- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥയില്ലായ്മയുടെ കാലത്ത് കഥയും കാമ്പുമുള്ള ചിത്രം; ഒറ്റമന്ദാരം കവിത പോലെ സുന്ദരമായ ഒരു ജീവിതകഥ
കഥയില്ലായ്മകളുടെ കാലത്ത് ഒരു കഥയും കാമ്പുമുള്ള നല്ല ചിത്രം. അതാണ് ഒറ്റമന്ദാരം. ഈ മന്ദാരപുഷ്പത്തിൽ നിറയെയുണ്ട് ജീവിതം. ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കിയ ഒറ്റമന്ദാരം തരുന്നത് വല്ലാത്തൊരു ചലച്ചിത്രാനുഭവമാണ്. ഒറ്റമന്ദാരം പൂവിട്ടുനിൽക്കുന്നതു കാണുമ്പോൾ ജീവിതത്തിന്റെ വിങ്ങലുകളും വീർപ്പുമുട്ടലുകളും പ്രതീക്ഷകളും സുഗന്ധവുമ
കഥയില്ലായ്മകളുടെ കാലത്ത് ഒരു കഥയും കാമ്പുമുള്ള നല്ല ചിത്രം. അതാണ് ഒറ്റമന്ദാരം. ഈ മന്ദാരപുഷ്പത്തിൽ നിറയെയുണ്ട് ജീവിതം. ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കിയ ഒറ്റമന്ദാരം തരുന്നത് വല്ലാത്തൊരു ചലച്ചിത്രാനുഭവമാണ്.
ഒറ്റമന്ദാരം പൂവിട്ടുനിൽക്കുന്നതു കാണുമ്പോൾ ജീവിതത്തിന്റെ വിങ്ങലുകളും വീർപ്പുമുട്ടലുകളും പ്രതീക്ഷകളും സുഗന്ധവുമെല്ലാം അനുഭവിക്കാനാകുന്നുണ്ട്.
പത്താംക്ലാസ് പരീക്ഷയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. പരീക്ഷ എഴുതാനിരിക്കുന്ന കല എന്ന പതിനഞ്ചുകാരിയെ (ഭാമ) പുറത്തുനിന്നു കേൾക്കുന്ന കുട്ടിയുടെ കരച്ചിൽ വേട്ടയാടുന്നു. അത് അവളുടെ കുട്ടിയുടെ കരച്ചിൽ തന്നെയാണ്. അസ്വസ്ഥനായി കരയുന്ന കുട്ടിയെ ചേച്ചി എടുത്തുകൊണ്ട് ഓടിയിരിക്കുകയാണ്. അവനു പാലു കൊടുക്കണം. ആ കാഴ്ച കണ്ടു നടുങ്ങിപ്പോകുന്ന എക്‌സാമിനറായ വേണുമാഷ് (നെടുമുടി വേണു). എഴുത്തുകാരൻ കൂടിയായ വേണുമാഷിന്റെ കാഴ്ചപ്പാടിലൂടെയാണ് ഒറ്റമന്ദാരം ഇതൾ വിടരുന്നത്. വേണു മാഷ് പറയുമ്പോലെ വിടരും മുമ്പേ തണ്ടൊടിഞ്ഞ ഒരു പൂവ്. [BLURB#3-H] കേരള തമിഴ്‌നാട് അതിർത്തിയിലെ ചെഞ്ചായം എന്ന നാട്ടുപ്രദേശത്താണ് കഥ നടക്കുന്നത്. പനങ്കാടും കടലോരവുമുള്ള മനോഹരമായ നാട്. ചുമട്ടുതൊഴിലാളിയായ ഭരതനും ഭാര്യ നീലയും കലയും മുത്തശ്ശനും മുത്തശ്ശിയും അടങ്ങുന്ന കുടുംബം. ഭരതനും നീലയ്ക്കും മകളെപ്പോലെ തന്നെയാണ് കല. പഠിക്കാൻ മിടുക്കിയായ കലയുടെ ഭാവിയിൽ ഏറെ പ്രതീക്ഷയും വച്ചുപുലർത്തുന്നുണ്ട് ഇവർ. കലയുടെ കുറുമ്പുകളും കുസൃതികളുമാണ് മക്കളില്ലാത്ത ഭരതന്റേയും നീലയുടേയും ജീവിതത്തിന്റെ സന്തോഷം. പക്ഷേ കുട്ടികളുണ്ടാകാത്തതിന് കുഴപ്പം നീലക്കാണെന്ന് തിരിച്ചറിയുന്നതോടെ ആ കുടുംബത്തിന്റെ തണ്ട് ബലഹീനമാകുന്നു.
ഭരതൻ മദ്യത്തിന് അടിമയാകുന്നു. പ്രസവിക്കാനാവാത്തവളെ വേണ്ടെന്നും വീണ്ടും കെട്ടുമെന്നും ഭരതൻ ആക്രോശിച്ചപ്പോഴാണ് നീല ആ തീരുമാനമെടുക്കുന്നത്. കലയെ ഭരതൻ കെട്ടുക. അതിന് അവൾക്കു അവളുടെ ന്യായീകരണവുമുണ്ടായിരുന്നു.
കലയെ ഒരുക്കി ഭർത്താവിന്റെ മുറിയിലേക്ക് പറഞ്ഞുവിടുന്നത് നീല തന്നെയാണ്. ആ കുടുംബത്തിൽ സന്തോഷം (?) തിരിച്ചെത്തുന്നത് പിന്നീട് കല ഗർഭിണിയാകുമ്പോഴാണ്. പക്ഷേ അതിന് അൽപ്പായുസ് മാത്രമായിരുന്നു. പിന്നീടുള്ള സംഭവങ്ങൾ കഥയുടെ പിരിമുറുക്കം കൂട്ടുന്നു.
കലയായി ഭാമ അസാധാരണമായ അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. അസാധാരണ സിദ്ധിയുള്ള അഭിനേത്രിയാണ് താനെന്നു ഭാമ തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഭാമയിലെ നടിയെ ഇതുവരെ ആരും വേണ്ടുംവണ്ണം ഉപയോഗപ്പെടുത്തിയിരുന്നില്ല എന്ന സത്യം ഈ സിനിമ കാണുമ്പോൾ നാം തിരിച്ചറിയുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ഒരുപക്ഷേ, ഭാമ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ടാൽ പോലും അതിശയിക്കാനില്ല. ഭാമ എന്ന നടിയുടെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ് ഒറ്റമന്ദാരത്തിലെ കല.
കലയുടെ ചേച്ചിയായി എത്തുന്ന സജിതാ മഠത്തിലിനും അവരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചൊരു കഥാപാത്രമായിരിക്കും ഒറ്റമന്ദാരത്തിലെ നീല. ഭർത്താവിനെ സ്വന്തം അനുജത്തിക്കായി വിട്ടുകൊടുത്തിട്ട് സ്വയം ഒതുങ്ങുന്ന കഥാപാത്രമാണ് സജിതാ മഠത്തിൽ അവതരിപ്പിക്കുന്ന നീല. ഷട്ടറിൽ തെരുവുവേശ്യയായി അഭിനയിച്ചു ശ്രദ്ധ നേടിയ സജിത, ഒറ്റമന്ദാരത്തിൽ എത്തുമ്പോൾ ഭാവാഭിനയത്തിന്റെ മറ്റൊരു തലത്തിലേക്കാണ് കടക്കുന്നത്. നാടകീയത ഒട്ടുമില്ലാതെ സജിത കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മകളെപ്പോലെ കരുതി ലാളിച്ചിരുന്ന കുട്ടിയെ കിടപ്പറയിൽ പ്രാപിക്കേണ്ടിവരുന്നിതിന്റെ നിസഹായതയും വിങ്ങലുമായി ജീവിക്കുന്ന കഥാപാത്രമാണ് നന്ദു അവതരിപ്പിക്കുന്ന ഭരതൻ. സ്പിരിറ്റിൽ കണ്ട നന്ദുവിൽ നിന്ന് ഏറെ മാറിയിരിക്കുന്നു ഒറ്റമന്ദാരത്തിലെ ഭരതൻ. അതായത് ലളിതമായി ഹാസ്യവും കരുണവും വീരവുമെല്ലാം നന്ദുവിന്റെ മുഖത്ത് തെളിയുന്നുണ്ട്.
കോമഡി ട്രാക്കിൽ പെട്ടുകിടക്കുന്ന കൊച്ചുപ്രേമൻ ഒറ്റമന്ദാരത്തിലെ ഏറ്റവും വലിയ വിസ്മയമാണ്. ഭരതന്റെ സുഹൃത്തായ, എപ്പോഴും മദ്യലഹരിയിലുള്ള കഥാപാത്രമായാണ് കൊച്ചുപ്രേമൻ വേഷമിടുന്നത്. പതിവു സിനിമാക്കാഴ്ചകളിലെ മദ്യപാനികളിൽ നിന്ന് മാറിനിൽക്കുന്നു കൊച്ചുപ്രേമന്റെ കഥാപാത്രം. ഇതേസമയം, തന്നെ മദ്യലഹരിയിലെ കൊച്ചുപ്രേമന്റെ ചില പ്രവൃത്തികൾ ചിരിയുണർത്തുകയും ചെയ്യുന്നു.
[BLURB#1-VL] കഥയുടെ ഉള്ളറിഞ്ഞു തന്നെയാണ് സംവിധായകൻ വിനോദ് മങ്കര ചിത്രത്തെ സമീപിച്ചിട്ടുള്ളത്. നല്ല കൈയൊതുക്കം പ്രകടിപ്പിക്കുന്നുണ്ട് സംവിധായകൻ. നല്ല കുടുംബ ചിത്രങ്ങൾ തന്റെ കൈയിൽ സുരക്ഷിതമാണെന്ന് വിനോദ് തെളിയിക്കുന്നുണ്ട് ഈ ചിത്രത്തിലൂടെ. പഴയ പത്മരാജൻ, ഭരതൻ കാലത്തിന്റെ തിരിച്ചുവരവിനെ ഓർമിപ്പിക്കുന്നുണ്ട് മൊത്തത്തിൽ വിനോദ് മങ്കരയുടെ സിനിമ.
സംഭവകഥ സിനിയമാക്കുക എളുപ്പമുള്ള ജോലിയല്ല. സംഭവത്തെ അപ്പടി പകർത്തിയാൽ സിനിയമുടെ ഗുണങ്ങൾ നഷ്ടപ്പെടും. സിനിയമ്ക്കു വേണ്ടുന്ന ജീവിത മുഹൂർത്തങ്ങൾ കൂടി വരുമ്പോഴാണ് അതു തിരക്കഥയാകുന്നതും സിനിയമ്ക്കു ജീവൻ വയ്ക്കുന്നതും. മാദ്ധ്യമപ്രവർത്തകനായ അജയ് മുത്താനയുടെ തിരക്കഥയിൽ നാടകീയതയുടെ കടുംപിടിത്തങ്ങളില്ലാതെ, പച്ചയായ മനുഷ്യരുടെ കഥ തന്നെ കാണാനാവുന്നുണ്ട്. നല്ലൊരു തിരക്കഥാകൃത്ത് തന്നിലുണ്ടെന്ന് അജയ് ആദ്യ ചിത്രത്തിൽ തന്നെ തെളിയിക്കുന്നു.
തിരുനൽവേലിയാണ് പ്രധാന ലൊക്കേഷൻ. പാലക്കാടിന്റെ പഴയകാല ദൃശ്യസുഖം തരുന്നുണ്ട് ലൊക്കേഷൻ. പനങ്കാടും നാട്ടിടവഴിയുമെല്ലാം നഷ്ടസ്മൃതികൾ ഉണർത്താൻ പോന്നതാണ്.
പാട്ടുകൾക്കു വേണ്ടി പാട്ടുകൾ ഉണ്ടാക്കിയിരിക്കുകയല്ല ഈ ചിത്രത്തിൽ. ഉൾപ്പെടുത്തുന്ന പതിവു കച്ചവട സിനിമാസങ്കൽപ്പമല്ല. തിരക്കഥയോട് ഇഴുകിച്ചേർന്നു നിൽക്കുംവിധമുള്ള സംഗീതപരിചരണമാണ് നൽകിയിരിക്കുന്നത്. മാമ്പൂ പൊഴിക്കുന്ന കാറ്റേ.... , ഒന്നാം കൊമ്പത്തെ... പൂമരക്കൊമ്പത്തെ... എന്നീ രണ്ടു ഗാനങ്ങളും മെലഡി ഇഷ്ടപ്പെടുന്ന മലയാളികളെ കൊതിപ്പിക്കുന്ന ഗാനങ്ങൾ തന്നെയാണ്. സംവിധായകന്റേയും ചങ്ങമ്പുഴയുടേയും വരികൾക്ക് രമേശ് നാരായണനാണ് ഈണം പകർന്നിരിക്കുന്നത്. സുജാതാ മോഹൻ, ശ്വേതാ മോഹൻ, വിജയ് യേശുദാസ്, മധുശ്രീ നാരായണൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. രണ്ടു ഗാനങ്ങളും കാവ്യാലാപവും ഒന്നിനൊന്നു മെച്ചം. വിനോദ് മങ്കര തന്നെയാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. രമേശ് നാരായണിന്റെ സംഗീതവും അതിഗംഭീരം. സമീപകാലത്ത് മലയാളത്തിനു കിട്ടിയ മികച്ച ഗാനങ്ങളാണ് ഈ ചിത്രത്തിലേത്. [BLURB#2-VR]
ഘടനാപരമായുള്ള പരീക്ഷണങ്ങളിലേക്ക് മുഖം ചേർക്കുന്ന ചിത്രമല്ല ഒറ്റമന്ദാരം. പ്രമേയം തന്നെയാണ് ഒറ്റമന്ദാരത്തിന്റെ നട്ടെല്ല്. കഥയുടെ ഉറപ്പിലും നവീനമായ കഥാപരിസരം നൽകുന്ന ഉണർവിലുമാണ് ഒറ്റമന്ദാരം ഇതൾ വിരിയിരുന്നത്. ആഖ്യാനപരീക്ഷണങ്ങൾക്കു മുതിരുന്നില്ലെന്നും പ്രമേയമാണ് കരുത്തെന്നും പറയുമ്പോൾ വിഷയസ്വഭാവം നൽകുന്ന സൂചനകൾ വച്ച്, കണ്ണീർ വിറ്റ് വിപണി പിടിക്കുന്ന പതിവുകാഴ്ചയായിരിക്കും ഒറ്റമന്ദാരമെന്ന് ഒട്ടും തെറ്റിദ്ധരിക്കുകയുമരുത്. പൊട്ടിക്കരിച്ചലിനുള്ള സാധ്യതകളല്ല ഒറ്റമന്ദാരം വച്ചുനീട്ടുന്നത്. അത് ഒരു വിങ്ങലാണ് നല്കുന്നത്.
പക്ഷേ വാടിക്കൊഴിയാനുള്ളതല്ല ജീവിതമെന്നു തന്നെയാണ് ഒറ്റമന്ദാരം പറഞ്ഞുവയ്ക്കുന്നതും പ്രേക്ഷകനു സ്വന്തം നിലയിൽ ചിന്തിക്കാനുള്ള തുടർച്ച നൽകുന്നതും. ചിത്രം അവസാനിക്കുമ്പോൾ കല ജീവിതം തുടങ്ങുക തന്നെയാണ് ചെയ്യുന്നത്. ജീവിതത്തെ പോസിറ്റീവായി തന്നെ സമീപിക്കുന്നിടത്താണ് ഈ ചിത്രം കൂടുതൽ മനോഹരമാവുന്നത്.
സിനിയമുടെ പിന്നണി പ്രവർത്തകർക്ക് ചെലവാക്കാൻ കൈനിറയെ പണം ഇല്ലാത്തതിനാൽ സിനിയമുടെ വിജയത്തെക്കുറിച്ച് പലരും ആശങ്കപ്പെടുന്നുണ്ട്. ഇന്നലെ സിനിമ റിലീസ് ചെയ്ത ദിവസം പോലും പത്രങ്ങളിൽ പരസ്യം ഉണ്ടായിരുന്നില്ല. സിനിയമെ സ്‌നേഹിക്കുന്നവരുടെ ഈ കൂട്ടായ്മയിൽ പിറന്ന ഈ നല്ല കഥ വിജയിപ്പിക്കേണ്ടത് സിനിമാ പ്രേക്ഷകരുടെ ചുമതലയാണ്. സംസ്ഥാനത്തെ 26 തിയേറ്ററുകളിൽ ഓടുന്ന ഒറ്റമന്ദാരം കാണാൻ മറക്കാതെ പോകുക.