ആറ്റിങ്ങൽ: പോത്തൻകോട്ട് കല്ലൂരിൽ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒട്ടകം രാജേഷ് കുറ്റ സമ്മതം നടത്തി. കൊല നടത്തിയ ശേഷം രാജേഷ് മുങ്ങിയത് തമിഴ്‌നാട്ടിലേക്ക്. ഒപ്പം സുധീഷ് ഉണ്ണിയും ശ്യാംകുമാറുമുണ്ടായിരുന്നു. മൂവരുംചേർന്ന് തമിഴ്‌നാട്ടിൽ ചുറ്റിക്കറങ്ങിയശേഷം കേരളത്തിലെത്തി കോടതിയിൽ കീഴടങ്ങാനായിരുന്നു പദ്ധതി. ഇതിനായി മൂന്നുപേരും 15-ന് പിരപ്പൻകോട്ടെത്തി. തുടർന്ന് ഒട്ടകം രാജേഷ് പണം സംഘടിപ്പിക്കാനായി ഒരാളെ കാണാൻപോയി.

പ്രതികൾ പിരപ്പൻകോടിനു സമീപം രഹസ്യകേന്ദ്രത്തിലുള്ളതായി സൂചന ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘം അന്ന് വൈകീട്ട് തന്നെ ഒളിയിടം വളഞ്ഞ് സുധീഷ് ഉണ്ണിയെയും ശ്യാംകുമാറിനെയും പിടികൂടി. കൂട്ടാളികൾ പൊലീസ് പിടിയിലായതറിഞ്ഞ് ഒട്ടകം രാജേഷ് വീണ്ടും തമിഴ്‌നാട്ടിലേക്കു കടന്നു. തുടർന്ന് കർണാടകത്തിലേക്കു പോയി. അവിടെനിന്ന് ശനിയാഴ്ച പളനിയിലെത്തി. കേരളത്തിലേക്കു കടന്ന് ആറ്റിങ്ങൽ, വഞ്ചിയൂർ, നെടുമങ്ങാട് കോടതികളിലെവിടെയെങ്കിലും കീഴടങ്ങാനായിരുന്നു ഇയാളുടെ പദ്ധതി. ഇതാണ് പൊലീസ് പൊളിച്ചതും കൊല്ലത്ത് വച്ച് അറസ്റ്റ് ചെയ്തതും.

ആത്മ സുഹൃത്തായിരുന്ന ശാസ്തവട്ടം തോപ്പിൽ വിനീഷിന്റെ കുഴിമാടത്തിനടുത്തിരുന്നാണ് തന്റെ എല്ലാ പദ്ധതികളും ആസൂത്രണം ചെയ്യുന്നതെന്ന് ഒട്ടകം പൊലീസിനോട് സമ്മതിച്ചു. 2014ൽ വിനീഷ് ജീവനൊക്കുകയായിരുന്നു. സുധീഷ് ഉണ്ണിയും രാജേഷിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. അതുകൊണ്ടാണ് സുധീഷ് ഉണ്ണിയെ കൊല്ലാൻ ആറു ലക്ഷം വാങ്ങി ക്വട്ടേഷൻ എടുത്ത സുധീഷിനെ കൊല്ലാൻ തീരുമാനിക്കുന്നത്. അതിനുള്ള പദ്ധതി തയാറാക്കിയതും കുഴിമടത്തിനരികിൽ വച്ചാണ്.

ലഹരി മരുന്നുകളുടെ കച്ചവടത്തിനും ക്വട്ടേഷനുകൾക്കും സഹായികളായ മറ്റ് അംഗങ്ങളെയും ഇവിടേക്ക് വിളിച്ചു വരുത്തി ഗൂഢാലോചന നടത്തുകയായിരുന്നു. ഒട്ടകം രാജേഷിനെ ആയുധങ്ങൾ ഒളിപ്പിച്ചിരുന്ന ചിറയിൻകീഴ് ശാസ്തവട്ടത്തെ കുറ്റിക്കാട്ടിലും സുധീഷിന്റെ കാൽപാദം വലിച്ചെറിഞ്ഞ കല്ലൂർ പാണംവിളയിലും എത്തിച്ച് തെളിവെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ഒരു ബൈക്കും നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഒരു ആഡംബര ബൈക്കു കൂടി കണ്ടെത്താനുണ്ട്. ഇത് ഒരു സുഹൃത്തിനു കൈമാറിയിയെന്ന് രാജേഷ് പൊലീസിനോടു പറഞ്ഞു. ഇതു കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അച്ഛനെയും അമ്മയെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചതാണു വധത്തിനു കാരണം. സുധീഷിന്റെ അടുത്ത സുഹൃത്താണ് ഒട്ടകം രാജേഷ്. ഒന്നും മൂന്നും പ്രതികളെ ചാത്തൻപാടു തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ഒട്ടകം രാജേഷ് സ്ഥലത്തുണ്ടായിരുന്നെന്നു ചോദ്യം ചെയ്യലിനിടെ അവർ പറഞ്ഞിരുന്നു. അവരോടു കീഴടങ്ങാൻ പറഞ്ഞശേഷമാണു രാജേഷ് മുങ്ങിയത്.

28 കേസുകളിലെ പ്രതിയാണ് ഒട്ടകം രാജേഷ്. 2004ൽ നടന്ന കൊലക്കേസിൽ നാലാം പ്രതിയാണ്. മംഗലപുരം സ്റ്റേഷൻ പരിധിയിൽ 2014ൽ ഒരാളെ കുത്തിക്കൊന്ന കേസിലും ആ വർഷം തന്നെ ഒരാളുടെ കൈ വെട്ടിയ കേസിലും പ്രതിയാണ്. 2018,19 വർഷങ്ങളിൽ കാപ്പ ചുമത്തി ജയിലിലടച്ചു. ജയിൽ മോചിതനായ ശേഷം ക്വട്ടേഷൻ, ലഹരി മരുന്നു വ്യാപാരത്തിൽ സജീവമായിരുന്നു. മണ്ണ്, റിയൽ എസ്റ്റേറ്റ് മാഫിയയുടെ വലം കൈ.