധിച്ച് കാര്യമായ റിസ്ക്ക് ഇവിടെ ഇല്ല. കാരണം നിർമ്മാണ ചെലവിന്റെ 80 ശതമാനംവരെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ആദ്യം തന്നെ നൽകും. അതിനുശേഷം പ്രോഫിറ്റ് ഷെയർ ചെയ്യുകയാണ്.
്ഇതിന് വി.എഫ്്.ആർ റേറ്റിങ്ങ് എന്ന ഫോർമുലയുണ്ട്. അത് ഈ ചിത്രം കൊണ്ട് എത്ര സബ്സ്ക്രൈബേഴ്സ് കൂടി എന്നതിന്റെ അടിസ്ഥാനത്തിലാണ്. ചിത്രം റിലീസായി ആദ്യത്തെ മൂന്നുമുതൽ ഏഴൂ ദിവസംവരെയുള്ള കണക്കാണ് ഇവിടെ എടുക്കുക. അതോടൊപ്പം നമ്പർ ഓഫ് വ്യൂസും എടുക്കും. 20 മിനുട്ട് മുതൽ 45 മിനുട്ട്വരെ ആളുകൾ കാണ്ടാലെ അത് ഒരു വ്യൂ ആയി പരിഗണിക്കയുള്ളൂ. ഉദാഹരണമായി ആമസോൺ പ്രൈമിന് ഒരു വർഷത്തേക്കുള്ള സബ്സ്ക്രിപ്ഷൻ മണി 999 രൂപയാണ്. പതിനായിരം പേർ സബ്സൈക്രബ് ചെയ്താൽ ആവർക്ക് ഒരുകോടിയായി. ഇത് ഒരു വർഷത്തേക്കാണെന്ന് ഓർക്കണം. അടുത്ത വർഷം തുക പുതുക്കണം. അങ്ങനെ ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിന് പേർ.
ഒ.ടി.ടി ചാനലുകളുടെ മറ്റ് ഒരു വരുമാനം മൊബൈൽ കമ്പനികളിൽ നിന്നാണ്. ഇത്തരം ചിത്രങ്ങൾ കാണാൻ ചെലവാകുന്ന ഓരോ നൂറ് എം.ബിക്കും 15 പൈസ വെച്ച് മൊബൈൽ കമ്പനികൾ ഒ.ടി.ടിക്ക് നൽകണം. ഒരു വലിയ സിനിമകാണാൻ 800 എം.ബിയെങ്കിലും ആവും. ഇങ്ങനെ ലക്ഷക്കണക്കിന് ആളുകൾ കാണുന്നുണ്ടെന്ന് ഓർക്കണം. മാസം 110 കോടി രൂപയാണ് ആമസോൺ പ്രൈമിന് ഈ രീതിയിൽ കിട്ടുന്നത്. നേരത്തെ മൊബൈൽ താരിഫ് കൂടാനുള്ള ഒരുകാരണമായി പറഞ്ഞതും ഈ വിഷയമായിരുന്നു. പ്രൊഡക്്റ്റ് ഇന്റർ ലിങ്ക്സ് ആണ് ആമസോൺ പ്രൈമിന്റെ മറ്റൊരു വരുമാനമാർഗം. അയായത് ആമസോൺ പ്രൈമിന്റെ ലിങ്ക് വഴി ആമസോണിൽനിന്ന് ഏതെങ്കിലും ഉൽപ്പനം വാങ്ങിക്കുന്നെങ്കിൽ. വിൽക്കുന്ന കമ്പനിയിൽ നിന്ന് ഒരു ചെറിയ തുക പ്രൈമിന് കിട്ടും. ലക്ഷക്കണക്കിന് ട്രാൻസാക്ഷനാണ് ഇങ്ങനെ നടക്കുന്നുവെന്നത് ഓർക്കണം.
പൊതുവെ മൂന്ന് രീതിയിലുള്ള ഒ.ടി.ടിയുണ്ട്. എസ്.വി.ഒ.ഡി- സബ്സ്ക്രിപ്ഷണൽ വീഡിയോ ഓൺ ഡിമാന്റ് എന്നതാണ് ആദ്യത്തേത്്. ഇതിന്റെ പ്രധാന വരുമാന മാർഗം വരിസംഖ്യയാണ്. എ.വി.ഒ.ഡി എന്നതാണ് മറ്റൊന്ന്. അയായത് അഡ്വർട്ടെസ്മെന്റ് ബേസ്ഡ് വീഡിയോ ഓൺ ഡിമാൻഡ്. ഇവിടെ പരസ്യം മാത്രം, സബ്സ്ക്രിപ്ഷൻ മണിയില്ല. ടി.ഒ.ഡി എന്ന ചെറിയ ടൈപ്പും ഉണ്ട്. ട്രാൻസാക്ഷണൽ വീഡിയോ ഓൺ ഡിമാൻഡ്. ഇത് ടിക്കറ്റ് എടുക്കുന്നപോലെയാണ്. ഒരു സിനിമ നൂറുരുപയോ മറ്റോകൊടുത്ത നാം കാണുന്നു. സമയം 24മണിക്കൂർ തൊട്ട് രണ്ട് ദിവസംവരെയാവം. ഇവിടെ സബ്സ്ക്രിപ്ഷൻ മണിയില്ല. എന്നാൽ ഇവയിൽ ഒന്നും പെടാതെ സബ്സ്ക്രിപ്ഷെനാപ്പം, പരസ്യവും കാണിക്കുന്ന ഡിഡ്നി ഹോട്ട്സ്റ്റാർ പോലത്തവയും ഉണ്ട്.
മരക്കാറിലൂടെ ലക്ഷ്യമിട്ടത് മില്യൺ വരിക്കാരെ
മോഹൻലാൽ ചിത്രം മരക്കാറിലുടെ ആമസോൺ പ്രൈം ലക്ഷ്യമിട്ടിരുന്നത് ഒരു മില്യൻ അതായത് പത്തുലക്ഷം സബ്സ്ക്രൈബേഴ്സ് അധികമായി വരുമെന്നായിരുന്നു. അയായത് സബ്സ്ക്രിപ്ഷൻ മണി വഴി മാത്രം അവർക്ക് 100 കോടിയോളം രൂപ ലഭിക്കും. ഇതിൽ എൺപതുകോടിയാണ് അവർ ഓഫർ ചെയ്തിരിക്കുന്നത്. മോഹൻലാൽ വലിയ ബ്രാൻഡിലൂടെ ദക്ഷിണേന്ത്യയിൽ കടന്നുകയാറുള്ള നീക്കമായിരുന്നു അത്.
ആമസോൺ അടക്കമുള്ള പ്രമുഖർക്ക് ഇത്തരം കാര്യങ്ങൾക്കായി വിപണി അറിയുന്ന പ്രഗൽഭരുടെ ഒരു ടീം തന്നെയുണ്ട്. ഭൂരിഭാഗംപേരും ഇപ്പോഴും സാറ്റലൈറ്റ് വഴി സിനിമ കാണുന്ന ഇന്ത്യയിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനുള്ള അവസരമായിട്ടാണ് അവർ മരക്കാറിനെ കണ്ടിരുന്നത്. മോഹൻലാൽ ഫാൻസിനെ ഒന്നടങ്കം ഈ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാനും അവർ ലക്ഷ്യമിട്ടിരുന്നു. ഇങ്ങനെ 80 കോടി അവർ ആദ്യം കൊടുത്താൽ ബാക്കിയുള്ള തുക വ്യൂവേഴസിന് അനുസരിച്ച് നൽകും. ഇതിനൊക്കെ കൃത്യമായ കരാറും ഉണ്ടാക്കും.
ചെറിയ സിനിമകൾ എടുത്തും ആമസോൺ വൻ ലാഭം ഉണ്ടാക്കിയിരുന്നു. 'പൊന്മകൾ വന്താൽ' എന്ന ജ്യോതിക പ്രതാപ് പോത്തൻ എന്നിവർ അഭിനയിച്ച സിനിമക്ക് ആമസോൺ പ്രൈം കൊടുത്തത് വെറും 3.5 കോടിയാണ്. മൂന്ന് കോടിക്ക് തീർന്ന പടമായതിനാൽ നിർമ്മാതാവിനും ആശ്വാസമായി. ഈ ചിത്രം പെട്ടെന്ന് ഹിറ്റായി. രണ്ടേമുക്കാൽ ലക്ഷം സബ്സ്ക്രൈബേഴ്സ് ഇതുവഴി പുതുതായികൂടിയത്. അതായത് ഇരുപത്തി എഴര കോടി ആമസോണിന് കിട്ടി. കൊടുത്തത് 3.5 കോടി. എല്ലാം കച്ചവടങ്ങളും ഇങ്ങനെ ആവണമെന്നില്ല.
വലിയ വിലക്ക് എടുത്ത് ഒന്നുമാകാതെ പോയവയും ഉണ്ട്. അതായത് ആമസോൺ അടക്കമുള്ള ഒ.ടി.ടിയുടെ ടീം നന്നായി ഹോം വർക്കും ചെയ്യുന്നുണ്ട്. ദൃശ്യം 2 അവർ വൻതുക കൊടുത്ത് എടുക്കാനുള്ള പ്രധാനകാരണം ദൃശ്യം ഒന്നിന്ന് ചൈനയിൽ അടക്കം കിട്ടിയ വൻ സ്വീകരണമാണ്. അങ്ങനെ ഒരുതാരത്തിന്റെ മൂല്യം നോക്കിയും, വിപണി എവിടെയാക്കെ ഉണ്ടെന്ന് പഠിച്ചും,
ടെലിഗ്രാമിലൂടെയുള്ള പൈറസി അതിജീവിക്കുന്നു
പത്മരാജന്റെ 'ഇന്നലെ'യിലെ അച്ചായനെ ഓർമ്മയില്ലേ. ശോഭനയെ ആഗ്രഹിക്കുകയും ജയറാമിന്റെ കയ്യിൽനിന്നു തല്ലുവാങ്ങുകയും ചെയ്യുന്ന വഷളൻ പണക്കാരൻ. കെ.കെ. സുധാകരൻ എന്നാണ് ആ നടന്റെ പേര്. ഇദ്ദേഹത്തെ 'ഇന്നലെയ്ക്കു'ശേഷം സിനിമകളിലൊന്നും കണ്ടില്ല. ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു ഇക്കാലമത്രയും. അടുത്തിടെ അദ്ദേഹം തന്നെ നിർമ്മിച്ചു മുഖ്യകഥാപാത്രമായി അഭിനയിച്ച 'തിമിരം' എന്ന സിനിമ നീസ് സ്ട്രീം എന്ന ഓവർ ദി ടോപ് (ഒ.ടി.ടി) വേദിയിൽ റിലീസ് ചെയ്തു. സംവിധാനം ശിവറാം മണി.
തിമിരശസ്ത്രക്രിയയ്ക്കു വിധേയനായ വയോധികന്റെ പ്രശ്നങ്ങൾ സുധാകരൻ ഗംഭീരമായി അവതരിപ്പിച്ച സിനിമ. രചനാ നാരായണൻ കുട്ടിയും വിശാഖ് നാരായണനും മറ്റുമാണ് കൂടെ അഭിനയിച്ചത്. ഒ.ടി.ടി വേദി വഴി ഒരു മാസംകൊണ്ട് കണ്ടത് 192 പേർ. എന്നാൽ, സമീപകാലത്തു സജീവമായ ഒരു സമൂഹമാധ്യമം വഴി ഇതിന്റെ വ്യാജപകർപ്പ് ഇതേ കാലയളവിൽ കണ്ടത് നാലര ലക്ഷത്തോളം പേർ! സജിൻ ബാബുവിന്റെ ബിരിയാണി എന്ന ചിത്രത്തിനും ഉണ്ടായ സമാന അനുഭവം. ഇങ്ങനെ വ്യാജൻ കണ്ട പലരും പിന്നെ തനിക്ക് ചിത്രത്തിന്റെ തുകയായ 149 രൂപ അയച്ചുതന്നതും സജിൻബാബു അനുസ്മരിച്ചിട്ടുണ്ട്.
അതായത് ഒ.ടി.ടി.യിലെത്തി പിറ്റേന്നുതന്നെ ടെലിഗ്രാമിൽ എത്തുകയാണ് ഭൂരിഭാഗം ചിത്രങ്ങളും. ഇത് 'പേ പെർ വ്യൂ' ആയി പണം നൽകുന്ന ടി.ഒ.ഡി വിഭാഗം ഒ.ടി.ടിക്ക് ഇത് കടുത്ത ഭീഷണിയാണ്. സിനിമാ നിർമ്മാതാവിനും ഒ.ടി.ടിക്കും ഒരുപോലെ നഷ്ടം. പക്ഷേ വലിയ സിനിമകളുടെ വ്യാജ പതിപ്പുകൾക്ക് വേണ്ടത്ര ക്ലാരിറ്റിയില്ലാത്തത് ഒ.ടി.ടിക്കാർക്ക് തുണയാവും. ഒരിക്കൻ സബ്സ്ക്രൈബ് ചെയ്താൽ പിന്നെ ഒരു വർഷത്തേക്ക് പണം വേണ്ടാത്തതുകൊണ്ട്, വ്യാജന് പിന്നാലെ കാലക്രമത്തിൽ ആളുകൾ ഓടില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
അതിനാണ് മരക്കാർ പോലെത്തെ വലിയ സിനിമകൾ എടുത്ത് സബ്സ്ക്രിപ്ഷൻ സാച്ചുറേഷൻ ഉണ്ടാക്കാൻ ആമസോൺ പ്രൈമുകാർ ശ്രമിക്കുന്നത്. നിങ്ങളുടെ കൈയിൽ സൗജന്യമായി ഉള്ള ഒരു സാധനത്തിന്റെ വ്യാജൻ വേണമൊ എന്ന് ആരെങ്കിലും ചോദിക്കുന്നതിൽ അർഥമുണ്ടോ. ഇങ്ങനെയാണ് ടെലിഗ്രാം വഴിയുള്ള പൈറസിയെ അവർ അതിജീവിക്കുന്നത്.
ചതിക്കുഴികളും വ്യാജന്മാരും ഒട്ടേറെ
ഇനി നിങ്ങളുടെ കൈയിൽ ഒരു പുർത്തിയായ ചിത്രം ഉണ്ടെന്നിരിക്കട്ടെ. അത് ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. ഇതിനായി ഇപ്പോൾ ധാരാളം ഏജന്റുമാർ കേരളത്തിൽ എമ്പാടുമുണ്ട്്. ആദ്യം ചെയ്യേണ്ടത് ഇവരെ ഒഴിവാക്കുകയാണ്. ആമസോണും നെറ്റ്ഫ്ളിക്സും അടക്കമുള്ള ലോകോത്തര ബ്രാൻഡുകൾക്ക് ഏറ്റവും ഇഷ്ടവും നേരിട്ട് ഡീൽ ചെയ്യുന്നതിനായാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത് അവരുടെ വെബ്്സൈററ് വഴി നേരിട്ട് കോണ്ടാക്റ്റ് ചെയ്യുകയാണ്. ഇതോടെ അവർ ലോക്കൽ റെപ്രസന്റിറ്റീവിനെ അറിയിക്കും. പിന്നെ നിങ്ങൾ അവരുമായാണ് സംസാരിക്കേണ്ടത്. ഇതല്ലാതെ ആമസോൺ പ്രൈം ആരെയും ഇടനിലക്കാരായി വെച്ചിട്ടില്ല. അതല്ലെങ്കിൽ സിനിമയുടെ പ്രിവ്യൂ ഷോകളിലും അവരുടെ ഉത്തരവാദിത്വപ്പെട്ട പ്രതിനിധികൾ എത്തും.
ചിത്രം ഒ.ടി.ടിയിൽ എടുക്കുന്നതിന്റെ ആദ്യ കടമ്പ വീഡിയോ ഓഡിയോ ക്വാളിറ്റി ചെക്കിങ്ങാണ്. ഇവിടെ ആമസോണൊന്നും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ഇതിനുള്ള ചെലവും നിർമ്മാതാവ് തന്നെ വഹിക്കണം. എകദേശം മുപ്പതിനായിരം രൂപയാവും ഇതിന്. ഇങ്ങനെ പല ചിത്രങ്ങളും തള്ളിപ്പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ സൗണ്ട്- വിഷ്വൽ ക്വാളിറ്റിയില്ലാത്തവർ ഒ.ടി.ടിക്ക് പോകാതിരിക്കയാണ് നല്ലത്. കാരണം ചെക്കിങ്ങ് ഫീസായ മുപ്പതിനായിരം രൂപകൂടി നഷ്ടമാവും. ഈ കടമ്പ കടന്നാലാണ് ആമസോൺ പ്രതിനിധികൾ ചിത്രം കാണുന്നതും ലീഗൽ എഗ്രിമെന്റിലേക്ക് കടക്കുന്നതും. നിങ്ങളുടെ ചിത്രത്തിന് അഡ്വാൻസായി അവർ ഇത്ര രൂപ തരുമെന്നും, പിന്നെ വ്യൂ പെർ മണി അടിസ്ഥാനത്തിൽ ആണെന്നുമൊക്കെ വിശദമായി കരാറിൽ ഉണ്ടാകും. നമ്മുടെ കരാർ പോലെയല്ല വെസ്റ്റേൺ ഗ്രൂപ്പുകളുടേത്്. അടിമുടി പക്കായായിരിക്കും. ഒന്ന് പിഴച്ചാൽ കാരാർ അസാധുവാകും.
ഇവിടെയും ഇടനിലക്കാർ നന്നായി കളിക്കയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. 99 വർഷത്തേക്കൊക്കെ ഒരു സിനിമയുടെ ഓൺലൈൻ അവകാശം മേടിച്ച സംഭവംപോലും ഉണ്ടായിട്ടുണ്ട്. ഇത്തരക്കാരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീഡിയോക്കും ഓഡിയോക്കും വേറെ റൈറ്റ്സ് ഉണ്ട്. ഒരു ഒ.ടി.ടിയിൽ വീഡിയോ കൊടുത്ത സമയത്തുതന്നെ കരാറിൽ ഓഡിയോ ഒഴിവാക്കിയാൽ അത് വേണ്ടവർക്ക് കൊടുക്കാം. അങ്ങനെ എല്ലാ സാധ്യതകളും പഠിച്ചശേഷമാണ് ഒ.ടി.ടി പ്രതിനിധികളെ സമീപിക്കേണ്ടത്.
ഭാവിയിൽ ഒ.ടി.ടി കമ്പനികൾ നേരിട്ട് പടം പിടിക്കുമോ?
മൂന്നുവർഷം മുമ്പ് മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന പടം തീയേറ്ററുകളിൽ നന്നായി ഓടിക്കൊണ്ടിരിക്കെ ഒരാൾ ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ ചിത്രം അടുത്തമാസം ഡിജിറ്റലായി റിലീസ് ചെയ്യുമെന്ന്. അന്ന് ആരും അത് വിശ്വസിച്ചില്ല. ചിത്രത്തിന്റെ നിർമ്മതാവും ഈ പോസ്റ്റിനെതിരെ പ്രതികരിച്ചു. പക്ഷേ കൃത്യം ഒരു മാസംമായപ്പോൾ ചിത്രം ഓൺലൈൻ റിലീസായി.
തീയേറ്റർ, സാറ്റലൈറ്റ്, ഓവർസീസ്, എന്നിവയായിരുന്നു മുമ്പ് മലയാള സിനിമയുടെ പ്രധാന വരുമാന മാർഗങ്ങൾ. അതിൽ ഇപ്പോൾ ഡിജിറ്റൽ അഥവാ ഓൺലൈൻ എന്ന പുതിയ വരുമാന മാർഗം കൂടി വന്നിരിക്കുന്നു. മുമ്പൊക്കെ തീയേറ്ററിൽ ഇറങ്ങി മാസങ്ങൾ കഴിഞ്ഞായിരുന്നു അത് ചാനലുകളിലൂടെ എത്തുക. പിന്നീട് ആ അകലം കുറഞ്ഞു. ഇപ്പോഴിതാ ഈ അകലം വീണ്ടും കുറയുകമാണ്. ഇനിയുള്ള എത് ചിത്രവും ഒരുമാസത്തെ തീയേറ്റർ റിലീസിന് ശേഷം ഓൺലൈനിൽ എത്തുമെന്ന് ഉറപ്പാണ്. പഴയതുപോലെ നൂറും നൂറ്റമ്പതും ദിവസം തീയേറ്ററിൽ കളിക്കുന്ന ചിത്രങ്ങൾ ഇനി ഉണ്ടാവില്ല.ഫലത്തിൽ തീയേറ്റർ വ്യവസായത്തിന് കനത്ത അടിയാണിത്.
അതുപോലെ ഡി.ടി.എച്ചുകൾക്കും ചാനലുകൾക്കും ഭീഷണിയുണ്ട്്. സബ്ടൈറ്റിൽ ഉള്ളതുകൊണ്ട് ലോകത്തിൽ എവിടെയുണ്ടാക്കിയ കണ്ടന്റും നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമെന്നതാണ്, ഒ.ടി.ടി പാറ്റ്ഫോമുകളുടെ പ്രത്യേകത. ഇപ്പോൾ തന്നെ ഇതുമൂലം നമ്മുടെ യുവാക്കളുടെ അഭിരുചി വലിയ രീതിയിൽ മാറിക്കഴിഞ്ഞിരിക്കുന്നു. സ്പാനിഷ് ഭാഷയിൽ ഇറങ്ങിയ മണി ഹേസ്റ്റും ,ജർമ്മനായ ഡാർക്കുമൊക്കെ നമ്മുടെ നാട്ടിലും ഹിറ്റാവുകയാണ്. നെറ്റ്ഫ്ളിക്സിലെ ഒരു വെബ് സീരീസ് കണ്ടാൽ മതി നമ്മുടെ സീരിയലുകളെ ഒക്കെ എടുത്ത് തോട്ടിൽ കളയാൻ തോന്നും. ഇതോടെ നമ്മുടെ ചാനലുകൾക്കും ആളുകൾ കുറയും.
ഇങ്ങനെ മാറിവരുന്ന അഭിരുചിയുള്ള ഒരു തലമുറകൂടി വളർന്നുവന്നാൽ ഭാവിയിൽ ആമസോൺ പ്രൈമും, നെറ്റ്ഫ്ളിക്സുമൊക്കെ ഭാവിയിൽ നേരിട്ട് സിനിമ നിർമ്മിക്കുന്ന അവസ്ഥയിലേക്ക് മാറുമോ. അങ്ങനെ വന്നാലാവും നമ്മുടെ നിർമ്മതാക്കൾക്ക് ശരിക്കും പണികിട്ടുക. പക്ഷേ അതിനൊക്കെയുള്ള സാധ്യത നിലവിലെ സാഹചര്യത്തിൽ വിരളമാണ് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
തീയേറ്റുകളെ ഒ.ടി.ടി വിഴുങ്ങൂമോ?
ഇങ്ങനെയൊക്കെയാണെങ്കിലും ഒ.ടി.ടിക്കുള്ള ഒരു പ്രധാന കുഴപ്പം അതുവഴി സംസ്ഥാന സർക്കാറിന് പത്തുപൈസ വരുമാനം ഇല്ലെന്നാണ്. നമ്മുടെ നാട്ടിൽ ഇന്ന് 28 ശതമാനമാണ് നികുതി. അതായത് നൂറുരൂപയുടെ ടിക്കറ്റ് എടുത്താൽ 28 രൂപ സർക്കാറിലേക്ക് പോകുന്നു. അതിൽനിന്നാണ് സിനിമാപ്രവർത്തകർക്കുള്ള ക്ഷേമനിധിയിലേക്ക് അടക്കമുള്ള പണം പോകുന്നത്. ഒരു പടം നൂറുകോടി കേരളത്തിൽനിന്ന് കളക്റ്റ്ചെയ്താൽ ഒന്നുമാറിയാതെ 28 കോടി സർക്കാർ ഖജനാവിൽ എത്തും. വെറുതെയാണോ മന്ത്രി സജിചെറിയാൻ മരക്കാർ തീയേറ്റർ റിലീസിന് സംസാരിക്കാൻ മൂൻകൈയുടുത്തത്!
ഒരുപടം തീയേറ്റർ കളക്ഷനിൽ നൂറുകോടി ക്ലബിലെത്തിയാൽ, 72കോടിയാണ് നികുതി കഴിച്ച് ബാക്കിയുണ്ടാവുക. ഇതിൽ പകുതി വീതമാണ് നിർമ്മാതാവും തീയേറ്ററുകാരും പങ്കിടുന്നത്. നൂറുകോടി ക്ലബിൽ കയറിയ ഒരു ചിത്രത്തിന്റെ നിർമ്മാതാവിന് സത്യത്തിൽ 36 കോടി മാത്രമാണ് കിട്ടുക. പക്ഷേ ഒ.ടി.ടിയിൽ ആവുമ്പോൾ താര ചിത്രങ്ങൾക്ക് നിർമ്മാണ ചെലവിന്റെ 80 ശതമാനവും അവർ അഡ്വാൻസ് ചെയ്യുന്നു. പക്ഷേ സർക്കാറിന് ഒന്നും കിട്ടുന്നില്ല. അതായത് തീയേറ്ററുകൾ നിലനിൽക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യം കുടിയാണ്. ഇപ്പോൾ ഹാഫ് ഒക്കിപ്പൻസിയിലും തകർത്ത് ഓടുന്ന ദുൽഖറിന്റെ 'കുറുപ്പ്' കേരളത്തിലെ തീയേറ്ററുകളെ രക്ഷിച്ചിരിക്കയാണ്.
മാത്രമല്ല ചില സർപ്രൈസ് വിജയങ്ങൾ തീയേറ്ററിലേത് പോലെ ഒ.ടി.ടിയിൽ കിട്ടിയെന്നും വരില്ല. താരങ്ങളൊന്നുമില്ലാതെ ഒന്നരക്കോടി മാത്രം ചെലവിട്ട് റിലീസായ 'തണ്ണീർമത്തൻ ദിനങ്ങൾ' കോരിയെടുത്തത് 18 കോടിയോളം രൂപയാണ്. ഈ സിനിമ ഇന്ന് ഒ.ടി.ടി.യിൽ മാത്രമായി റീലീസ് ചെയ്യപ്പെട്ടിരുന്നുവെങ്കിൽ പരമാവധി കിട്ടുക രണ്ടരക്കോടി രൂപയായിരുന്നു.
ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് തീയേറ്ററുകളുടെ നിലനില്പിനെത്തന്നെ അപകടപ്പെടുത്തുമെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ ഇത് തികച്ചും തെറ്റായ ധാരണയാണെന്നും ചൂണ്ടിക്കാണിക്കുന്നവർ ഉണ്ട്. സിനിമാ ജേർണലിസ്റ്റ് തോമസ് മാത്യു ടൈംസ് ഓഫ് ഇന്ത്യയിൽ ഇങ്ങനെ എഴുതി- '' പണ്ട് ടീവി വന്നപ്പോഴും നമുക്ക് ഇതേ പേടി ഉണ്ടായിരുന്നു. ഓർക്കുക, ഒരിക്കലും തീയേറ്ററുകൾക്ക് പകരമല്ല ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ. തീയേറ്ററുകളിൽപ്പോയി മാത്രം ആസ്വദിക്കേണ്ട സിനിമകളുണ്ട്. 'ബാഹുബലി' പോലെ, 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' പോലെ വലിയ ക്യാൻവാസിൽ കാണേണ്ട സിനിമകൾ. അത്തരം സിനിമകൾ മൊബൈൽ സ്ക്രീനിന്റെ ചെറുസ്പേസിൽ കാണാൻ ഒരു ആസ്വാദകനും താൽപര്യപ്പെടില്ല. അല്ലെങ്കിൽത്തന്നെ കുടുംബസമേതം കുറച്ചുസമയം ഒന്നിച്ച് ചെലവഴിക്കാൻ പറ്റുന്ന ഔട്ടിങ് പോയന്റുകളായാണ് ഒരു വലിയ വിഭാഗം ആളുകളും പുതിയ കാലത്ത് സിനിമാ തീയേറ്ററുകളെ കാണുന്നത്. അത്തരം ആളുകൾ എന്തായാലും ഒരിക്കലും തീയേറ്ററുകളെ തങ്ങളുടെ ജീവിതത്തിൽനിന്നും അകറ്റിനിർത്തില്ല.''
കാഴ്ച ചെറുതായെങ്കിലും കാഴ്ചക്കാർ കൂടുന്നു
ഒരു സിനിമ പല പല പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാം എന്ന ഓപ്ഷൻ ഉണ്ടാവുന്നത് നിർമ്മാതാവിനെ സംബന്ധിച്ച് ഏറെ ഗുണകരമാണ്. നേരത്തേ ഒരൊറ്റ ഓപ്ഷനേ ഉണ്ടായിരുന്നുള്ളൂ. തീയേറ്റർ. ഇന്ന് അത് മാറി. ഒരേ സമയം പല ഒ.ടി.ടി.കളിൽ റിലീസ് ചെയ്യാൻ പറ്റുന്ന മൾട്ടി സ്ട്രീമിങ് എന്ന ആശയവും ഇന്ന് സജീവമായിക്കഴിഞ്ഞു. 'ആർക്കറിയാം' പോലെ പല സിനിമകളും ഇങ്ങനെ ഒന്നിലധികം ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്തത്. ഇത് സിനിമയുടെ വ്യുവർഷിപ്പിനെ കൂട്ടുന്ന ഘടകമാണ്. ഒന്നിലധികം തീയേറ്ററുകളിൽ റിലീസ് ചെയ്ത് ലാഭം വർദ്ധിപ്പിക്കുന്ന അതേ ഫോർമുലയാണ് ഇവിടെയും പിന്തുടരുന്നത്.
മാത്രമല്ല നല്ല കാമ്പുള്ള കണ്ടന്റുകൾ ഡിമാന്റ് വരുന്ന കാലമാണ് ഇനി ഉണ്ടാവാൻ പോവുന്നത്. ഇപ്പോൾത്തന്നെ ഒരു കോടിയിൽത്താഴെ ചെലവും, കാമ്പുള്ള കഥയുമുള്ള സിനിമകൾക്ക്, മുഖ്യധാരാ നടീനടന്മാർ ആരുമില്ലെങ്കിലും ഒ.ടി.ടി.യിൽ ലാഭം കൊയ്യാവുന്ന അവസ്ഥയുണ്ട്. ഒന്നോ രണ്ടോ താരങ്ങളുടെ സാന്നിധ്യമുള്ള മൂന്ന് കോടി രൂപയിൽ താഴെ ചെലവുള്ള സിനിമകൾക്കും ഇത്തരത്തിൽ ലാഭത്തിലെത്താം. അതുപോലെ ഓരോ വർഷവും പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണത്തിലും ഇനി വർദ്ധന ഉണ്ടാവും. പണ്ട് തീയേറ്റർ റിലീസിനായി മാത്രം സിനിമകൾ സൃഷ്ടിച്ചാൽ മതിയായിരുന്നു. ഇനി അത് പോരാ... ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്കുവേണ്ടിക്കൂടി സിനിമകൾ ഉണ്ടാവേണ്ട അവസ്ഥയാണ്. ഇതെല്ലാം സിനിമാ മേഖലയെയും, സിനിമാ പ്രവർത്തകരെയും ഒരേപോലെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്.
അതെ, സിനിമ വളരുകയാണ്. ബിഗ് സ്ക്രീനിൽനിന്ന് മിനി സ്ക്രീനിലേക്കും അവിടന്ന് മൊബൈൽ സ്ക്രീനിലേക്കും സിനിമ ഇറങ്ങിവന്നപ്പോൾ കാഴ്ച ചെറുതായെങ്കിലും കാഴ്ചക്കാർ കൂടുകയാണ് ചെയ്തത്. അതായത് സിനിമ മൊബൈലിലേക്ക് ചെറുതാവുകയല്ല... വലുതാവുകയാണ്. സിനിമയുമായുള്ള അകലം ആസ്വാദകന് കുറഞ്ഞുകഴിഞ്ഞു. ഏറ്റവും പുതിയ സിനിമ ഒരു കൈയകലത്തിൽ ആസ്വാദകൻ കിട്ടുമ്പോൾ അത് സിനിമയുടെ വളർച്ചയുടെ വേഗം കൂട്ടും. പത്തുകൊല്ലം കഴിഞ്ഞ് നടക്കുമായിരുന്ന ഈ വിപ്ലവം ഒരു വർഷം കൊണ്ട് സാധ്യമാക്കി എന്നിടത്താണ് കൊറോണയുടെ പ്രസക്തി. അതായത് ഒ.ടി.ടിയുടെ ചതിക്കുഴികൾ തിരിച്ചറിഞ്ഞ്്, സാധ്യതകൾ പരമാവധി മുതലെടുക്കാൻ മലയാള സിനിമക്കും കഴിയണം.
റഫറൻസ്- ഹൗ ഒ.ടി.ടി വർക്ക്സ്- സദാനന്ദ സത്യമൂർത്തി- ലേഖനം- ടൈംസ് ഓഫ് ഇന്ത്യ. പ്രവീൺ രവി- പി.ആർ ടോക്ക്സ് ചാനൽ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ